ദൈവവും മനുഷ്യനും തമ്മിലെ വടം വലി; രാം സേതു റിവ്യൂ
യുക്തിവാദിയായ അദ്ദേഹം എപ്പോഴും ശാസ്ത്രീയമായ തെളിവുകൾക്കും വസ്തുതകൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്
ഇന്ത്യയെയും ശ്രീലങ്കയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഭാഗമാണ് ആദംസ് ബ്രിഡ്ജ് അധവാ രാം സേതു എന്ന് അറിയപ്പെടുന്നത്. ഇന്ത്യയിൽ പല കാലത്തും ചർച്ചാ വിഷയമായിട്ടുള്ളതും വിവാദമായിട്ടുള്ളതുമായ ഈ പ്രത്യേക ഭൂ ഭാഗത്തെ വിഷയമാക്കി കഴിഞ്ഞ ദിവസം തീയറ്ററുകളിലെത്തിയ അക്ഷയ് കുമാർ ചിത്രമാണ് രാം സേതു.
അഭിഷേക് ശർമയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരാണ് ഡോക്ടർ ആര്യൻ കുലശ്രേഷ്ട്. അദ്ദേഹം ഒരു ആർക്കിയോളജിസ്റ്റ് ആണ്. ഒരു യുക്തിവാദിയായ അദ്ദേഹം എപ്പോഴും ശാസ്ത്രീയമായ തെളിവുകൾക്കും വസ്തുതകൾക്കുമായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. സൗത്ത് ഇന്ത്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഷിപ്പിങ്ങ് കമ്പനി എങ്ങനെയും രാം സേതു പൊളിച്ച് ആ പ്രദേശം ഒരു ഷിപ്പിങ്ങ് റൂട്ട് ആക്കാനാണ് ശ്രമിക്കുന്നത്.
Also Read: Naane Varuvean OTT : ധനുഷിന്റെ നാനേ വരുവേൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
എന്നാൽ അതിന് ഇന്ത്യയിലെ വിശ്വാസികൾ തടസ്സം നിൽക്കുന്നു. കേസ് സുപ്രീം കോടതിയിലെത്തി. ഗവൺമെന്‍റ് രാം സേതുവിന്‍റെ ഉദ്ഭവത്തെപ്പറ്റി പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നു. എന്നാൽ ഈ ഷിപ്പിങ്ങ് കമ്പനി തങ്ങൾക്ക് ഗവൺമെന്‍റിലുള്ള സ്വാധീനം ഉപയോഗിച്ച് അക്ഷയ് കുമാറിനെയും ഈ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നു. എന്നാൽ അക്ഷയ് കുമാർ ഉൾപ്പെട്ട ഈ സംഘം കണ്ടെത്തുന്നത് രാം സേതു മനുഷ്യ നിർമ്മിതമാണ്, കുറച്ച് കൂടി വ്യക്തമാക്കി പറഞ്ഞാൽ ഭഗവാൻ ശ്രീ രാമന്‍റെ നേതൃത്വത്തിലുള്ള വാനര സേന നിർമ്മിച്ചതാണെന്നാണ്. ഈ കണ്ടെത്തലിന് ശേഷം അവർക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രമാണ് രാം സേതു.
ചിത്രത്തിന്‍റെ ആദ്യ പകുതി പറഞ്ഞ് പോകുന്നത് രാം സേതു എന്ന ഭൂ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അതിന്‍റെ ഉദ്ഭവത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ വിലയിരുത്തലുകളുമാണ്. എന്നാൽ രണ്ടാം പകുതിയിൽ ഇതെല്ലാം പാടെ മറന്നുകൊണ്ട് മതപരമായ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണങ്ങളും കണ്ടെത്തലുമാണ് നമുക്ക് കാണാൻ സാധിച്ചത്. ചുരുക്കിപ്പറഞ്ഞാൽ ആദ്യം യുക്തിവാദിയായിരുന്ന ആര്യൻ എന്ന നായക കഥാപാത്രം രണ്ടാം പകുതി ആയപ്പോഴേക്കും ഒരു കടുത്ത രാമ ഭക്തനായി മാറുന്നത് നമുക്ക് കാണാം.
ചിത്രത്തിന്‍റെ തുടക്കത്തിൽ ആര്യൻ പറയുന്ന ഒരു ഡയലോഗുണ്ട്, ഞാൻ എപ്പോഴും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സത്യം മാത്രമാണ് അന്വേഷിക്കാനും കണ്ടെത്താനും ശ്രമിക്കുന്നതെന്ന്. ഈയൊരു കഥാപാത്രത്തിന്‍റെ ആർക്കിന് ക്ലൈമാക്സിൽ കൊണ്ട് വന്ന മാറ്റം അവിശ്വസനീയമാണ്. ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ഒരു കോടതി രംഗമാണ് കാണിക്കുന്നത് ഈ കോടതിയില്‍ ആര്യൻ എന്ന കഥാപാത്രം ഉയർത്തുന്ന വാദങ്ങൾ കടുത്ത മത വിശ്വാസികൾ മാത്രം പറയുന്നതിന് സമാനമായ വാദങ്ങളാണ്.
അതും ചിത്രത്തിൽ രാം സേതു, ഭഗവാൻ രാമന്‍റെ നേതൃത്വത്തിൽ നിർമ്മിച്ചതാണെന്ന് തെളിയിക്കാൻ വേണ്ടി റെഫറൻസായി ഉപയോഗിക്കുന്നത് മത ഗ്രന്ധവും താളിയോല രേഖകളും പോലെയുള്ള കാര്യങ്ങളാണ്. തുടക്കത്തിൽ ശാസ്ത്രീയമായ തെളിവുകളിൽ മാത്രം വിശ്വസിച്ചിരുന്ന ഈ വ്യക്തി ക്ലൈമാക്സിൽ ഒരു കടുത്ത മത വിശ്വാകികൾ ഉന്നയിക്കുന്ന വാദങ്ങൾ പറയുന്നതായി ചിത്രീകരിച്ചത് ചിത്രം കാണുന്ന ഒരു സാധാരണ പ്രേക്ഷകനും ഉൾക്കൊള്ളാൻ സാധിക്കില്ല.
അവസാനം കോടതി പറയുന്നുണ്ട് രാം സേതു, രാമൻ നിർമ്മിച്ചതല്ലെന്ന് തെളിയിക്കേണ്ടത് വിശ്വാസം ഇല്ലാത്തവരുടെ ഉത്തരവാദിത്തമാണെന്ന്. സംവിധായകന് തന്‍റെ ആശയങ്ങളും വിശ്വാസങ്ങളും അദ്ദേഹത്തിന്‍റെ സിനിമയിലൂടെ പ്രചരിപ്പിക്കാനുള്ള പൂർണ്ണമായ അധികാരവും സ്വാതന്ത്ര്യവും തീർച്ചയായും ഉണ്ട്. എങ്കിലും മനുഷ്യന്‍റെ സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ചലച്ചിത്ര രൂപത്തിൽ കാണിക്കുന്നത് പ്രേക്ഷകരെ വിഢികളാക്കുന്നതിന് സമമാണ്.
Also Read: Asif Ali : ആസിഫ് അലി കൂളാണ്; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം
ചിത്രത്തിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ ഉദ്ദേശിച്ച് കുറച്ച് ആക്ഷൻ രംഗങ്ങളും ചെയ്സിങ്ങ് സീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവയൊന്നും തന്നെ തീയറ്ററിൽ യാതൊരു ഇമ്പാക്ടും ഉണ്ടാക്കിയില്ല.അടുത്തിടെ ഇന്ത്യൻ സിനിമയിൽ പ്രൊപ്പഗന്‍റ മാത്രം ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന ചില ചിത്രങ്ങൾ ഉണ്ട്. അത്തരമൊരു ചിത്രമാണ് രാം സേതുവും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...