സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് പ്രഭാസ്, പൃഥ്വിരാജ് ചിത്രം സാലാറിന്റെ ടീസർ. ചിത്രത്തിന്റെ ആദ്യ പ്രൊമോ വീഡിയോ റിലീസായി 48 മണിക്കൂറിനുള്ളിൽ 100 മില്യൺ കാഴ്ചക്കാരെയാണ് നേടിയെടുത്തിരിക്കുന്നത്. സലാർ പാർട്ട് ഒന്ന് സീസ് ഫയർ എന്ന പേരിലാണ് പ്രശാന്ത് നീൽ ചിത്രത്തിന്റെ ആദ്യ ഭാഗം അവതരിപ്പിക്കുന്നത്. ബാഹുബലിക്ക് ശേഷം പുറത്തിറങ്ങിയ സാഹോ, രാഥേ ശ്വാം, ആദിപുരുഷ് എന്നീ ചിത്രങ്ങളിലൂടെ പരാജയം രുചിച്ച പ്രഭാസിന് തന്‍റെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുള്ളൊരു സുവർണാവസരം കൂടിയാണ് സലാർ. മലയാളികളുടെ പ്രിയ താരമായ പൃഥ്വിരാജ് സുകുമാരനും ഒരു പ്രധാന വേഷത്തിൽ സലാറിലെത്തുന്നുണ്ട്. രണ്ട് സൂപ്പർ താരങ്ങളും ടീസറില്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സ്കോർ ചെയ്തിരിക്കുന്നത് ടിന്നു ആനന്ദാണ്. വർഷങ്ങൾക്ക് ശേഷം അദ്ദേഹം അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വേഷമാകും സലാറിലേതെന്നത് ടീസറിലെ രംഗങ്ങളിൽ നിന്ന് ഉറപ്പിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടീസർ ആരംഭിക്കുന്നത് ആഫ്രിക്കയിലെ ഒരു സ്ട്രീറ്റിൽ നിന്നാണ്. ടിന്നു ആനന്ദിന്‍റെ കഥാപാത്രത്തിന്‍റെ കാറിനെ ആയുധധാരികളായ ഏതാനും പേർ വളഞ്ഞിട്ടുണ്ട്. തുടർന്ന് ആ കഥാപാത്രം നായകനെപ്പറ്റി നടത്തുന്ന ചെറിയൊരു ഇൻട്രൊഡക്ഷനിലൂടെയാണ് ടീസറിലെ ദൃശ്യങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ഏറെക്കുറെ ഒരു കെജിഎഫ് മോഡലിലാണ് ചിത്രത്തിന്‍റെ കളർ ടോണും, ആക്ഷൻ സീക്വൻസും എല്ലാം ചിത്രീകരിച്ചിട്ടുള്ളത്. സലാറിലെ കഥാപാത്രങ്ങളും ഏറെക്കുറെ കെജിഎഫിന് സമാനമാണെന്ന് പറയാം. കെജിഎഫിലും നായകനെ ഛോട്ടാ വില്ലൻ ഗ്യാങ്ങിന് മുന്നിൽ പുകഴ്ത്താൻ ഒരു കഥാപാത്രം ഉണ്ടായിരുന്നു. സലാറിൽ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് ടിന്നു ആനന്ദാണ്.


ALSO READ : Salaar : സലാർ പ്രഭാസിന്റെ അവസാന വജ്രായുധം; അതും പൊട്ടിയാൽ...



കെജിഎഫിൽ നായകനെ മോൺസ്റ്ററിനോടാണ് ഉപമിച്ചിട്ടുള്ളതെങ്കിൽ സലാറിൽ അത് ജുറാസിക് പാർക്കിലെ ദിനോസർ ആകുന്നു. മറ്റാരെക്കാളും ശക്തനും ക്രൂരനുമായ ഒരു വില്ലൻ കഥാപാത്രവും രണ്ട് ചിത്രങ്ങളിലും ഉണ്ട്. എങ്കിലും സലാറിന്‍റെ കഥ എന്താകുമെന്ന് യാതൊരു സൂചനയും ലഭ്യമല്ല. ഇന്ത്യക്ക് പുറമേ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും ചിത്രീകരണം നടന്നിട്ടുള്ള സിനിമയാണ് സലാർ. കഥാപാത്രങ്ങളുടെ വേഷവിധാനങ്ങളും ആയുധങ്ങളും ഇതിനോട് കൂട്ടിവായിക്കുമ്പോൾ ഈ ചിത്രം ഒരു റോ ഏജന്‍റിന്‍റെ അല്ലെങ്കിൽ കെജിഎഫ് പോലെ ഒരു ഗ്യാങ്സ്റ്ററിന്‍റെ കഥയാകാനാണ് സാധ്യത. സിനിമയുടെ ടീസറിൽ ടിന്നു ആനന്ദ് ധരിച്ചിരിക്കുന്നത് ഒരു നെഹ്റു തൊപ്പിയാണ്. അതുകൊണ്ട് സലാർ പഴയ കാലത്ത് നടക്കുന്ന ഒരു കഥയാകാനും സാധ്യതയുണ്ട്.


ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവോ, ശ്രിയ റെഡ്ഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സെപ്റ്റംബർ 28നാണ് സലാർ തീയേറ്ററുകളിലെത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. 200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കെജിഎഫിന് സമാനമായി രണ്ട് ഭാഗമായി തീയേറ്ററുകളിലെത്തുന്ന സലാറിന്‍റെ ആദ്യഭാഗത്തിന്‍റെ ടീസറാണ് ഇപ്പോൾ പുറത്തുവന്നത്. സീസ് ഫയർ എന്നാണ് സലാർ പാർട്ട് വണ്ണിന്‍റെ പേര്. വിഷ്വൽ എഫക്ടുകൾക്കും വളരെയധികം പ്രാധാന്യമുള്ള സലാറിന്‍റെ വിഎഫ്എക്സ് വർക്കുകൾ ചെയ്യുന്നത് ഒരു ഹോളിവുഡ് സ്റ്റുഡിയോ ആണ്. എന്നാൽ ഇവർ ആരെന്നുള്ള കാര്യം ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. 


ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ 15 മില്യൺ ആളുകളാണ് അത് കണ്ടിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തുന്ന തരത്തിലുള്ള ടീസർ തന്നെയാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. കെജിഎഫ്, കെജിഎഫ് ചാപ്റ്റർ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സലാറിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.