Movie News: നഹസ് ഹിദായത്തും സോഫിയ പോളും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ 9ാമത്തെ ചിത്രവും നഹസിന്റെ സംവിധാനത്തിലെത്തുന്ന രണ്ടാമത്തെ ചിത്രവുമാണിത്.
ആർഡിഎക്സിന്റെ വമ്പൻ വിജയത്തിന് പിന്നാലെ സോഫിയ പോളും നഹസ് ഹിദായത്തും വീണ്ടും കൈകോർക്കുന്നു. ഇവരുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ 9ാമത്തെ ചിത്രവും നഹസിന്റെ രണ്ടാമത്തെ ചിത്രവുമാണിത്. മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സിനിമ നിർമാണ രംഗത്ത് ഒരു ദശാബ്ദം പിന്നിടുകയാണ് സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്. ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രം നിർമ്മിച്ച് കൊണ്ട് മലയാള സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പിന്നീട് കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി, ആർ ഡി എക്സ് തുടങ്ങിയ ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചു.
ഓണം റിലീസായി എത്തിയ ആർ ഡി എക്സിൻ്റെ തകർപ്പൻ വിജയത്തിന് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് ആരംഭം കുറിച്ചിരിക്കുകയും ചെയ്തു. ഇന്ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. സുപ്രിയ പൃഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി. ആർ ഡി എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ്.ജെ.പുളിക്കൽ എന്നിങ്ങനെ നിരവധി പ്രമുഖരും ഈ ചടങ്ങിൽ പങ്കെടുത്തു. ആൻ്റണി വർഗീസ് നായകനാകുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്.
പ്രശസ്ത തമിഴ് സംവിധായകൻ എസ് എ പ്രഭാകരൻ, സലീൽ - രഞ്ജിത്ത് (ചതുർമുഖം), ഫാന്റം പ്രവീൺ (ഉദാഹരണം സുജാത), പ്രശോഭ് വിജയൻ (അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള അജിത് മാമ്പള്ളി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാവുകയാണ്. ഈ ചിത്രം കൂടാതെ നഹസിനൊപ്പവും, ചിദംബരത്തിനൊപ്പവും അൻവർ റഷീദിനൊപ്പമുള്ള സിനിമകളും ഈ അവസരത്തിൽ പ്രഖ്യപിച്ചു കഴിഞ്ഞു. ജാനേമൻ സംവിധായകനാണ് ചിദംബരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...