Ponniyin Selvan 2: അപ്പോ എങ്ങനാ ടിക്കറ്റ് എടുക്കുവല്ലേ? `പൊന്നിയിൻ സെൽവൻ 2` ബുക്കിംഗ് തുടങ്ങി
കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ ആദ്യ ഭാഗം വലിയ വിജയം നേടിയിരുന്നു. പ്രേക്ഷകർ ഒന്നടങ്കം പിഎസ് 2ന് ആയുള്ള കാത്തിരിപ്പിലാണ്.
മണിരത്നത്തിൻ്റെ സ്വപ്നചിത്രം പൊന്നിയിൻ സെൽവൻ്റെ ഓരോ അപ്ഡേറ്റുകൾക്കും മികച്ച സ്വീകാര്യതയാണ് ആരാധകർക്കിടെ ലഭിക്കുന്നത്. വലിയ താരനിരയെ അണിനിരത്തുന്ന പൊന്നിയിൻ സെൽവൻ്റെ രണ്ടാം ഭാഗം ഏപ്രിൽ 28നാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്.
വിക്രം, ജയം രവി, ജയറാം, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ത്രിഷ ശോഭിതാ ദുലിപാല, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ ഒട്ടേറേ അഭിനേതാകൾ 'പൊന്നിയിൻ സെല്‍വനി'ലുണ്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. 125 കോടിക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ സ്‍ട്രീമിംഗ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് അതേ പേരില്‍ മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കിയത്. രവി വർമ്മനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. തോട്ട ധരണിയും വാസിം ഖാനും ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. നൃത്ത സംവിധാനം ബൃന്ദ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.
എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്. 'പൊന്നിയിൻ സെല്‍വനി'ലെ കഥാപാത്രങ്ങളായ 'ആദിത്യ കരികാലന്റെ'യും 'നന്ദിനി'യുടെയും കുട്ടിക്കാലം ദൃശ്യവത്‍കരിക്കുന്ന ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇളങ്കോ കൃഷ്‍ണന്റെ വരികള്‍ ഹരിചരണാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ ആലപിച്ച ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നത് ഹിറ്റായിരുന്നു. 'വീര രാജ വീര' എന്ന ഒരു ഗാനം കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ഹരിണിയും ആലപിച്ചതും സത്യപ്രകാശ്, ഡോ. നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവര്‍ ആലപിച്ച 'ശിവോഹം' എന്ന ഗാനവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...