Pathan Controversy: `ചിത്രം പുറത്തിറക്കാൻ സമ്മതിക്കില്ല`; ഷാരൂഖ് ചിത്രം പത്താനെതിരെ മധ്യപ്രദേശ് ഉലമ ബോർഡ്
Madhya Pradesh Ulema Board on Pathan: സിനിമയിൽ പഠാൻമാരെ തെറ്റായി ചിത്രീകരിക്കുകയാണ്. നിർമ്മാതാക്കൾ പത്താൻ എന്ന പേര് നീക്കം ചെയ്യണം, ഷാരൂഖ് ഖാൻ തന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നും മധ്യപ്രദേശ് ഉലമ ബോർഡ് പ്രസിഡന്റ് സയ്യിദ് അനസ് അലി ആവശ്യപ്പെട്ടു.
ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ച ‘പത്താൻ’ ചിത്രത്തിനെതിരെ മധ്യപ്രദേശ് ഉലമ ബോർഡും രംഗത്ത്. “ഈ സിനിമ മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നു. ഈ ചിത്രം മധ്യപ്രദേശിൽ മാത്രമല്ല, രാജ്യത്തുടനീളം റിലീസ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല. ഏറ്റവും ആദരണീയമായ മുസ്ലീം സമുദായങ്ങളിലൊന്നാണ് പത്താൻ. ഈ സിനിമയിൽ പത്താൻമാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീർത്തിപ്പെടുത്തുകയാണ്. പത്താൻ എന്നാണ് ചിത്രത്തിന്റെ പേര്, ഈ പേരിലുള്ള ചിത്രത്തിൽ സ്ത്രീകൾ അശ്ലീല നൃത്തം ചെയ്യുന്നതായി കാണാം. സിനിമയിൽ പഠാൻമാരെ തെറ്റായി ചിത്രീകരിക്കുകയാണ്. നിർമ്മാതാക്കൾ പത്താൻ എന്ന പേര് നീക്കം ചെയ്യണം, ഷാരൂഖ് ഖാൻ തന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണം, അതിനുശേഷം നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചെയ്യൂ, അല്ലാതെ ഈ സിനിമ ഇന്ത്യയിൽ റിലീസ് ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല.“ മധ്യപ്രദേശ് ഉലമ ബോർഡ് പ്രസിഡന്റ് സയ്യിദ് അനസ് അലി എഎൻഐയോട് പറഞ്ഞു,
ചിത്രത്തിനെതിരെ നിയമപരമായി പോരാടുമെന്നും സയ്യിദ് അനസ് അലി പറഞ്ഞു. സെൻസർ ബോർഡിനെ സമീപിച്ച് സിനിമയുടെ റിലീസ് തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അലി വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ചിത്രത്തിലെ 'ബേഷാരം രംഗ്' എന്ന ഗാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ദീപിക പദുകോൺ ഗാനരംഗത്തിൽ ധരിച്ച ബിക്കിനി കാവി നിറത്തിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നരോത്തം മിശ്ര ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്നും അണിയറ പ്രവർത്തകരെ വിലക്കണമെന്നും നരോത്തം മിശ്ര ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 12ന് റിലീസ് ചെയ്ത ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് വിശാൽ, ഷെയ്‌ഖർ എന്നിവർ ചേർന്നാണ്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രം ജനുവരി 25ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...