ബോളിവുഡിനെ നിരന്തരമായ ബോക്സ് ഓഫീസ് തകർച്ചകളിൽ നിന്ന് പിടിച്ചുയർത്തിയ ചിത്രമാണ് പഠാൻ. ഷാരൂഖ് ഖാൻ നായകനായ പഠാൻ തിയേറ്ററുകളിൽ തരം​ഗമായതിനെ പിന്നാലെ ഇപ്പോൾ ഒടിടിയിലും എത്തി. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസിലാണ് പഠാൻ സ്ട്രീം ചെയ്യുന്നത്. ജനുവരി 25 ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് പഠാൻ. റിലീസ് ചെയ്ത് 50 ദിവസങ്ങൾ പിന്നിടുമ്പോഴും ചിത്രം 20 രാജ്യങ്ങളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടിയിൽ എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം 1000 കോടി ക്ലബ്ബിൽ കയറുകയും ചെയ്തിരുന്നു. റിലീസ് ചെയ്ത് 27 ദിവസത്തിനുള്ളിലാണ് പഠാൻ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്താണ് പഠാന്‍ ഇപ്പോൾ. ബാഹുബലി 2 ഹിന്ദി, കെജിഎഫ് 2 ഹിന്ദി, ദംഗല്‍ എന്നീ ചിത്രങ്ങളെയാണ് പഠാൻ പിന്തള്ളിയത്. 


സിദ്ദാർത്ഥ് ആനന്ത് സംവിധാനം ചെയ്ത പഠാന്റെ നിർമ്മാണം യാഷ് രാജ് ഫിലിംസാണ്. യാഷ് രാജിന്‍റെ സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട സിനിമയാണ് പഠാൻ. ജോൺ എബ്രഹാമിന്‍റെ നേതൃത്വത്തിലെ ഒരു ടെററിസ്റ്റ് ഗ്രൂപ്പ് ഇന്ത്യക്കെതിരെ ഒരു ആക്രമണം പദ്ധതിയിടുന്നു. അതിനെ ചെറുക്കാൻ ഇന്ത്യ ചുമതലപ്പെടുത്തുന്ന അവരുടെ മികച്ച ഏജന്‍റുമാരില്‍ ഒരാളാണ് പഠാൻ എന്ന ഷാരൂഖ് ഖാന്‍റെ കഥാപാത്രം. തീവ്രവാദികളുടെ ഈ ആക്രമണം ചെറുക്കാൻ പഠാൻ എങ്ങനെ ശ്രമിക്കുന്നു, ആ യാത്രയിൽ പഠാനുണ്ടാകുന്ന വീഴ്ച്ചകൾ, ഉയർത്തെഴുന്നേൽപ്പുകൾ എല്ലാം അടങ്ങിയതാണ് ചിത്രത്തിന്‍റെ കഥാഗതി. നല്ല എൻഗേജിങ് ആയാണ് ചിത്രത്തിന്‍റെ തിരക്കഥ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ ആദ്യ പകുതിയിലും അവസാനവുമെല്ലാം ചില ട്വിസ്റ്റുകൾ ഉണ്ട്. 


Also Read: Aishwarya Rajinikanth: ഐശ്വര്യ രജനീകാന്തിന്‍റെ ആഭരണങ്ങൾ മോഷണം പോയ കേസ്: പ്രതി പോലീസ് പിടിയിൽ


 


സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അതിലെ ആക്ഷൻ രംഗങ്ങളാണ്. ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ സംഘട്ടന രംഗങ്ങളും ലൊക്കോഷനുകളുമാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. ദീപിക പദുക്കോൺ റുബീന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നായകന് പിന്നിൽ നിൽക്കുന്ന വെറും നായികയല്ല ഈ ചിത്രത്തിൽ ദീപികയുടെ കഥാപാത്രം. ചില സ്ഥലങ്ങളിൽ നായകനെപ്പോലും പിന്നിലാക്കുന്ന പ്രകടനമാണ് ദീപിക പദുക്കോൺ കാഴ്ച്ച വച്ചത്.


എന്നാൽ സിനിമയിൽ പഠാനും റുബീനയും തമ്മിലെ ബന്ധം സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്ന രീതി അത്രത്തോളം വിശ്വസനീയമായി തോന്നിയില്ല. ചിത്രത്തിലെ നായകനും നായികയും എത്ര വലുതാണോ അവർക്കൊത്ത വില്ലൻ കഥാപാത്രമായിരുന്നു ജോൺ എബ്രഹാം അവതരിപ്പിച്ച ജിം എന്ന കഥാപാത്രം. അദ്ദേഹത്തിന്‍റെ പ്രത്യേക സ്വാഗും ആറ്റിറ്റ്യൂഡുമെല്ലാം ഈ കഥാപാത്രത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. എങ്കിലും ചിത്രത്തില്‍ ഒരു വലിയ കല്ലുകടിയായി തോന്നിയത് ചില രംഗങ്ങളിലെ വിഎഫ്എക്സിന്‍റെ ഉപയോഗമായിരുന്നു. സ്പൈ യൂണിവേഴ്സിൽ ഉൾപ്പെട്ട ചിത്രമായതിനാൽത്തന്നെ അതുമായി ബന്ധപ്പെട്ട് ചില ഗംഭീര റെഫറൻസുകളും രംഗങ്ങളും സിനിമയിൽ ഉണ്ടായിരുന്നു. മൊത്തത്തിൽ ഉറപ്പായും തീയറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കേണ്ട ഒരു മികച്ച ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിരുന്നു പഠാൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.