മിനിമം മാസ്സ് ആക്ഷൻ പ്രതീക്ഷിക്കുന്ന ഏതൊരു പ്രേക്ഷകനും കണ്ണും പൂട്ടി സെലക്ട് ചെയ്യാവുന്ന സംവിധായകനാവാൻ രാജമൗലിയെ സഹായിച്ചത് ബാഹുബലിയാണ്. അതേ ചിന്ത വീണ്ടും അരക്കിട്ട് ഉറപ്പിക്കാൻ ആർ ആർ ആർ എന്ന ചിത്രം വേണ്ടി വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒറ്റവാക്കിൽ രാജമൗലിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവലാണ് "ആർ ആർ ആർ" അധവാ "രൗദ്രം രണം രുധിരം". രാംചരൺ, ജൂനിയർ എൻ.ടി.ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ തുടങ്ങി ഒരു വൻ താരനിര അണിനിരന്ന ചിത്രമാണ് ഇത്. ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തെ പശ്ചാത്തലമാക്കി എടുത്ത ഒരു സാങ്കൽപ്പിക കഥയാണ് ചിത്രത്തിൻറെ പ്രമേയം.


മുന്നിൽ വരുന്ന എന്തിനെയും കത്തിച്ച് ചാമ്പലാക്കാൻ ശേഷിയുള്ള പ്രതികാരവുമായി നടക്കുന്ന സീതാരാമ രാജു, ജലം പോലെ ശാന്തനായ, എന്നാൽ ഒരു വൻ തിരമാല ഉള്ളിൽ കൊണ്ട് നടക്കുന്ന കൊമരം ഭീമും പിറന്ന മണ്ണിന് വേണ്ടി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഈ ചിത്രം.



വളരെ മികച്ച രീതിയിൽ  അഗ്നി, ജലം, മണ്ണ് എന്നീ പ്രതീകങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെയും കഥാപശ്ചാത്തലത്തിലൂടെയും രാജമൗലി ആർ ആർ ആറിൽ ഒരുക്കിയിട്ടുള്ളതായി ഇതിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കും. 


ഗോണ്ട് ജാതിയിലുള്ള ഒരു പെൺകുട്ടിയെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തട്ടിക്കൊണ്ട് പോകുന്നു. ഈ കുട്ടിയെ രക്ഷിക്കാനായി കൊമരം ഭീം ശ്രമിക്കുന്നതും ഇയാളെ തടയാനായി ബ്രിട്ടീഷുകാർ സീതാരാമ രാജു എന്ന പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന നാടകീയവും വൈകാരികവുമായ സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.


 പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും പ്രകടമാണ് ആർ ആർ ആറിന്റെ പ്രധാന ആകർഷണം. തന്റെ അഭിനേതാക്കളെ മികച്ച രീതിയിൽ ഉപയോഗിക്കുന്ന രാജമൗലിക്ക് ഈ ചിത്രത്തിലൂടെ രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ പുറത്ത് എത്തിക്കാൻ സാധിച്ചു. സംഘട്ടന രംഗങ്ങളും നൃത്തരംഗങ്ങളിലും ഇരുവരും ഒപ്പത്തിനൊപ്പം തന്നെ നിൽപ്പുണ്ട്.


 തന്റെ രണ്ട് നായകന്മാർക്കും ചിത്രത്തിൽ തുല്ല്യപ്രാധാന്യം നൽകാൻ രാജമൗലി ശ്രമിച്ചെങ്കിലും കഥാഗതിയിൽ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് രാംചരൺ അഭിനയിച്ച സീതാരാമ രാജു എന്ന കഥാപാത്രത്തിനാണ്. അജയ് ദേവ്ഗൺ വളരെ കുറച്ച് സമയം മാത്രമേ സ്ക്രീനിൽ വരുന്നുള്ളു എങ്കിലും ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ മികച്ച രീതിയിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.



ചിത്രത്തിന് മൂന്ന് മണിക്കൂർ ദൈർഖ്യവും രണ്ടാം പകുതിയിലെ ചിത്രത്തിന്റെ മെല്ലെപ്പോക്കും ചെറിയ രീതിയിൽ കല്ല്കടി ആകുന്നുണ്ട്. രാജമൗലി ചിത്രങ്ങളിലെ പ്രധാന ആകർഷങ്ങളിൽ ഒന്നാണ് അതിലെ ശക്തമായ വില്ലൻ കഥാപാത്രങ്ങൾ. ബാഹുബലിയിലെ പൽവാൾ ദേവനെയും ഈച്ചയിലെ സുധീപിനെയും പോലെ  നായകനെക്കാൾ ശക്തരായ വില്ലൻ കഥാപാത്രങ്ങൾ പ്രേക്ഷകരിൽ വലിയ ആകാംഷയും ഉദ്വേഗവും ഉണ്ടാക്കിയിരുന്നു. 


എന്നാൽ അത്തരം ഒരു വില്ലന്റെ അഭാവം ആർ ആർ ആറിൽ പ്രകടമായിത്തന്നെ ഉണ്ട്. ഇന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളായ ആലിയ ഭട്ട്, ആർ ആർ ആറിൽ അഭിനയിക്കുന്നുണ്ടെങ്കിലും ചിത്രത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, നായകന്മാരുടെ നിഴലായി നിൽക്കുന്ന ഒരു കഥാപാത്രമായി അത് മാറി. 


ബാഹുബലിയിലെ ശിവകാമി ദേവിയെയും, ദേവസേനയെയും പോലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം ആർ ആർ ആറിൽ ഉണ്ട്. തിരക്കഥയിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതിനെയൊക്കെ പ്രകടമാകാത്ത രീതിയിൽ തന്റെ സംവിധാനമികവ് കൊണ്ട് മറികടക്കാൻ രാജമൗലിക്ക് സാധിക്കുന്നുണ്ട്. 


പ്രേക്ഷകരെ രോമാഞ്ചം കൊള്ളിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന നിരവധി രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. 3D യിലും ചിത്രം പ്രദർശിപ്പിക്കുന്നതിനാൽ വലിയൊരു ദൃശ്യ വിസ്മയം ആയി മാറുകയാണ് "ആർ ആർ ആർ". ചിത്രത്തിന്റെ പാട്ടുകൾ തീയറ്ററിൽ വലിയ ഓളം ഉണ്ടാക്കി, പ്രത്യേകിച്ച് നിരവധി surprise കൾ പ്രേക്ഷകർക്ക് സമ്മാനിച്ച "ഛണ്ട" എന്ന പാട്ടും രാം ചരണും ജൂനിയർ എൻ.ടി.ആറും മത്സരിച്ച് ചുവട് വച്ച "കരിന്തോൾ" എന്ന ഗാനവും.



 ചുരുക്കത്തിൽ ചെറിയ ചില ന്യൂനതകൾ മാറ്റി നിർത്തിയാൽ ഒരു ശരാശരി ഇന്ത്യക്കാരന് ആസ്വദിക്കാനാകുന്ന എല്ലാ ചേരുവകളും ആർ ആർ ആറിൽ ഉണ്ട്. ഇനി അറിയേണ്ടത് രാജമൗലി തന്റെ പഴയ ബാഹുബലി കളക്ഷൻ റെക്കോഡ് ആർ ആർ ആറിലൂടെ തകർക്കുമോ ഇല്ലയോ എന്ന് മാത്രമാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.