Padavettu Detail Review: ഇതെന്‍റെ മണ്ണാണ് ഞാനിവിടെ കിളയ്ക്കും കിടക്കും വേണ്ടി വന്നാൽ അതെടുത്ത് ഉടുക്കും.. പടവെട്ട് എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സിൽ നിവിൻ പോളിയുടെ കഥാപാത്രം ഷമ്മി തിലകന്‍റെ കഥാപാത്രത്തോട് പറയുന്ന ഒരു ഡയലോഗാണ് ഇത്. ഈ സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം ഏറ്റവും വ്യക്തമായും ലളിതമായും പറഞ്ഞ് വയ്ക്കുന്ന ഒരു സംഭാഷണമാണ് അത്. കൃഷി ചെയ്യുന്ന മണ്ണിന് മേലുള്ള കർഷകന്‍റെ അവകാശം, കേരളം ഉണ്ടായ കാലം മുതലേ നമ്മൾ ചർച്ച ചെയ്യുന്ന വിഷയമാണ്. ആ വിഷയത്തെ ആധുനിക കാലത്തെ സാഹചര്യങ്ങൾക്ക് യോജിച്ച രീതിയിൽ വളരെ മികച്ച രീതിയിൽ ചർച്ച ചെയ്യുന്ന ചിത്രമാണ് പടവെട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിവിൻ പോളി, അഥിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ തുടങ്ങി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഒരു ചിത്രമാണിത്. ലിജു കൃഷ്ണനാണ് ചിത്രത്തിന്‍റെ സംവിധാനവും രചനയും നിർവഹിച്ചിട്ടുള്ളത്. സണ്ണി വെയ്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഒക്ടോബർ 21 ന് മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിനൊപ്പം ക്ലാഷ് റിലീസായി പുറത്തിറങ്ങിയ ചിത്രമാണ് പടവെട്ട്. മോഹൻലാലിന്‍റെ ഒരു കൊമേർഷ്യല്‍ ചിത്രത്തിനൊപ്പം പുറത്തിറങ്ങിയതുകൊണ്ടും നിവിൻ പോളിയുടെ സ്ഥിരം എന്‍റർടൈൻമെന്‍റ് ചേരുവകൾ ഇല്ലാത്ത ചിത്രമായതിനാലും ആദ്യ ദിനം പടവെട്ട് പ്രേക്ഷകരിലേക്ക് വേണ്ട രീതിയില്‍ എത്തിയിട്ടില്ല. എങ്കിലും ഇനി വരും ദിവസങ്ങളില്‍ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ നല്ല രീതിയിൽ ചർച്ചാ വിഷയമാകാൻ സാധ്യതയുണ്ട്. 


പടവെട്ടിൽ ആദ്യം എടുത്ത് പറയേണ്ടത് ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. നായക കഥാപാത്രമായ നിവിൻ പോളി മുതൽ ജൂനിയർ ആർട്ടിസ്റ്റായി സ്ക്രീനിലെത്തിയ ഒരു കർഷകനാണെങ്കിൽ പോലും എല്ലാരും അവരുവരുടെ വേഷം മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ജാഫർ ഇടുക്കി, സണ്ണി വെയ്ൻ എന്നിവർ പടവെട്ടിൽ വളരെ കുറച്ച് സമയം മാത്രമാണ് സ്ക്രീനിൽ എത്തുന്നതെങ്കിൽ പോലും അവരുടെ വേഷങ്ങൾ ആയാലും ചിത്രത്തിൽ അതിന്‍റേതായ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. അടുത്തതായി എടുത്ത് പറയേണ്ടത് ചിത്രത്തിൽ നിവിൻ പോളിയുടെ അമ്മ വേഷം അവതരിപ്പിച്ച രമ്യാ സുരേഷ് ആണ്. അവരുടെ ചില സമയത്തെ നോട്ടത്തിലും മൂളലുകളിലും എല്ലാം വല്ലാത്തൊരു രസവും സ്വാഭാവികതയും ഉണ്ടായിരുന്നു. ചിത്രത്തിൽ ഉടനീളം നിവിൻപോളിക്ക് സ്കോർ ചെയ്യാൻ ഒരുപാട് രംഗങ്ങൾ ഉണ്ടായിരുന്നു എങ്കിലും ക്ലൈമാക്സില്‍ രമ്യാ കൃഷ്ണന്‍റെ പുഷ്പ എന്ന കഥാപാത്രം ഷമ്മി തിലകന്‍റെ കഥാപാത്രത്തോട് പറയുന്ന ഒരു മാസ്സ് ഡയലോഗ് ഉണ്ട്. തിയറ്ററിൽ എല്ലാ പ്രേക്ഷകരും ഒരുപോലെ കയ്യടിച്ച ഒരു രംഗമായിരുന്നു അത്. 


Also Read: Liju Krishna: 'കഥയിൽ തിരുത്തലുകൾ ആവശ്യപ്പെട്ടു, വഴങ്ങാതിരുന്നപ്പോൾ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു'; ​ഗീതു മോഹൻദാസിനെതിരെ ലിജു കൃഷ്ണ


 


നിവിൻ പോളിയുടെ രവി എന്ന നായക കഥാപാത്രത്തിലോട്ട് വന്നാൽ ഇത് നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്നൊന്നും പറയാൻ സാധിക്കില്ലെങ്കിലും വളരെ നല്ല രീതിയിൽ തന്നെ ആ കഥാപാത്രത്തെ അദ്ദേഹം സ്ക്രീനിലെത്തിച്ചിട്ടുണ്ട്. ഷമ്മി തിലകന്‍റെ കുയ്യാലി എന്ന കഥാപാത്രം, വളരെ നാളുകൾക്ക് ശേഷം അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അവസാനമായി എടുത്ത് പറയേണ്ടത് അഥിതി ബാലൻ അവതരിപ്പിച്ച ശ്യാമ എന്ന കഥാപാത്രമാണ്. അവരുടെ പ്രകടനത്തെപ്പറ്റി പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല, അരുവി എന്ന ചിത്രം മുതൽ തന്നെ പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. സ്ക്രീനിൽ എത്ര താരങ്ങൾ ഉണ്ടെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ അഥിതിയിലേക്ക് പോകുന്ന ഒരു പ്രത്യേക മാജിക് അവരിൽ ഉണ്ട്. സിനിമയിൽ നിവിൻ പോളിക്കും അതിഥി ബാലനുമിടയിലെ പ്രണയവും അതിനിടയിലെ പ്രശ്നങ്ങളും എല്ലാം തന്നെ നല്ല മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. 


പ്രധാന താരങ്ങളുടെ പ്രകടനം മാറ്റി നിർത്തിയാല്‍ പടവെട്ടില്‍ എടുത്ത് പറയേണ്ടത് അതിന്‍റെ രാഷ്ട്രീയം തന്നെയാണ്. ചിത്രത്തിൽ നിവിൻ പോളിയുടെ രവി എന്ന കഥാപാത്രം ഷമ്മി തിലകന്‍റെ കുയ്യാലി എന്ന രാഷ്ട്രീയക്കാരനെപ്പറ്റി പറയുന്ന ഒരു ഡയലോഗുണ്ട്, 'എന്നെ സംബന്ധിച്ചിടത്തോളം അയാൾ പഴയ തടി കച്ചവടക്കാരൻ തന്നെയാണ് എന്ന്'. പൊതു സമൂഹത്തിലാണെങ്കിലും കർഷകരുടെ ഭൂമിയിൽ കടന്ന് കയറുന്ന കച്ചവടക്കാരെയും രാഷ്ട്രീയക്കാരെയും ചിത്രം നല്ല രീതിയിൽ വിമർശിക്കുന്നുണ്ട്. പഴയ ആസിയാൻ കരാർ മുതൽ ഇന്നത്തെ കാർഷിക ബില്ല് വരെ കർഷകരുടെ ജീവിതത്തിലേക്ക് കടന്ന് കയറുന്ന എല്ലാ പദ്ധതികൾക്കെതിരെയും നമ്മുടെ സമൂഹത്തിൽ തന്നെ ഉയർന്ന് വന്നിട്ടുള്ള മുദ്രാവാക്യങ്ങളും ആശയങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ കൊണ്ട് തന്നെ സന്ദർഭങ്ങൾക്ക് യോജിച്ച രീതിയിൽ പറയുന്നുണ്ട്. 


ആദ്യം ഒരു ഔദാര്യം പോലെ കുറച്ച് സഹായങ്ങള്‍ നൽകി, പിന്നീട് അതിന്‍റെ ചുവട് പറ്റി ജനങ്ങളുടെ ജീവിതത്തിലേക്കും അവരുടെ ഭൂമിയിലേക്കും ഇടിച്ച് കയറുന്ന കയ്യേറ്റ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പാണ് പടവെട്ടിന്‍റെ രാഷ്ട്രീയം. സ്വന്തം ഭൂമിയില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്ന ഏത് ജന വിഭാഗങ്ങൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന രാഷ്ട്രീയമാണ് പടവെട്ടിൽ ചർച്ച ചെയ്യുന്നത്. വളരെ കുറച്ചേ ഉള്ളൂ എങ്കിലും ചിത്രത്തിലെ ഫൈറ്റ് സീനുകൾ എല്ലാം തന്നെ നല്ല രീതിയിൽ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിലെ പശ്ചാത്തല സംഗീതമാണ്. കഥാഗതിയോടും ചിത്രത്തിലെ ഗ്രാമ ഭംഗിയോടും യോജിച്ച് പോകുന്ന രീതിയിലെ പാട്ടുകളും ബി.ജി.എമ്മും എല്ലാം തന്നെ ചിത്രത്തിന് കൂടുതല്‍ മനോഹാരിത നൽകുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.