Mahima Nambiar: നോ പറയേണ്ടിടത്ത് അത് പറയണം..! എനിക്ക് പലപ്പോഴും അത് സാധിച്ചിട്ടില്ല; RDX ലെ നായിക മഹിമ മനസ്സ് തുറക്കുന്നു
Mahima Nambiar Interview: മലയാള സിനിമയിൽ കണ്ടന്റ് ആണ് ഹീറോ..! ഇവിടെ അഭിനയിക്കുന്നത് പ്രിവിലേജ് ആയി കാണുന്നു
റിലീസ് ചെയ്ത് കേരളമൊട്ടാകെ 'ഇടി' മുഴക്കം സൃഷ്ടിച്ച സിനിമയാണ് നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ ഡി എക്സ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളിൽ എത്തിയത് ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവൻ എന്നിവരാണ്. ഒപ്പം ലാൽ, ബാബു ആന്റണി, മഹിമാ നമ്പ്യാർ, മാലാ പാർവ്വതി, വിഷ്ണു അഗസ്ത്യ തുടങ്ങിയവരും അഭിനയിച്ചു. ഏറെ കാലത്തിന് ശേഷം മലയാളി പ്രേക്ഷകരെ സംബന്ധിച്ച് എല്ലാം കൊണ്ടും മികച്ച ഒരു സ്റ്റണ്ട് സിനിമയായിരുന്നു ആർ ഡി എക്സ്. ഇടിക്കൊപ്പം തന്നെ കണ്ടവരുടെയെല്ലാം മനസ്സിൽ കൊളുത്തിയ മറ്റൊന്നായിരുന്നു ഷെയ്ൻ എന്ന റോബർട്ടിന്റെയും മിനിമോളുടേയും പ്രണയം. ചിത്രത്തിൽ ഷെയനിന്റെ നായികയായ മിനിമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഹിമാ നമ്പ്യാർ ഇപ്പോൾ സീ ന്യൂസ് മലയാളവുമായി മനസ്സ് തുറന്നിരിക്കുകയാണ്.
1. RDX മൂവിയിലേക്ക് സെലക്ട് ചെയ്യാനുണ്ടായ സാഹചര്യം?
സംവിധായകൻ നഹാസ് തന്നെയാണ് ആർ ഡി എക്സ് സിനിമയിലേക്ക് എന്നെ ക്ഷണിച്ചത്... ഇതിനു മുന്നെയായി ആരവം എന്ന സിനിമയുടെ വർക്കിൽ ആയിരുന്നു അദ്ദേഹം. അതിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ആ സമയത്ത് തമിഴ് സിനിമയിൽ തിരക്കിൽ ആയതിനാൽ ഓക്കെ പറയാൻ കഴിഞ്ഞില്ല. അതു കഴിഞ്ഞു ആർ ഡി എക്സിന്റെ വർക്ക് തുടങ്ങുമ്പോഴും അദ്ദേഹത്തിന്റെ ആദ്യത്തെ ചോയ്സ് ഞാൻ തന്നെ ആയിരുന്നു. ടൈറ്റിൽ കേട്ടപ്പോൾ തന്നെ എനിക് ഇഷ്ട്ടപ്പെട്ടു... പിന്നെ സിനിമയിലും 2 ലുക്ക് ആയിരുന്നല്ലോ ഒരു പാസ്റ്റും പ്രെസെന്റുമായി... അതായത് എന്റെ കഥാപാത്രം എന്നത് ഒരു വ്യക്തിയിലുണ്ടായ വ്യത്യസ്ത സാഹചര്യവും അത് ഉൾക്കൊണ്ടുകൊണ്ടുള്ള മാറ്റവും ആണ് കാണിക്കുന്നത്.. അതു കൊണ്ടു തന്നെ മിനിമോൾ എന്ന കഥാപാത്രത്തെ എനിക് വളരെ അധികം ഇഷ്ട്ടപ്പെട്ടു.. മാത്രമല്ല ഞാനും മലയാളത്തിൽ നല്ലൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാം എന്ന ആഗ്രഹത്തിൽ കാത്തിരിക്കുകയായിരുന്നു. അതിനാൽ ആർ ഡി എക്സ് ചെയ്യാൻ തീരുമാനിച്ചു.
2. ഷെയ്ൻ നിഗവുമായി അഭിനയിച്ചപ്പോൾ ഉണ്ടായ എക്സ്പീരിയൻസ്?
കഥ പറയുമ്പോൾ തന്നെ ഷെയ്നിന്റെ നായിക കഥാപാത്രമാണ് എന്ന് സംവിധായകൻ പറഞ്ഞിരുന്നു..അത് കേട്ടപ്പോൾ ശെരിക്കും ത്രിൽ ആയി പക്ഷെ ചെറിയൊരു ടെൻഷനും തോന്നി. കാരണം എല്ലാവർക്കും അറിയാം ഷെയ്ൻ വളരെ റിയലിസ്റ്റിക് ആയി പെർഫോം ചെയ്യുന്ന ഒരു നടൻ ആണ്. സൊ അദ്ദേഹത്തിന്റെ ആ കഴിവിനൊപ്പം പിടിച്ചു നിൽക്കുക എന്നത് എനിക്കൊരു ടാസ്ക് ആയിട്ട് തോന്നി. പിന്നെ അദ്ദേഹത്തെ നേരത്തേ പരിചയവും ഉണ്ടായിരുന്നില്ല... ആദ്യമായി കാണുന്നത് സെറ്റിൽ വെച്ചാണ്...അന്ന് ആദ്യം ഷൂട്ട് ചെയ്തത് ഒരു ഇടവേളക്ക് ശേഷം ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്ന സീൻ ആയിരുന്നു. അത് കുറച്ചൊരു ഇമോഷണൽ ടച്ച് ഉള്ള സീൻ ആണ് പിന്നെ ഷെയ്നിന്റെ പെർഫോമൻസ് എങ്ങനെ ആയിരിക്കുമെന്ന് എല്ലാവർക്കും ധാരണ ഉണ്ട്.
അതുകൊണ്ട് തന്നെ എന്ടെ അഭിനയം എങ്ങനെ ഉണ്ടാകും എന്നറിയാനായി ചുറ്റും എല്ലാരും കാത്തിരിക്കുകയാണ്. ആ ടൈമിൽ ഉള്ളിൽ വല്ലാത്തൊരു ടെൻഷൻ ഫീലിംഗ് ആയിരുന്നു. ഷെയ്നിനെ കുറിച്ച് പറയുമ്പോൾ എടുത്ത് പറയേണ്ട കാര്യം അദ്ദേഹത്തിന്റെ ഡെഡിക്കേഷനും ഹാർഡ് വർക്കും ആണ്. കാരണം ഞങ്ങളുടെ ഡാൻസിന്റെ റിഹേഴ്സൽ നടക്കുന്ന സമയത്ത് രാവിലെ ഷെയ്നിന് ആക്ഷൻ രംഗങ്ങളുടെ റിഹേഴ്സലും ഉണ്ടാകും. വൈകിട്ട് ഷൂട്ട് ആയിരിക്കും... അതുപോലെ പ്രാക്ടീസ് നടക്കുന്ന ടൈമിൽ ആന്റണി, നീരജ്, ഷെയ്ൻ ഇവർ 3 പേരുമുള്ള സോങ്ങിന്റെ തയ്യാറെടുപ്പാണ് ഉച്ച വരെ. അത് കഴിഞ്ഞാൽ ബാക്കി രണ്ടു പേർ ഫ്രീ ആണ്... പക്ഷെ ഷെയൻ സെറ്റിൽ ഫുൾ ടൈം ഉണ്ടാവേണ്ട ഒരു സാഹചര്യം ആയിരുന്നു. പക്ഷെ യാതൊരു മടിയും കൂടാതെ ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട വ്യക്തി കൂടെയാണ് പുള്ളിക്കാരൻ. അതിനാൽ തന്നെ കൂടെ അഭിനയിച്ചപ്പോൾ ഷെയ്നിൽ നിന്നും നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. എന്നും ഓർമ്മിക്കാൻ പറ്റുന്ന ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടായി.
3. മാർഷ്യൽ ആർട്സ് മുന്നേ പരിശീലിച്ചിട്ടുണ്ടോ.. അതോ മിനി മോൾ എന്ന കഥാപാത്രത്തിന് മാത്രമായി പരിശീലിച്ചതാണോ... ?
മാർഷ്യൽ ആർട്സ് ഞാൻ ഇതിനു മുന്നേ പഠിച്ചിട്ടോ പെർഫോം ചെയ്തിട്ടോ ഒന്നും ഇല്ല. ക്ലാസിക്കൽ ഡാൻസ് അറിയാം.. സ്ക്രിപ്റ്റ് പറയുമ്പോൾ തന്നെ ഇങ്ങനെ ഒരു സീൻ ഉണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ കേട്ടപ്പോൾ ഞാൻ കരുതി ഒരു കിക്കോ, തള്ളോ അങ്ങനെ ചെറുതായിട്ട് വല്ലതും ആയിരിക്കും എന്നാണ്. പക്ഷെ ഇത്തരത്തിൽ കൃത്യമായ കരാട്ടെയുടെ മൂവ്മെന്റ്സും പൊസിഷൻസും എല്ലാം പാലിച്ചു കൊണ്ട് ഉണ്ടാകും എന്നു കരുതിയിരുന്നില്ല. ആ സീൻ ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ട് മുന്നേയുള്ള ദിവസം ആണ് നാളെ ഇതാണ് ഷോട്ട് എന്ന് എന്നോട് സംവിധായകൻ പറയുന്നത്. രാവിലെ വന്നൊന്ന് പ്രാക്ടീസ് ചെയ്യണം എന്ന് എന്നോട് പറഞ്ഞു. രാത്രിയാണ് ഷൂട്ട് എന്നും. സൊ ഞാൻ അതു പോലെ അടുത്ത ദിവസം രാവിലെ എത്തി. പക്ഷെ ആ ടൈമിൽ അവിടെ ഹീറോസിന്റെ സ്റ്റണ്ട് പ്രാക്ടീസ് നടക്കുകയായിരുന്നു. അതുകൊണ്ട് എനിക് പ്രാക്ടീസ് ചെയ്യാൻ ടൈം കിട്ടിയില്ല. പിന്നെ വൈകിട്ട് നേരെ കൊസ്റ്റ്യൂം എല്ലാം ഇട്ട് സ്പോട്ടിലേക് പോവുകയായിരുന്നു. രണ്ട് മൂന്ന് തവണ ചെയ്തു നോക്കി.. എനിക് പെട്ടെന്ന് ക്യാച്ച് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കട്ട് ചെയ്തു ഷൂട്ട് ചെയ്യാം എന്നായിരുന്നു പറഞ്ഞത്. പക്ഷെ ആക്ഷൻ പറഞ്ഞപ്പോൾ പിന്നെ സിംഗിൾ ഷോട്ടിൽ തന്നെ ഞാൻ അത് ഓക്കേ ആക്കി. ഞാൻ അതിൽ ചെയ്ത സ്റ്റണ്ട് സീൻ എല്ലാം ഓൺ സ്പോട്ട് കോറിയോഗ്രഫി ആയിരുന്നു. വലിയ രീതിയിൽ പ്രാക്ടീസ് ചെയ്തിട്ടില്ല.
4. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഇത്തരത്തിൽ ഏതെങ്കിലും ഒരു മാർഷ്യൽ ആർട്സ് പഠിച്ചിരിക്കണം എന്നു തോന്നുന്നുണ്ടോ?
ഇന്നത്തെ കാലത്ത് കുട്ടികൾ മാർഷ്യൽ ആർട്സ് അറിഞ്ഞിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം ആണ്. മാർഷ്യൽ ആർട്സ് എന്നതിൽ ഉപരി സെൽഫ് ഡിഫെൻസ് പഠിച്ചിരിക്കണം. അതുപോലെ പ്രധാനമാണ് നോ പറയാൻ പഠിക്കുക എന്നത്. നമുക്ക് പറ്റില്ല എന്നുണ്ടെങ്കിൽ ധൈര്യത്തോടെ നമുക്ക് അതിനോട് നോ പറയാൻ കഴിയണം. എന്നെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമായിരുന്നു നോ പറയുക എന്നത്. ഞാൻ അടുത്ത കാലത്തായാണ് അത് ശീലിച്ചത്. വളരെ ജെന്റിൽ ആയിട്ടുള്ള ഒരാളാണ് ഞാൻ. ഞാൻ കാരണം ആരും വിഷമിക്കരുത് എന്ന് ചിന്തിക്കുന്ന ഒരാളാണ്. അതിനാൽ തന്നെ എനിക്ക് പലപ്പോഴും നോ പറയാൻ കഴിഞ്ഞിട്ടില്ല. സൊ എല്ലാവരും പ്രത്യേകിച്ച് പെൺകുട്ടികൾ പഠിച്ചിരിക്കേണ്ട ബേസിക് ആയ കാര്യമാണ് നോ പറയാൻ ശീലിക്കുന്നതും സെൽഫ് ഡിഫെൻസും.
5. ഏത് ഭാഷയിൽ ആണ് ആദ്യമായി അഭിനയിച്ചത്?
കാര്യസ്ഥൻ സിനിമയിൽ ദിലീപിന്റെ അനിയത്തിയായാണ് ആദ്യമായി അഭിനയിച്ചത്. അപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുകയാണ്. പിന്നീട് 2 വർഷം സിനിമകളിൽ ഒന്നും അഭിനയിച്ചിരുന്നില്ല. അതിനു ശേഷം തമിഴിലാണ് അഭിനയിച്ചു തുടങ്ങിയത്. കൂടുതൽ ആയി തമിഴിൽ അഭിനയിച്ചതിനാൽ ആകാം പലരുടെയും ധാരണ ഞാൻ തമിഴ്നാട്ടുകാരി ആണെന്നാണ്. RDX ൽ അഭിനയിച്ചതിനു ശേഷമാണ് പലർക്കും ഞാൻ മലയാളി ആണെന്ന് മനസ്സിലായത്.
പിന്നീട് കൂടുതലും സജീവമായത് തമിഴിലായിരുന്നു. കാര്യസ്ഥന് ശേഷം ഏകദേശം 5 വർഷ കഴിഞ്ഞാണ് ഞാൻ മാസ്റ്റർപീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. അത്ര സമയം എടുക്കേണ്ടി വന്നു പിന്നീട് വീണ്ടും മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുന്നതിനായി. ഞാൻ ആയിട്ട് എടുത്ത ഒരു ഗ്യാപ് ആയിരുന്നില്ല അത്. ആദ്യ സിനിമയായ കാര്യസ്ഥനിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. സൊ അതിന്റെ പുറകെ കൂടുതൽ പ്രൊജക്റ്റ്‌സ് ഒന്നും വന്നില്ല എന്നുള്ളതാണ് സത്യം. എനിക് നല്ല അവസരങ്ങൾ കൂടുതൽ കിട്ടിയത് തമിഴിൽ നിന്നുമാണ് അതുകൊണ്ട് അവിടെ സജീവമായി.
6. മലയാളത്തിൽ അഭിനയിച്ചു തുടങ്ങുമ്പോൾ ഇത്തരത്തിൽ ഒരു കഥാപാത്രമായിരിക്കണം അങ്ങനെ എന്തെങ്കിലും ആഗ്രഹം മനസ്സിൽ ഉണ്ടായിരുന്നോ?
ഇല്ല.. അത്തരത്തിൽ ഒരു ഐഡിയയും ഇല്ലാതെയാണ് ഞാൻ സിനിമയിലോട്ട് വന്നത്... അതിപ്പോൾ മലയാളത്തിലായാലും തമിഴിൽ ആയാലും. നമുക്ക് കിട്ടുന്ന കഥപാത്രങ്ങളെ അവതരിപ്പിക്കുക എന്നു മാത്രമാണ് ചിന്തിച്ചത്. ആ കഥാപാത്രത്തെ മികച്ചതാക്കാൻ എന്തു ചെയ്യാൻ സാധിക്കും എന്നു മാത്രമാണ് ഞാൻ ചിന്തിക്കാറുള്ളത്. പലരും എന്നോട് ചോദിക്കാറുണ്ട് ഒരു 5 വർഷം കഴിയുമ്പോഴേക്കും ഏതു നിലയിൽ എത്തണമെന്നാണ് ആഗ്രഹം ആരെപോലെ ആകാനാണ് ഇഷ്ടം എന്നൊക്കെ.. പക്ഷെ ഞാൻ അങ്ങനെ ഒന്നും ചിന്തിക്കുന്നില്ല.. കാരണം ലൈഫിൽ നമുക്കൊന്നും പ്രെഡിക്റ്റ് ചെയ്യാൻ കഴിയില്ലല്ലോ.
7. ആദ്യം മൂന്ന് മലയാള ചിത്രങ്ങളിലെയും താരതമ്യം ചെയ്യുമ്പോൾ RDX മൂവിയിലെ മിനിമോളെയാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തതും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഈ കഥാപാത്രത്തിന് ഓക്കേ പറയുമ്പോൾ ഇത്തരത്തിൽ ഒരു സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ആർ ഡി എക്സിലെ കഥാപാത്രമായ മിനിമോൾ ഇത്രയധികം ഹിറ്റ് ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നല്ല സബ്ജെക്ട് ആണെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടും എന്നും അറിയാമായിരുന്നു. പക്ഷെ ഇത്തരത്തിൽ ഒരു സ്വീകരണം ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്റെ കഥാപാത്രം എന്നല്ല ഞങ്ങളുടെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്. RDX സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും കിട്ടിയ അംഗീകാരം ആണിത്.
8. കാര്യസ്ഥനിൽ മലയാള സിനിമയിലെ മികച്ച നടന്മാർക്കും നടിമാർക്കും ഒപ്പം അഭിനയിക്കാൻ സാധിച്ചു.. ഉണ്ടായ എക്സ്പീരിയൻസ്?
കാര്യസ്ഥനിൽ അഭിനയിച്ചത് വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു. നമ്മൾ സ്‌ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഒരുപാട് മികച്ച ആർട്ടിസ്റ്റുകളെ എനിക് ഒരുമിച്ചു കാണാൻ സാധിച്ചു. അവർക്കൊപ്പം നിൽക്കാൻ പറ്റുക സംസാരിക്കാൻ പറ്റുക എന്നുള്ളത് തന്നെ വല്യ കാര്യമല്ലേ?ആദ്യം കണ്ടപ്പോൾ ഒരു ടെൻഷൻ ആയിരുന്നു. ദിലീപേട്ടൻ വളരെ സ്വീറ്റ് ആൻഡ് ഡൗൺ ടു എർത്ത് ആയിട്ടുള്ള മനുഷ്യൻ ആണ്. സൊ അവർക്കൊപ്പം എല്ലാം എനിക് അഭിനയിക്കാൻ സാധിച്ചു. അത് വല്യ ഭാഗ്യമായി കാണുന്നു.
9. മലയാള സിനിമാ മേഖലയും തമിഴ് സിനിമാ മേഖലയും തമ്മിൽ തോന്നിയ വലിയ ഡിഫറൻസ്?
വലിയ മാറ്റം ഒന്നും തോന്നിയിട്ടില്ല.. എങ്കിലും ഞാൻ ഒരു ഗ്യാപ് എടുത്തു തിരിച്ചെത്തിയപ്പോൾ എനിക് തോന്നിയത് മലയാള സിനിമയുടെ ഒരു ലെവൽ ഏകദേശം മാറി എന്നാണ്. കണ്ടന്റ് ആയാലും പ്രേക്ഷകരുടെ ലെവൽ ആയാലും ഒരുപാട് മാറി. ഒരു സിനിമയെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുന്നു എന്നതൊക്കെ മാറി. മലയാള സിനിമ കണ്ടന്റ് ഓറിയന്റെഡ് ആണ്. സൊ ആ തലത്തിൽ മലയാളത്തിൽ അഭിനയിക്കുക എന്നത് ഒരു പ്രിവിലേജ് തന്നെയാണ്. കാരണം മലയാള സിനിമയിൽ കണ്ടന്റ് ആണ് ഹീറോ. അത് മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇവിടെ വലിയ ഹീറോകളുടെ ആവശ്യം ഇല്ല നല്ല കൺടെന്റും അതിനെ രൂപപ്പെടുത്തി എടുക്കാൻ നല്ല സംവിധായകനും ഉണ്ടെങ്കിൽ ഇവിടെ സിനിമയ്ക്ക് കണ്ണും പൂട്ടി ഓക്കേ പറയാം.
10. സിനിമ നോക്കുമ്പോൾ നാല് മലയാള സിനിമകളിലാണ് അഭിനയിച്ചിരിക്കുന്നത്... മലയാളത്തിൽ നിന്നും കൂടുതൽ ചാൻസുകൾ ലഭിക്കാത്തതുകൊണ്ടാണോ അതോ തമിഴിൽ ആക്ടീവ് ആകാൻ ആണോ താൽപര്യം?
മലയാളത്തിൽ നിന്നും നല്ല അവസരങ്ങൾ ലഭിക്കാത്തതിനാൽ ആണ് തമിഴിൽ സജീവമായത്. തമിഴിൽ നിന്നായിരുന്നു നല്ല അവസരം ലഭിച്ചത്. അല്ലാതെ തമിഴിൽ തന്നെ അഭിനയിക്കണം എന്ന മോഹം കൊണ്ടല്ല. മലയാളത്തിൽ അഭിനയിക്കാനും വളരെ ഇഷ്ടമാണ്. മാത്രമല്ല നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയുമായിരുന്നു. കാരണം ഇവിടെ അഭിനയിക്കുബോൾ നമ്മൾ കൂടുതൽ കോൺഷ്യസ് ആകേണ്ടതുണ്ട്. നല്ല കഥാപാത്രം വന്നാൽ ഇനിയും അഭിനയിക്കും.
11. RDX മൂവി സെറ്റിലെ അനുഭവം?
ആദ്യ ദിവസം അൽപ്പം ബുദ്ധിമുട്ട് തോന്നിയിരുന്നു. പിന്നീട് ഓക്കേ ആയി. കൂടുതൽ ഷെയ്നിന്റെ കൂടെ ആയിരുന്നു അഭിനയിച്ചത്. പിന്നെ ലാൽ സർ, മാല ചേച്ചി, ആന്റണി പെപ്പേ, നീരജ് ഇവരുടെയെല്ലാം കൂടെ അഭിനയിക്കാൻ സാധിച്ചു. അതെല്ലാം നല്ല അനുഭവം ആയിരുന്നു. എല്ലാവരും വളരെ ഫ്രണ്ട്ലി ആയിരുന്നു, വളരെ കംഫർട്ടബിൾ ആയിരുന്നു.
12. ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക്കിൽ അഭിനയിക്കുന്നുണ്ടെന്ന് കേട്ടല്ലോ.. അതിൽ ഏതു കാരക്ടർ ആണ് ചെയ്യുന്നത്?
അതേ... മുത്തയ്യ മുരളീധരൻ സാറിന്റെ ബയോ പിക്കിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ റോൾ ആണ് ചെയ്യുന്നത്. മതിമലർ എന്നാണ് കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം പൂർണ്ണമായി കഴിഞ്ഞു. ശ്രീലങ്കയിൽ വെച്ചായിരുന്നു ഷൂട്ടിങ്. പടം അടുത്ത മാസം റിലീസ് ചെയ്യും. അതുപോലെ ചന്ദ്രമുഖി 2 വിൽ ലോറെൻസ് മാസ്റ്ററിന്റെ പെയർ ആയിട്ട് ചെയ്യുന്നുണ്ട്. പടം 20ന് റിലീസ് ചെയ്യും. എല്ലാം വളരെ സീനിയർ ആർട്ടിസ്റ്റുകൾ ആണ്. കൂടാതെ വിജയ് ആന്റണിയുടെ റിഥം എന്ന സിനിമ റിലീസ് ചെയ്യാൻ ഉണ്ട്. അതിൽ നായിക കഥാപാത്രം ആണ്. കൂടാതെ എം ശരവണൻ സാറിന്റെ നാട് എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതൊരു കണ്ടന്റ് ഓറിയന്റഡ് ചിത്രമാണ്. മലയാളത്തിൽ വേറെ സിനിമകൾ ഒന്നും തല്ക്കാലം ഇല്ല. ലാസ്റ്റ് റിലീസ് ചെയ്തത് വാലാട്ടിയാണ്. മൃഗങ്ങളുടെ സിനിമ ആയതിനാൽ ചെയ്യണം എന്നു ആഗ്രഹം തോന്നി ചെയ്തു അത്ര മാത്രം.
13. സിനിമ മേഖല സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു ജോലി മേഖല അല്ല എന്ന അഭിപ്രായങ്ങളെ കുറിച്ച് മഹിമയ്ക്ക് എന്താണ് പറയാനുള്ളത്?
നമുക്ക് നമ്മുടെ എക്സ്പീരിയൻസ് വെച്ചാണല്ലോ ഒരു കാര്യത്തിന് അഭിപ്രായം പറയാൻ സാധിക്കു. മറ്റുള്ള ആളുകളുടെ അനുഭവത്തിൽ നിന്നും അഭിപ്രായം പറയാൻ കഴിയില്ല. എന്നെ സംബന്ധിച്ചു ഞാൻ വളരെ മുന്നേ തന്നെ സിനിമ മേഖലയിൽ എത്തിയ ഒരാളാണ്. എനിക്കിതുവരെ ഈ മേഖലയിൽ നിന്നും മോശമായ അനുഭവം ഉണ്ടായിട്ടില്ല. എന്നോടാരും ഇതുവരെ മോശമായി പെരുമാറുകയോ സമീപിക്കുകയോ ചെയ്തിട്ടില്ല. ഇതിനേക്കാൾ ഉപരി നമ്മൾ നോ പറയേണ്ടിടത്ത് നോ പറയണം. എന്നെ സംബന്ധിച്ച് എപ്പോഴും എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടാകാറുണ്ട്. ഈ അടുത്ത കാലത്താണ് തനിച്ച് യാത്ര ചെയ്യാൻ തുടങ്ങിയത്. പക്ഷെ ഒരു പ്രായത്തിനു ശേഷം അവർ തന്നെ തീരുമാനിക്കുകയായിരുന്നു എന്റെ കാര്യങ്ങളിൽ ഞാൻ കൂടുതൽ ശ്രദ്ധ നൽകണം എന്നത്. സൊ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങി. അപ്പോൾ തൊട്ടാണ് ഞാൻ നോ യുടെ പ്രാധാന്യം മനസ്സിലാക്കിയത് അതു പറയാനായി ശീലിച്ചതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...