പൊതി... ഒരു പൊതിക്കുള്ളിൽ എന്തെന്ന ആകാംക്ഷയില്ലാത്ത ആരാണ് ഉള്ളത്. ഒരു പൊതിക്കുള്ളിൽ പലതും കാണാം...ചോറ് പൊതി, പലഹാരപ്പൊതി, പണപ്പൊതി, കഞ്ചാവ് പൊതി അങ്ങനെ പൊതിക്കുള്ളിൽ പതുങ്ങിയിരിക്കുന്നത് എന്തെന്ന് ആർക്കറിയാം. ഈ ആകാംക്ഷയിലൂടെ വളരുന്നൊരു ചെറു ഷോർട്ട് ഫിലിം ആണ് സുമീന്ദ്രനാഥ് സംവിധാനം ചെയ്ത പൊതി.ഫ്രൂട്ട് സലാഡ് എന്ന പുതിയ യൂ ട്യൂബ് ചാനലിൽ വന്നിട്ടുള്ള ഈ ചെറു ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.

 

കാഴ്ചക്കാരൻ മുൻവിധിയോട് കൂടി സമീപിച്ചേക്കാൻ സാധ്യതയുള്ള ഒരു പ്രമേയത്തെ ചെറിയ സസ്പെൻസുകളുള്ള ചില സന്ദർഭങ്ങളിലൂടെ കടത്തിവിട്ട് കഥ പറയുകയാണ് പൊതി. ഒരു ദിവസം ചിലരുടെ ജീവിതങ്ങളിൽ നടക്കുന്ന ആശങ്കയും സങ്കടങ്ങളുമൊക്കെ പ്രമേയമായി എത്തുന്നു പൊതിയിൽ. കൂടുതൽ വലിച്ചു നീട്ടാതെ ഒതുക്കി കഥ പറയുന്ന രീതിയാണ് പൊതി സ്വീകരിച്ചിരിക്കുന്നത്. ഇളയവൻ ഛായാഗ്രഹണം നിർവഹിച്ച ചെറുചിത്രം എഡിറ്റ് ചെയ്തത് സുരേഷ് കൃഷ്ണയാണ്. ബിനോജ്, സാബു, അരുൺ സക്കറിയ, കുമാർ, ഭുവനേഷ് എന്നിവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

 

പൊതിയ്ക്കുള്ളിലെന്തന്നത് പ്രേക്ഷകർ അറിയുന്നതോടെ ഒരു ചെറുസന്ദേശം കൂടി പങ്കുവച്ചാണ് ഈ ചെറുചിത്രം അവസാനിക്കുന്നത്.  ഇതിനോടകം തന്നെ നിരവധി പേർ കണ്ട ഷോർട്ട് ഫിലിമിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.