Seeta Ramam First Glimpse : ദുൽഖർ സൽമാന്റെ രണ്ടാമത് തെലുങ്ക് ചിത്രമെത്തുന്നു; സീത രാമം ഗ്ലിംപ്സ് വീഡിയോ പുറത്ത് വിട്ടു
ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Hyderabad: ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സീത രാമത്തിന്റ ഗ്ലിംപ്സ് വീഡിയോ പുറത്ത് വിട്ടു. ശ്രീരാമ നവമി ദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ മൃണാൾ സീതയായും ദുൽഖർ രാമനായും ആണ് എത്തുന്നത്.
അഫ്രീൻ എന്ന മുസ്ലിം പെൺകുട്ടിയായി ആണ് രശ്മിക മന്ദാന എത്തുന്നത്. ചിത്രത്തിൻറെ ഗ്ലിമ്പ്സ് വീഡിയോയിൽ അഫ്രീൻ പ്രാർത്ഥന നടത്തുന്നതും സീതയെയും രാമനെയും യുദ്ധത്തിൽ വിജയിപ്പിക്കണമെന്ന് ആരോ അവളോട് പറയുന്നതും, ആശയക്കുഴപ്പത്തിൽ അഫ്രീൻ നിൽക്കുന്നതും കാണാം. ഈ വീഡിയോ തന്നെ കാഴ്ചക്കാരെ കൗതുകത്തിന്റെ തലങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്.
ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്. ചിത്രം ആകെ മൂന്ന് ഭാഷകളിലാണ് എത്തുന്നത്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. മുമ്പ് ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നായിരുന്നു പേരിട്ടിരുന്നത്.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത് ആണ്. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രശ്മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒരു വീഡിയോയും പോസ്റ്ററും പുറത്തിറക്കിയിരുന്നു. ഹിജാബ് ധരിച്ച്, കാറും മറ്റും കത്തുന്ന അക്രമങ്ങൾക്കിടയിലും ക്രൂരമായ നോട്ടത്തോടെ നിൽക്കുന്ന രശ്മികയുടെ ചിത്രമാണ് പുറത്ത് വിട്ടത്.
വിശാൽ ചന്ദ്രശേഖർ സംഗീതവും പി എസ് വിനോദ് ഛായാഗ്രഹണവും വൈഷ്ണവി റെഡ്ഡി കലാസംവിധാനവും സുനിൽ ബാബു പ്രൊഡക്ഷൻ ഡിസൈനും ശീതൾ ശർമ്മ വസ്ത്രാലങ്കാരവും നിർവ്വഹിച്ചിരിക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.