Prithviraj Movies 2023 : എമ്പുരാൻ മുതൽ സലാർ വരെ; 2023 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങൾ
Prithviraj Sukumaran Movies 2023 : പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് `കാളിയൻ`. ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് `കാളിയൻ` ആയാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്.
2022 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2022 മലയാള സിനിമ മേഖലയ്ക്ക് വളരെ മികച്ച ഒരു വർഷം തന്നെയായിരുന്നു. ഈ വർഷം വളരെ മികച്ച നിരവധി ചിത്രങ്ങൾ മലയാളത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ പൃഥ്വിരാജ് നൽകിയ സംഭാവനകൾ വളരെ വലുതാണ്. നടനായും, സംവിധായകനായും, നിർമ്മാതാവായും നിരവധി മികച്ച സിനിമകളാണ് താരം മലയാള സിനിമ രംഗത്തിന് നൽകിയത്. അതിലും മികച്ച സിനിമകൾ 2023 ലും എത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 2023 ൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
എമ്പുരാൻ
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാലാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഉടൻ തന്നെ ചിത്രീകരണം തുടങ്ങുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു.
ആടുജീവിതം
പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. ബെന്യാമിന്റെ അന്തർദേശിയ തലത്തിൽ തന്നെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന പദ്ധതി എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നിലവിൽ ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികെയാണ്. ചിത്രത്തിൻറെ റിലീസ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
സലാർ
പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യ ചിത്രമായ സലാറാണ് പൃഥ്വിരാജിന്റെ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തിൽ വർദരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2023 സെപ്റ്റംബർ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുക. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് പ്രഭാസെത്തുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു, ശ്രിയ റെഡ്ഡി, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാളിയൻ
പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. നവാഗതനായ എസ് മഹേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വലിയ മുതൽമുടക്കിൽ വരുന്ന ചിത്രമാണ് കാളിയൻ. 2018ൽ അനൗൻസ് ചെയ്‌തപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കാളിയൻ.
ബഡേ മിയാൻ ചോട്ടെ മിയാൻ
പൃഥ്വിരാജ് ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ. അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പമാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. കബീർ എന്ന കഥാപാത്രമായി ആണ് താരം ചിത്രത്തിൽ എത്തുന്നത്. ടൈഗർ സിന്ധ ഹേ എന്ന ഹിറ്റ് ചിത്രത്തിൻറെ സംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകെ 5 ഭാഷകളിൽ ആയി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം എത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...