ഒടിയന്‍റെ ട്രെയിലര്‍ റിലീസ് തീയതി പുറത്തുവിട്ടു
ചിത്രത്തിന്‍റെ റീലിസ് മുമ്പ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
കൊച്ചി: നീണ്ട നാളുകളായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍റെ ട്രെയിലര്‍ എത്തുന്നു. കായംകുളം കൊച്ചുണ്ണിയുടെ കൂടെയാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിടുന്നത്.
ട്രെയിലര്‍ റിലീസുമായി ബന്ധപ്പെട്ട വിവരം സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് പുറത്തുവിട്ടത്. ‘അതേ, ‘ഒടിയന്‍’ ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം ഒക്ടോബര്‍ 11ന്. സ്‌ക്രീനില്‍ കാണുന്നതിനു ഏതാനും മിനുറ്റുകള്‍ക്ക് മുന്‍പ് ലാലേട്ടന്‍റെ പേജിലും ട്രെയിലര്‍ എത്തും’ എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
ചിത്രത്തിന്‍റെ റീലിസ് മുമ്പ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ റിലീസ് ഡിസംബറിലേക്ക് മാറ്റി വെച്ചതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.
പ്രകാശ് രാജ്, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ഒടിയനില്‍ മലയാളികളുടെ പ്രിയ താരം മഞ്ജുവാര്യര്‍ എത്തുന്നത് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്. കഥാപാത്രത്തിന്‍റെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളെയാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്.