P Jayachandran`s Funeral: ഭാവ `ചന്ദ്രൻ` വിടവാങ്ങി; സംസ്കാരം നാളെ, അനുശോചിച്ച് നേതാക്കൾ
Playback singer P Jayachandran demise : മലയാളികൾ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന അപൂർവ ശബ്ദങ്ങളിൽ ഒന്നായിരുന്നു ജയചന്ദ്രന്റേത്.
തൃശ്ശൂർ: അന്തരിച്ച മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ പറവൂര്‍ ചേന്ദമംഗലത്ത് വെച്ച് നടക്കും. ഇന്ന് രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും. 12 മണി മുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം. നാളെ 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.
പി ജയചന്ദ്രന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
'' കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നത്. ഒരു കാലഘട്ടം മുഴുവൻ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയിൽ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രൻ. ജയചന്ദ്രന്റെ ഗാന ശകലം ഉരുവിടാത്ത മലയാളി ഇല്ല എന്ന് തന്നെ പറയാം. ചലച്ചിത്ര ഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും ജയചന്ദ്രൻ ആലപിച്ചതെല്ലാം അനുവാചകന്റെ ഹൃദയത്തിലേക്കാണ് വന്ന് പതിച്ചത്.
സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു
ജയചന്ദ്രന്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയത്. ഗാനാലാപന കലയെ സാമാന്യ ജനങ്ങളിലെത്തിക്കുന്നതിൽ അസാമാന്യമായ സംഭാവനകൾ നൽകിയ ഗായകനായി ജയചന്ദ്രനെ ചരിത്രം രേഖപ്പെടുത്തും. മലയാള ഭാഷതൻ മാദക ഭംഗിയാണ് ആ കണ്ഠത്തിലൂടെ ലോകം തിരിച്ചറിഞ്ഞത്. തലമുറകളുടെ ഹൃദയം കവർന്ന നാദ വിസ്മയത്തിനാണ് ഇവിടെ തിരശ്ശീല വീഴുന്നത്. മലയാള സംഗീത ലോകത്തിനും ചലചിത്ര സംഗീത ലോകത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് ജയചന്ദ്രന്റെ വേർപാട് കൊണ്ട് ഉണ്ടായിരിക്കുന്നത്.
പാടിയ ഒരോ ഗാനവും അനശ്വരമാക്കിയ ജയചന്ദ്രൻ വിട പറയുമ്പോൾ, ആ സ്മരണകൾക്കും ഗാനവീചികൾക്കും മരണമില്ല എന്ന് തന്നെ പറയാനാവും. ജയചന്ദ്രന്റെ സ്മരണക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുടുംബത്തെ ദുഖം അറിയിക്കുന്നു. ആസ്വാദക സമൂഹത്തിലൊരാളായി ഏവരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു. ''
Also Read: Singer P Jayachandran Passes Away: ഭാവഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു
പി ജയചന്ദ്രന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു.
'' മലയാളി വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിലക്കുന്ന ഓര്‍മ്മകളായി പി. ജയചന്ദ്രന് മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു.
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ
എന്നോമലുറക്കമായ് ഉണര്‍ത്തരുതേ.... ''
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7.45നായിരുന്നു അന്ത്യം. വീട്ടിൽ വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ജയചന്ദ്രന് ലഭിച്ചിട്ടുണ്ട്. 5 തവണയാണ് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. സുപ്രഭാതം, ഹർഷബാഷ്പം തൂകി, നിൻ മണിയറയിലെ തുടങ്ങിയവ ആ മാന്ത്രിക ശബ്ദത്തിൽ വിടർന്നതാണ്. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.
1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം. 2021ൽ അദ്ദേഹം ജെ.സി ഡാനിയേൽ പുരസ്കാരം സ്വന്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. പ്രണയം, വിരഹം, സന്തോഷം അങ്ങനെ ഏതൊരു വികാരത്തിലുള്ള ഗാനങ്ങൾക്കും ജയചന്ദ്രന്റെ ശബ്ദം അത്രമേൽ പ്രിയപ്പെട്ടതായിരുന്നു മലയാളിക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.