കത്തുന്ന വിവാദങ്ങൾക്കിടയിലും ഈ വർഷം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് സാധ്യതകൾ പ്രവചിക്കുന്ന ചിത്രമാണ് പഠാൻ. 4 വർഷത്തിന് ശേഷം നായക വേഷത്തിൽ വെള്ളിത്തിരയിലേക്ക് ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ അമ്പരിപ്പിക്കുന്ന വളർച്ചയിൽ നിറം മങ്ങിയ ബോളിവുഡിന്‍റെ തിരിച്ച് വരവും പഠാൻ എന്ന ചിത്രത്തിലൂടെ ആയിരിക്കുമെന്നാണ് സിനിമാ പ്രേമികളുടെ കണക്ക് കൂട്ടൽ. എന്താണ് പഠാന്‍റെ ബോക്സ് ഓഫീസ് സാധ്യതകൾ ? പരിശോധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പഠാൻ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്ന സമയമാണ് ഏറ്റവും ശ്രദ്ധേയം. ഷാരൂഖ് ഖാന്‍റെ ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ തീർത്ത ഭൂരിഭാഗം ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുള്ളത് ഒക്ടോബർ - നവംബർ മാസത്തിൽ ദീപാവലി സമയത്താണ്. അവധിക്കാലം ആയതിനാൽത്തന്നെ ആ സമയത്ത് പുറത്തിറങ്ങുന്ന സിനിമകൾക്ക് ഇത് ഒരുപാട് ഗുണം ചെയ്യും. തീയറ്ററുകളിൽ നിന്ന് ശരാശരി അഭിപ്രായം ലഭിച്ചാൽ പോലും സിനിമ സൂപ്പർ ഹിറ്റ് ആകുമെന്നതാണ് ദീപാവലി സമയത്തെ പ്രത്യേകത. എന്നാൽ പഠാൻ പുറത്തിറങ്ങുന്നത് ജനുവരി മാസമാണ്.


ബോളിവുഡിൽ നിന്ന് ജനുവരിയിൽ പുറത്തിറങ്ങി വമ്പൻ കളക്ഷൻ നേടിയിട്ടുള്ള ചിത്രങ്ങളുടെ എണ്ണം വളരെ കുറവാണ്. ഇതിനൊരു അപവാദമായുള്ളത് പദ്മാവത്, തൻഹാജി പോലെയുള്ള ചിത്രങ്ങളാണ്. ജനുവരിയിൽ ഭൂരിഭാഗം ദിവസങ്ങളും പ്രവർത്തി ദിവസങ്ങൾ ആയതിനാലും മാർച്ച് മാസത്തിൽ പരീക്ഷകള്‍ അടുക്കുന്നതിന്‍റെ തയ്യാറെടുപ്പുകൾ സ്കൂളുകളിൽ നടക്കുന്നതിനാലും ഈ മാസം തീയറ്ററുകളിലെത്തുന്ന സിനിമകൾ ബോക്സ് ഓഫീസിൽ തിളങ്ങാനുള്ള സാധ്യതകൾ കുറവാണ്. ജനുവരിയിൽ പുറത്തിറങ്ങിയതിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച ചില ബോളിവുഡ് ചിത്രങ്ങളുടെ ലോകമെമ്പാടുമുള്ള കളക്ഷൻ നോക്കാം.  


1. പദ്മാവത് - 545 കോടി
2. തൻഹാജി - 386 കോടി
3. റായിസ് - 272 കോടി
4. അഗ്നീപദ് - 194 കോടി
5. ജയ് ഹോ - 186 കോടി


ഇവയിൽ ലോകമെമ്പാടുമുള്ള കളക്ഷനിൽ 500 കോടി പിന്നിട്ടത് പദ്മാവത് മാത്രമാണ്. പദ്മാവതിന്‍റെയും പഠാന്‍റെയും കാര്യത്തിൽ നിരവധി സാമ്യതകൾ ഉണ്ടെന്ന് കാണാം. പദ്മാവതിനെതിരെയും നിരവധി പ്രതിഷേധങ്ങൾ ആ സമയത്ത് രാജ്യമെമ്പാടും അരങ്ങേറി. തുടർന്ന് ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങിൽ  പദ്മാവതിന്‍റെ പ്രദർശനം നിരോധിച്ചു. എന്നിട്ടും ഇന്ത്യയിൽ നിന്ന് മാത്രം 300 കോടിയെന്ന വലിയ തുക പദ്മാവത് നേടി. പഠാന്‍റെ പ്രദർശനം നിലവിൽ ഒരു സംസ്ഥാനത്തും നിരോധിച്ചിട്ടില്ല. അധവാ വരും ദിവസങ്ങളിലും പഠാനെതിരെയുള്ള പ്രതിഷേധം ശക്തിപ്പെട്ടാലും മികച്ച അഭിപ്രായം കരസ്ഥമാക്കുകയാണെങ്കിൽ ഉറപ്പായും പഠാന് നല്ല കളക്ഷൻ ലഭിക്കുമെന്നതിന്‍റെ തെളിവാണ് ഇത്. അതായത് എല്ലാം ആദ്യ ദിനം പഠാന് ലഭിക്കുന്ന അഭിപ്രായം പോലെ ഇരിക്കുമെന്ന് സാരം. 


ഇനി പഠാൻ റിലീസ് ചെയ്യുന്ന ദിവസം കൂടി ഒന്ന് നോക്കാം.  ജനുവരി 25 ബുധനാഴ്ച്ച. അന്ന് ഒരു പ്രവർത്തി ദിവസമാണ്. അതുകൊണ്ട് തന്നെ ആദ്യ ദിവസം വലിയൊരു തുക കളക്ഷൻ നേടാനുള്ള സാധ്യത കുറവാണ്. ബോളിവുഡിൽ ഒരു പ്രവർത്തി ദിവസം പുറത്തിറങ്ങി ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടിയ ചിത്രമായിരുന്നു രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്ര. ആദ്യ ദിവസം 34 കോടിയിലധികം രൂപ നെറ്റ് കളക്ഷനായി ഇന്ത്യയിൽ നിന്ന് മാത്രം ഈ ചിത്രം കളക്ട് ചെയ്തു. ട്രേഡ് അനലിസ്റ്റുകളുടെ ഏറ്റവും പുതിയ പ്രവചനം, പഠാൻ ഇന്ത്യയിൽ നിന്ന് ആദ്യ ദിനം 35 മുതൽ 40 കോടി വരെ നെറ്റ് കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്നാണ്.


ചിലപ്പോൾ ഇത് 40 കോടിക്ക് മുകളിൽ പോകാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ പഠാനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണ്. എന്നാൽ ഇപ്പോൾ ഒരു ചോദ്യം വരാം. ദഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, വാർ, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങൾക്ക് 50 കോടിയിലധികം രൂപ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നെറ്റ് കളക്ഷൻ നേടാൻ സാധിച്ചപ്പോൾ പഠാന്‍റേത് ഒരു ചെറിയ തുക അല്ലേ എന്ന്. എന്നാൽ ആ ചിത്രങ്ങൾ എല്ലാം തന്നെ പുറത്തിറങ്ങിയത് അവധി ദിവസങ്ങളിലാണ്. പഠാൻ പുറത്തിറങ്ങാൻ പോകുന്നത് ഒരു പ്രവർത്തി ദിവസമാണ്.


പദ്മാവതിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് ലഭിച്ച നെറ്റ് കളക്ഷൻ വെറും 18 കോടി രൂപയാണ്. ആ ചിത്രത്തിന് 300 കോടിയിലധികം ഇന്ത്യയിൽ നിന്ന് നെറ്റ് കളക്ഷൻ നേടാനായെങ്കിൽ പഠാന് പോസിറ്റീവ് റിപ്പോർട്ടുകളാണ് ലഭിക്കുന്നതെങ്കില്‍ ഉണ്ടാകാൻ പോകുന്ന കളക്ഷൻ ഊഹിക്കാവുന്നതേ ഉള്ളൂ. പഠാനുള്ള മറ്റൊരു ഗുണം അതിന് ലഭിക്കുന്ന എക്സ്റ്റന്‍റഡ് വീക്കെന്‍റാണ്. ചിത്രം പുറത്തിറങ്ങുന്നത് ജനുവരി 25 ബുധനാഴ്ച്ചയാണ്. തൊട്ടടുത്ത ദിവസം 26 റിപ്പബ്ലിക് ഡേയാണ്. പ്രവചനം പോലെ ആദ്യ ദിവസം പഠാന് 40 കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചാൽ രണ്ടാമത്തെ ദിവസം ഉറപ്പായും കളക്ഷൻ ഉയരാനുള്ള സാധ്യതകളുണ്ട്.


അപ്പോൾ രണ്ട് ദിവസങ്ങൾ കൊണ്ട് പഠാന് 100 കോടിയോടടുത്ത നെറ്റ് കളക്ഷൻ ഇന്ത്യയിൽ നിന്ന് മാത്രം ലഭിക്കും. പിന്നീട് ഉള്ളത് വീക്കെന്‍റായ വെള്ളി, ശനി, ഞായർ ദിവസങ്ങളാണ്. ഈ ദിവസങ്ങളിലും വലിയ രീതിയിൽ കളക്ഷൻ ഉയരാനുള്ള സാധ്യതകളുണ്ട്. അങ്ങനെ സംഭവിച്ചാൽ ആദ്യ ആഴ്ച്ചയിൽത്തന്നെ 200 കോടിക്കടുത്ത കളക്ഷൻ പഠാന് ലഭിക്കും. തിങ്കളാഴ്ച്ച പഠാന് കളക്ഷനിൽ ഇടിവ് സംഭവിച്ചാലും ആദ്യ ആഴ്ച്ചയിലെ മികച്ച പ്രകടനം ചിത്രത്തിന്‍റെ ആകെ കളക്ഷന് ഗുണം ചെയ്യും. എന്നാൽ എല്ലാം പഠാന് ആദ്യ ദിവസം ഉണ്ടാകാൻ പോകുന്ന അഭിപ്രായത്തെ അനുസരിച്ചിരിക്കും. ഒരുപക്ഷെ മോശം അഭിപ്രായമാണ് പഠാന് ലഭിക്കുന്നതെങ്കിൽ ഇതെല്ലാം മാറി മറിയാൻ സാധ്യതയുണ്ട്. 


മേൽപ്പറഞ്ഞവയെല്ലാം ഇന്ത്യയിൽ പഠാന് ലഭിക്കാൻ പോകുന്ന കളക്ഷൻ മാത്രമാണ്. ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിലും പഠാന്‍റെ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു. മികച്ച ബുക്കിങ്ങാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തുന്നത്. ഓസ്ട്രേലിയയിലെ മിക്ക തീയറ്ററുകളുടെയും ബുക്കിങ്ങ് ഹൗസ് ഫുൾ ആയതിനെത്തുടർന്ന് പ്രദർശനങ്ങളുടെ എണ്ണം കൂട്ടുന്നുണ്ട്. ഇത്തരത്തിൽ കിംഗ് ഖാന് ഒരു രാജകീയ തിരിച്ചുവരവ് ഒരുക്കാൻ തയ്യാറെടുക്കുകയാണ് ചലച്ചിത്ര പ്രേമികളും ഷാരൂഖ് ആരാധകരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ