Palthu Janwar Movie : `പാൽതു ജാൻവർ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ചലച്ചിത്രമാണ്`; ബേസിൽ ജോസഫ് ചിത്രത്തിന് പ്രശംസയുമായി കെ എസ് ശബരിനാഥന്‍
Palthu Janwar Movie Review : ഈ ചിത്രത്തിൽ `ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്` എന്നാണ് ശബരിനാഥൻ പറയുന്നത്.
ബേസിൽ ജോസ്ഫ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പാൽതു ജാൻവറിന് പ്രശംസയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രം സെപ്റ്റംബർ 2 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നവാഗതനായ സംഗീത് പി രാജൻ ചിത്രം സംവിധാനം ചെയ്തത്. പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണെന്ന് കെ എസ് ശബരിനാഥന്‍ ഫേസ്‌ബുക്കിൽ കുറിച്ചത്. ഈ ചിത്രത്തിൽ "ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്" എന്നാണ് ശബരിനാഥൻ പറയുന്നത്.
കെ എസ് ശബരിനാഥന്റെ ഫേസ്‌ബുക്ക് കുറിപ്പ്
പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രം. ഇവിടെ വന്നു ചേരുന്ന ബേസിലിന്റെ കഥാപാത്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ "coming of age" മോഡലിൽ അവതരിപ്പിക്കുന്നു.
കുടിയാൻമലയിലെ മനുഷ്യരെല്ലാരും മഹത്വമുള്ളവരും ഗ്രാമീണത തുളുമ്പുന്നവരല്ല, എല്ലാവരും നമ്മുടെ ചുറ്റും കാണുന്ന ഒത്തിരി സ്നേഹവും ഒരല്പം പരിഭവവും ചെറിയ കുശുമ്പൊക്കെയുള്ള സാധാരണക്കാർ. എന്നാൽ ഒരു പ്രതിസന്ധി വരുമ്പോൾ അവിടെയുള്ളവരെല്ലാം ഒന്നിക്കുന്ന ആ ബിബ്ലിക്കൽ (biblical) രംഗം മനോഹരമാണ്.ജൻഡർ ന്യൂട്രലിന്റെ ചർച്ചകൾ നടക്കുന്ന ഈ കാലത്ത് ഒരു കൂട്ടം പുരുഷൻമാർ പിറവിക്കുവേണ്ടി അദ്ധ്വാനിക്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ്.
സംവിധായകൻ സംഗീത് രാജനും എഴുത്തുകാരായ വിനോയ് തോമസും അനീഷ് അഞ്ജലിയും പ്രശംസ അർഹിക്കുന്നു.ബേസിലും ഇന്ദ്രൻസ് ചേട്ടനും ജോണി ആന്റണിയും ഷമ്മി തിലകനും എല്ലാവരും ഒന്നാംതരമായി അഭിനയിച്ചിട്ടുണ്ട്. ടെക്നിക്കൽ വിഭാഗവും മികവുറ്റതാണ്.കൂടുതൽ പറഞ്ഞാൽ സ്പോയിലറാകും,അതുകൊണ്ടു നീട്ടുന്നില്ല.
സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ക്ലൈമാക്സ് ഷോട്ടാണ്. അതിൽ എല്ലാമുണ്ട്- ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്.... എല്ലാവരും ചിത്രം മുൻവിധിയില്ലാതെ കാണുക, ആസ്വദിക്കുക. ഭാവന സ്റ്റുഡിയോസിന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിൽ പുതിയ നാഴികകല്ലുകൾ സൃഷ്ടിക്കുകയാണ്. 1980കളിൽ സുപ്രിയ പിക്ചർസും ഗാന്ധിമതി ഫിലിംസും ഗൃഹലക്ഷമി പ്രൊഡക്ഷനും പോലെ.... ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഫഹദിനും കൂട്ടർക്കും ഇനിയും മലയാള ചലചിത്രത്തിന്റെ വ്യാകരണം തിരുത്താൻ കഴിയട്ടെ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.