Romancham Ott Update: അപ്പോ ഇനി മാറ്റമില്ല! ഈ ദിവസം തന്നെ `രോമാഞ്ചം` ഒടിടിയിലെത്തും; എവിടെ, എപ്പോൾ കാണാം?
Romancham Ott Release: ഏപ്രിൽ 7 മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങുമെന്ന വിവരം സൗബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ അറിയിച്ചത്.
സൗബിൻ സാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം രോമാഞ്ചം ഉടൻ ഒടിടി സ്ട്രീമിങ് തുടങ്ങും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രിൽ 7 മുതൽ ചിത്രം സ്ട്രീം ചെയ്യും. ഏപ്രിൽ 7 മുതൽ ചിത്രം ഒടിടിയിൽ എത്തുമെന്ന് സൗബിൻ തന്നെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ചിത്രത്തിന്റെ ഒടിടി റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫെബ്രുവരി 3ന് തിയേറ്ററുകളിൽ എത്തിയ രോമാഞ്ചം വമ്പൻ ഹിറ്റ് ആയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയായി മാറി. ഹൊറർ കോമഡി വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജിത്തു മാധവനാണ് ചിത്രത്തിന്റെ സംവിധായകൻ. ജോൺപോൾ ജോർജ് പ്രൊഡക്ഷൻസിന്റെയും ഗപ്പി സിനിമാസിന്റെയും ബാനറുകളിൽ ജോൺപോൾ ജോർജ്, സൗബിൻ ഷാഹിർ, ഗിരീഷ് ഗംഗാധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്നം ജോൺപോൾ, സുഷിൻ ശ്യാം എന്നിവരാണ് സഹനിർമ്മാതാക്കൾ.
ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ വിളിച്ചു വരുത്തലുമൊക്കെ ചേര്‍ത്ത് ഭയവും അതിലേറെ ചിരിയും നിറയ്ക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സജിന്‍ ഗോപു, സിജു സണ്ണി, അഫ്സല്‍ പി എച്ച്, അബിന്‍ ബിനൊ, ജഗദീഷ് കുമാര്‍, അനന്തരാമന്‍ അജയ്, ജോമോന്‍ ജ്യോതിര്‍, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
ചെമ്പൻ വിനോദ് ചിത്രത്തിൽ കാമിയോ വേഷത്തിലും എത്തുന്നുണ്ട്. കേരളത്തിനൊപ്പം റിലീസ് ചെയ്യപ്പെട്ട മറ്റ് മാര്‍ക്കറ്റുകളിലും ചിത്രം വിജയമായിരുന്നു. ബോക്സ് ഓഫീസ് തകർത്തു വാരിയിരിക്കുകയാണ് രോമാഞ്ചം. പേര് പോലെ തന്നെ പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കാൻ ചിത്രത്തിന് സാധിച്ചുവെന്നതിന്റെ തെളിവാണ് ഈ വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. വളരെ വേഗം തന്നെ 50 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു.
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളുടെ കൂട്ടത്തില്‍ രോമാഞ്ചവും ഇടംപിടിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മോഹൻലാൽ ചിത്രം ദൃശ്യത്തെ മറികടന്ന് മലയാളം ഹിറ്റുകളില്‍ രോമാഞ്ചം ഏഴാം സ്ഥാനത്ത് എത്തിയെന്നായിരുന്നു റിപ്പോർട്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ആഗോള തലത്തിൽ 65 കോടിയിലധികം ചിത്രം നേടിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ കളക്ഷൻ ദൃശ്യത്തെ മറികടന്നിട്ടില്ലെന്നാണ് ചിലർ പറയുന്നത്. ദൃശ്യം മാത്രമല്ല, ഒപ്പം എന്ന സിനിമയുടെ കളക്ഷനേയും കടന്നിട്ടില്ലെന്നും പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...