ഹാപ്പി വെഡിംഗ്: ചിരിയുടെ പൂരവുമായി `പ്രേമം` ടീം ഒരിക്കല്‍ കൂടി
മലയാള സിനിമയില്‍ മാറ്റത്തിന്‍റെ കൊടുങ്കാറ്റ് തീര്‍ത്ത ചിത്രമാണ് "പ്രേമം " . കേരള യുവത്വം ആഘോഷിച്ച് അര്‍മ്മാദിച്ച "പ്രേമ"ത്തിന്‍റെ വിജയം മുന്‍നിര താരങ്ങള്‍ക്കൊപ്പം തിരശ്ശീല പിടിച്ചടക്കിയ ഒരുപറ്റം യുവാക്കള്‍ക്ക് കൂടി അവകാശപ്പെട്ടതായിരുന്നു . ഷറഫ് (ഗിരിരാജന്‍കോഴി) ,സിജോ വിത്സന്‍ ( ജോജോ) , ജസ്റ്റിന്‍ , സൗബിന്‍ ഷാഹിര്‍ എന്നീ "പ്രേമ"ത്തിലെ ജനമനസ്സുകള്‍ കീഴടക്കിയ യുവനിര "പ്രേമ" ത്തിന് ശേഷം വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് നവാഗതനായ ഒമര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന "ഹാപ്പി വെഡിംഗ് " .
പ്രേമവിവാഹത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ചെറുപ്പക്കാരനായ ഹരിയാണ് (സിജു വിത്സന്‍) സിനിമയിലെ കേന്ദ്ര കഥാപാത്രം. അമ്മയുടെ നിര്‍ബന്ധങ്ങളെ അതിജീവിച്ച് ഒരു പ്രണയിനിയെ ജീവിതപങ്കാളിയാക്കുക എന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായുള്ള അയാളുടെ പരിശ്രമത്തിന് കടമ്പകള്‍ ഏറെയായിരുന്നു . അമ്മ നിശ്ചയിച്ച മാംഗല്യത്തില്‍ നിന്ന് വഴുതിമാറി തന്‍റെ സഹപ്രവര്‍ത്തകയെ പരിണയിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ക്ക് കൂട്ടായി ബന്ധുവും , ബാല്യകാല സുഹൃത്തും , സഹപാഠിയുമായ മനുവും (ഷറഫ്) , മോട്ടിവേഷണല്‍ സ്പീക്കറായ സൗബിനും ചേരുന്നതോടെ രംഗം കൂടുതല്‍ കൊഴുക്കുന്നു . ഓരോ രംഗത്തും നിറയുന്ന നിര്‍ദ്ധോഷമായ പൊട്ടിച്ചിരികളുടെ ഘോഷയാത്രക്ക് അതോടെ കൂടുതല്‍ നിറപ്പകിട്ട് കൈവരുന്നു . യുവത്വത്തിന്‍റെ ആഘോഷമാകുന്ന വര്‍ണ്ണക്കാഴ്ച്ചകള്‍ ഹാസ്യത്തിന്‍റെ അകമ്പടിയോടെ സ്ക്രീനില്‍ നിറയുമ്പോള്‍ "ഹാപ്പി വെഡിംഗ് " പ്രേക്ഷകര്‍ക്ക് സന്തോഷത്തിലേക്കുള്ള ഒരു "ഹാപ്പി ജേണി" യായി മാറുന്നു .
അരങ്ങിലും , അണിയറയിലുമുള്ള യുവാക്കളുടെ നിറഞ്ഞ സാന്നിധ്യമാണ് "ഹാപ്പി വെഡിംഗിനെ" ശ്രദ്ധേയമാക്കുന്നത് . സിനിമാപാരമ്പര്യത്തിന്‍റെ തണലിടങ്ങളോ , ഗോഡ്ഫാദര്‍മാരുടെ പിന്തുണയൊ ഇല്ലാതെ ഒരുകൂട്ടം യുവാക്കള്‍ ഹൃദയരക്തം കൊടുത്ത് ചിത്രീകരിച്ച സ്വപ്നമാണ് ഈ ചിത്രം . അതുകൊണ്ടുതന്നെ , തുടക്കക്കാരുടെ ക്ഷമിക്കാവുന്ന ചെറിയ തെറ്റുകുറ്റങ്ങള്‍ പരാമര്‍ശവിധേയമായി മനസ്സില്‍ ഉടക്കിയില്ല . എന്നാല്‍ , തെറ്റുകുറ്റങ്ങള്‍ എതുമില്ലാത്ത എല്ലാം തികഞ്ഞ ഒരു കലാസൃഷ്ടിയുമല്ല ഇത് . ഒരുവട്ടം തീര്‍ച്ചയായും രസിച്ച് കണ്ടിരിക്കാവുന്ന നര്‍മ്മം നിറഞ്ഞ യുവത്വം തുളുമ്പുന്ന അനുഭവമാണ് "ഹാപ്പി വെഡിംഗ് " .
സിജു വിത്സന്‍ , ഷറഫുദ്ധീന്‍ , സൗബിന്‍ , അനു സിത്താര , അംബിക മോഹന്‍ എന്നിവര്‍ക്കൊപ്പം വേഷമിടുന്ന ഒരുകൂട്ടം പുതുമുഖങ്ങളും , റോയല്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുമാണ് "ഹാപ്പി വെഡിംഗിലെ " അഭിനേതാക്കള്‍ . ശിവജി ഗുരുവായൂര്‍ , വിനോദ് കോവൂര്‍ , തെസ്നി ഖാന്‍ , സൈജു കുറുപ്പ് എന്നിവര്‍ കൊച്ചു വേഷങ്ങളില്‍ തിളങ്ങിയപ്പോള്‍ ഏറെക്കാലത്തിനുശേഷം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട മിമിക്രിതാരം അബിയുടെ സബ് ഇന്‍സ്പെക്ടര്‍ ഹാപ്പി ശ്രദ്ധേയമായി . നായകന്‍ സിജു വിത്സന്‍ ആണെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ പൊട്ടിച്ചിരിപ്പിക്കുന്ന നമ്പറുകളുമായി അരങ്ങുവാഴുന്നത് ഷറഫിന്‍റെ മനോധര്‍മ്മത്തില്‍ തിളങ്ങുന്ന മനു കൃഷ്ണനാണ് . ഷറഫിന്‍റെ തേരോട്ടത്തില്‍ സ്വാഭാവിക ഹാസ്യത്തിന്‍റെ പുത്തന്‍ പ്രതീക്ഷയായ സൗബിന്‍ പോലും പിന്നിലായിപ്പോയിട്ടുണ്ട്. എങ്കിലും , സിജു വിത്സനും , പുതുമുഖ നായികമാര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ് "ഹാപ്പി വെഡിംഗിലെ" പ്രകടനങ്ങള്‍ .
സംവിധായകന്‍ ഒമറിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് മനീഷ് കെ.സി. , പ്രനീഷ് വിജയന്‍ , സന്ദീപ് മാഷ് എന്നിവര്‍ ചേര്‍ന്നാണ് . സംഭാഷണങ്ങളില്‍ നിറയുന്ന യുവത്വത്തിന്‍റെ കുസൃതികളും , കുറുമ്പുമാണ് തിരക്കഥയേക്കാള്‍ സിനിമയെ ആസ്വാദ്യകരമാക്കുന്നത് . സിനിമയുടെ വിരസത ഉണര്‍ത്താത്ത ചടുലമായ ഗമനത്തിന് ദിലീപ് ഡെന്നിസിന്‍റെ എഡിറ്റിംഗ് സഹായകമായിട്ടുണ്ട്.അരുണ്‍ മുരളീധരന്‍റെ ഈണങ്ങളും , വിമല്‍.ടി.കെ.യുടെ പശ്ചാത്തല സംഗീതവും പ്രമേയ പ്രതിഫലനത്തിന് കരുത്തേകി . സിനു സിദ്ധാര്‍ഥിന്‍റെ ഛായാഗ്രഹണമികവാണ് കണ്ണിന് ഉത്സവമാകുന്ന ദൃശ്യമികവിന് ചുക്കാന്‍ പിടിച്ചത് . പ്രമുഖ വിതരണ കമ്പനിയായ ഇറോസ് ഇന്റര്‍നാഷനല്‍ ആണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിട്ടുള്ളത്,ചിത്രത്തിന്‍റെ നിര്‍മാതാവ് നസീര്‍ അലി.ചിത്രത്തിന്റെ ട്രെയിലറും "തെന്നി തെന്നി " എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു .