വിജയ് എന്ന സ്റ്റാറിന്‍റെ സ്ക്രീൻ പ്രെസൻസും ഫാൻ പവറും ഉപയോഗിച്ച് തന്‍റെ സ്ഥിരം ഡാർക്ക് കോമഡി സ്റ്റൈൽ ചിത്രം നിർമ്മിച്ചെടുക്കാൻ നെൽസൺ ശ്രമിച്ചപ്പോൾ ലഭിച്ച പകുതി വെന്ത ചിത്രം, അതാണ് ബീസ്റ്റ്. ഇന്ത്യയിലെ മുഴുവൻ സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്ന കെ.ജി.എഫ് പോലൊരു ചിത്രത്തിനോടൊപ്പം ക്ലാഷ് റിലീസ് ചെയ്തപ്പോൾ കോലമാവ് കോകിലയിലും ഡോക്ടറിലും ലഭിച്ചത് പോലെയുള്ള ഒരു നെൽസൺ മാജിക്ക് ആരാധകർ ബീസ്റ്റിൽ നിന്നും പ്രതീക്ഷിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ തൻറെ സിഗ്നേച്ചർ ആയ ഡാർക്ക് കോമഡി വേണ്ട രീതിയിൽ ബീസ്റ്റിൽ വർക്കൗട്ട് ആയില്ല എന്ന് മാത്രമല്ല ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ വിജയ് എന്ന താരത്തെയും ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ തന്‍റേതായ ശൈലിയിൽ ആരാധകർക്ക് പുതിയൊരു സ്റ്റൈൽ വിജയ് ചിത്രം നൽകാൻ ശ്രമിച്ചപ്പോൾ പാളിയ ഒന്നാണ് ബീസ്റ്റ്. 


വലിയ കാത്തിരിപ്പുകൾക്കൊടുവിൽ പുറത്തിറങ്ങിയ വിജയ് - നെൽസൺ കൂട്ട്കെട്ടിലെ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തെ വലിയ ആഘോഷമായി വരവേൽക്കാൻ വിജയ് ആരാധകർ ദിവസങ്ങൾക്ക് മുന്നേ ഒരുങ്ങിയിരുന്നു. സൺ പിക്ച്ചേഴ്സിന്‍റെ ബാനറിൽ കലാനിധിമാരൻ ആണ് ചിത്രം നിർമ്മിച്ചത്. ഒരു എക്സ് റോ ഏജന്‍റായ വിജയ് യുടെ വീര രാഘവൻ എന്ന കഥാപാത്രത്തിന് തന്‍റെ സംഘടനയിൽ നിന്ന് നേരിടേണ്ടിവന്ന ഒരു മോശം അനുഭവം കാരണം ഉണ്ടാകുന്ന വിഷാദത്തെക്കുറിച്ച് പറഞ്ഞ്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. മറ്റ് വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത ഒരു സിമ്പിൾ എൻട്രിയാണ് വിജയ്ക്ക് നെൽസണ്‍ ഈ ചിത്രത്തിൽ നൽകിയിരിക്കുന്നത്. 



ദളപതിയുടെ വരവിന്‍റെ ബിൽഡപ്പ് കാത്തിരുന്ന വിജയ് ആരാധകർക്ക് ചിത്രത്തിന്‍റെ തുടക്കത്തിൽത്തന്നെ ഇതൊരു നിരാശ ആകുന്നുണ്ട്. എന്നാൽ വ്യത്യസ്തത ആഗ്രഹിക്കുന്ന സിനിമാ പ്രേമികള്‍ക്ക് സംതൃപ്തി നല്‍കുന്ന ഒരു ഘടകമാണ് വജയ് എന്ന സൂപ്പർ താരത്തിന്‍റെ ഈ സിമ്പിൾ എന്‍ട്രി. വീര രാഘവൻ എന്ന കേന്ദ്ര കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ശേഷം ചിത്രം നേരെ അതിന്‍റെ പ്രധാന കഥയിലേക്ക് കടക്കുകയാണ്. 


ചെന്നൈയിലെ ഒരു ഷോപ്പിങ്ങ് മാൾ ഒരു സംഘം തീവ്രവാദികൾ ഹൈജാക്ക് ചെയ്യുമ്പോൾ വീര രാഘവൻ അതിനുള്ളിൽ യാദൃശ്ചികമായി അകപ്പെടുന്നതും തുടർന്ന് ഈ എക്സ് റോ ഏജന്‍റ് തീവ്രവാദികൾക്കെതിരെ നടത്തുന്ന ഒറ്റയാൾ പോരാട്ടവും ആണ് ബീസ്റ്റ് എന്ന ചിത്രത്തിന്‍റെ പ്രമേയം. തീവ്രവാദം എന്ന അങ്ങേയറ്റം ഗൗരവകരമായ ഒരു വിഷയത്തെ പലയിടത്തും ഡാർക്ക് കോമഡി കലർത്തി കൈകാര്യം ചെയ്തത് വളരെയധികം അരോചകമായി അനുഭവപ്പെട്ടു. ചിത്രത്തിന്‍റെ സീരിയസ് മൂഡിലുള്ള ഒരു ഒഴുക്ക് അത് കാരണം പലയിടത്തും തടസ്സപ്പെടുന്നുണ്ട്. 


നെൽസന്‍റെ മുൻ ചിത്രമായ ഡോക്ടറിനേക്കാൾ പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കാൻ സാധിക്കുന്ന ഒട്ടനവധി കഥാസന്ദർഭങ്ങൾ ബീസ്റ്റിൽ ഉണ്ടായിരുന്നിട്ടും പ്രേക്ഷകർക്ക് ആവേശവും അഡ്രിനാലിൻ റഷും പകരുന്ന ഒറ്റ രംഗം പോലും ബീസ്റ്റ് എന്ന ചിത്രത്തിൽ ഇല്ല. വെറുതെ കുറച്ച് ആക്ഷൻ രംഗങ്ങൾ കാണിച്ച് കഥ പുരോഗമിക്കുന്നു എന്നല്ലാതെ അവ യാതൊരു തരത്തിലെ സ്വാധീനവും സിനിമയിൽ ഉണ്ടാക്കുന്നില്ല. 


ബീസ്റ്റിലെ കാസ്റ്റിങ്ങ് എല്ലാം അത്യാവശ്യം മികച്ചത് ആയിരുന്നു. നായികക്ക് പ്രാധാന്യം വളരെ കുറഞ്ഞ ചിത്രം ആയിരുന്നിട്ട് കൂടി തനിക്ക് ലഭിച്ച വേഷം പൂജ ഹെഗ്ഡെ നല്ല രീതിയിൽ കൈകാര്യം ചെയ്തു. മലയാളി താരങ്ങളായ അപർണ്ണാ ദാസിനും ഷൈൻ ടോം ചാക്കോയ്ക്കും കഥാഗതിയിൽ അത്യാവശ്യം പ്രാധാന്യമുള്ള വേഷങ്ങളാണ് ലഭിച്ചത്. ഇരുവരും അത് മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.  ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ് അനിരുദ്ധിന്‍റെ ഗാനങ്ങൾ ആണ്.



പ്രത്യേകിച്ച് സിനിമയുടെ തുടക്കത്തിൽ തന്നെയുള്ള അറബിക്ക് കുത്ത് എന്ന സൂപ്പർഹിറ്റ് ഗാനം. വിജയ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിലെല്ലാം നൽകിയിട്ടുള്ള ബി.ജി.എം മികച്ച ഒരു തീയേറ്റർ അനുഭവം കാണികൾക്ക് നൽകുന്നുണ്ട്. സൗത്ത് ഇന്ത്യൻ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഫൈറ്റർ ജെറ്റ് ചെയ്സിങ്ങ് രംഗങ്ങൾ സിനിമയിലെ വ്യത്യസ്തത പുലർത്തുന്ന ഒരു ഘടകം ആയിരുന്നു. എന്നാൽ അത് മുന്നോട്ട് വയ്ക്കുന്ന കഥാസന്ദർഭം സാമാന്യ യുക്തിക്ക് നിരക്കാത്തതാണെന്നതാണ് സത്യം. 


എങ്കിലും വിജയ് തന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്നതിൽ നിന്ന് മാറി ചിന്തിച്ച് തുടങ്ങി എന്നതിന് തെളിവാണ് ബീസ്റ്റ് എന്ന ചിത്രം. ഇത് അദ്ദേഹത്തിന്‍റെ ഭാവി പ്രോജക്റ്റുകൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. മോശം അഭിപ്രായങ്ങൾ നേടിയാൽ പോലും വിജയ് ചിത്രങ്ങൽ ബോക്സ് ഒഫീസിൽ നിന്ന് മികച്ച കളക്ഷൻ വാരിക്കൂട്ടുന്നത് അദ്ദേഹത്തിന്‍റെ മുൻ ചിത്രങ്ങളായ ഭൈരവ, സർക്കാർ തുടങ്ങിയ സിനിമകൾ പുറത്തിറങ്ങിയപ്പോൾ കണ്ടതാണ്. എന്നാൽ കെ.ജി.എഫ് ചാപ്പ്റ്റർ 2 പോലൊരു ഭീമൻ പാൻ ഇന്ത്യൻ ചിത്രം മുന്നിൽ നിൽക്കുമ്പോൾ ബീസ്റ്റിന്‍റെ ഭാവി എന്താകും എന്നുള്ളത് കണ്ട് തന്നെ അറിയണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.