Adipurush: അമ്പും വില്ലുമേന്തി പ്രഭാസ്; `ആദിപുരുഷ്` മോഷൻ പോസ്റ്റർ പുറത്ത്
Adipurush motion poster: കോവിഡ് വ്യാപനം കാരണം പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ഈ വർഷം ജൂൺ 16ന് തിയേറ്ററുകളിലെത്തും.
പ്രഭാസ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ആദിപുരുഷ്'. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാൻ, കൃതി സനോൺ, സണ്ണി സിംഗ് തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇപ്പോൾ ഇതാ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അമ്പും വില്ലുമേന്തി നിൽക്കുന്ന പ്രഭാസിൻറെ പോസ്റ്ററാണ് പുറത്തുവന്നരിക്കുന്നത്. ജയ് ശ്രീറാം എന്ന ഗാനവും പശ്ചാത്തലത്തിലുണ്ട്. ആദിപുരുഷിൽ ശ്രീരാമനായാണ് പ്രഭാസ് എത്തുക. രാവണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനും ജാനകിയായി എത്തുന്നത് കൃതി സനോണുമാണ്. ലോകമാന്യ: ഏക് യുഗ്പുരുഷ്, താനാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓം റാവത്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ആദിപുരുഷ്.
ALSO READ: അർജുൻ അശോകന്റെ പുതിയ ചിത്രം ഓളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
രാവണൻ സീതയെ ലങ്കയിലേയ്ക്ക് തട്ടിക്കൊണ്ടു പോകുന്നതും സീതയെ രക്ഷിക്കാനായി ശ്രീരാമൻ ലങ്കയിലേയ്ക്ക് പോകുന്നതുമാണ് ആദിപുരുഷിൻറെ കഥ. രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം 3ഡിയിലാണ് റിലീസ് ചെയ്യുക. ആദിപുരുഷിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ഏകദേശം 500 കോടി രൂപ ബജറ്റിലാണ് ആദിപുരുഷ് ഒരുങ്ങുന്നതെന്നാണ് സൂചന. കോവിഡിനെ തുടര്‍ന്ന് പല തവണ റിലീസ് മാറ്റിവെച്ച ചിത്രം ജൂൺ 16ന് തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. റിലീസിന് മുന്നോടിയായി ചിത്രം ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നുണ്ട്. ഗ്രാഫിക്സിനും വിഷ്വൽ ഇഫക്ട്സിനുമെല്ലാം വലിയ പ്രാധാന്യമുള്ള സിനിമയാണ് ആദിപുരുഷ്. എന്നാൽ, ചിത്രത്തിൻറെ ടീസർ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
മോശം ഗ്രാഫിക്സും കഥാപാത്രങ്ങളുടെ അവതരണവുമെല്ലാം ആദിപുരുഷിനെതിരെ ട്രോളുകൾ ഉയരാൻ കാരണമായി. എസ്.എസ് രാജമൌലി സംവിധാനം ചെയ്ത ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസിന് വലിയ വിജയങ്ങളൊന്നും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആദിപുരുഷിനെ പ്രഭാസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...