കോവിഡ് കാലം എല്ലാ ഇന്‍റസ്ട്രികളെയും മോശമായി ബാധിച്ചെങ്കിലും അത് ഏറ്റവും വലിയ ഇടുത്തീ ആയത് ബോളിവുഡിനായിരുന്നു. ബാഹുബലിക്ക് ശേഷം ഇന്ത്യൻ സിനിമയുടെ മുഖമുദ്രയായിരുന്ന ബോളിവുഡ് പിന്നിലേക്ക് പോയെങ്കിലും അക്ഷരാർത്ഥത്തിൽ തകർച്ച നേരിട്ടത് 2020, 21, 22 വർഷങ്ങളിലായിരുന്നു. പല നല്ല ചിത്രങ്ങളും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. വൻ താരങ്ങളുടെ ചിത്രങ്ങൾ പോലും പച്ച വര തൊടാതെ പോയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ് ബജറ്റ് സിനിമകളാകട്ടെ വെറും ശരാശരിയിൽ ഒതുങ്ങി. തകർന്നെന്നു കരുതിയിരുന്ന ആ സാമ്രാജ്യത്തെ കൈ പിടിച്ചുയർത്താൻ അവർക്കൊരു രാജാവിനെ വേണമായിരുന്നു. തോറ്റുപോയ ഒരു രാജാവ്. വൈകാതെ തന്നെ അത് സംഭവിച്ചു. രാജാവ് തിരിച്ചെത്തി. ബോളിവുഡിന്‍റെ തിരിച്ചുവരവിനെക്കുറിച്ച് അറിയുന്നതിന് മുൻപ് കുറച്ച് ചരിത്രം കൂടി അറിഞ്ഞിരിക്കണം. ആ രാജാവിന്‍റെ ചരിത്രം.


1965 നവംബർ 2 ന് ഡൽഹിയിലെ ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബത്തിലായിരുന്നു അയാളുടെ ജനനം. പിതാവ് മീർ താജ് മുഹമ്മദ് ഖാൻ, അമ്മ ലത്തീഫ് ഫാത്തിമ. സ്വാതന്ത്ര്യ സമര സേനാനി കൂടി ആയിരുന്ന മീർ താജ് മുഹമ്മദ് ഖാൻ ചെറിയ ബിസിനസ്സുകൾ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. വലിയ സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്ന അവർ അന്ന് താമസിച്ചിരുന്നത് വാടക വീടുകളിലായിരുന്നു. എങ്കിലും തന്‍റെ രണ്ടു മക്കളുടെയും പഠനത്തിൽ ഖാൻ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല.


ഡൽഹിയിലെ കൊളംബാസ് സ്കൂളിൽ പഠിച്ചിരുന്ന അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകൻ പഠനത്തിലും കായിക ഇനങ്ങളിലും ഒരേപോലെ മികവ് പുലർത്തിയിരുന്നു.  ഹോക്കി, ഫുഡ്ബോൾ ടീമുകളിലെ മിന്നും താരമായിരുന്ന അവൻ ഭാവിയിൽ ഒരു കായിക താരമാകാൻ ആഗ്രഹിച്ചു. എങ്കിലും ചെറുപ്പത്തിൽ തോളിലേറ്റ പരിക്ക് കാരണം അവനത് തുടരാൻ സാധിച്ചില്ല. അന്ന് ആ കൗമാരക്കാരന്‍റെ ഇഷ്ട അഭിനേതാക്കളായിരുന്നു അമിതാബ് ബച്ചനും ദിലീപ് കുമാറും മുമ്താസ് അസ്കരിയുമൊക്കെ. അങ്ങനെ അവൻ തന്‍റെ ശ്രദ്ധ അഭിനയത്തിലേക്ക് തിരിച്ചുവിട്ടു. ആദ്യം സ്റ്റേജ് നാടകങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും പിന്നീടത് വെള്ളിത്തിരയിലേക്ക് മാറി. 


അങ്ങനെയിരിക്കെ 1981 ൽ അവന് 15 വയസുമാത്രം പ്രായമുള്ളപ്പോൾ പിതാവ് മീർ താജ് മുഹമ്മദ് ഖാൻ കാൻസർ ബാധിതനായി മരിച്ചു. എങ്കിലും തളരാതെ പിടിച്ചു നിന്ന അവൻ തന്‍റെ അമ്മയ്ക്കും സഹോദരിക്കും ധൈര്യം പകർന്ന് മുന്നോട്ടുനീങ്ങി. പിന്നീട് അയാൾ ഹൻസ്‌രാജ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. തന്‍റെ കോളേജ് പഠന കാലത്ത് അത്രയും അവൻ അഭിനയം എന്ന മോഹത്തെ തേച്ചു മിനുക്കിക്കൊണ്ടിരുന്നു.


ബോളിവുഡിലെ ആൻഗ്രി യങ് മാൻ അമിതാബ് ബച്ചനെപ്പോലെ ഒരു ആക്ഷൻ ഹീറോയാകാനായിരുന്നു ആ ചെറുപ്പക്കാരന്‍റെ ആഗ്രഹം. ഇതിന്‍റെ ആദ്യ പടിയെന്നോണം അവൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു പഠിക്കാൻ തുടങ്ങി. എന്നാൽ 1991 ൽ അവന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ച വർഷമായിരുന്നു. ആ യുവാവ് ലോകം അറിയുന്ന ഒരു നടനാകാൻ കാത്തിരുന്ന അവന്‍റെ അമ്മ മരണമടഞ്ഞു. അതോടെ സഹോദരിയായ ഷഹനാസ് ലാലറൂഖ് വിഷാദ രോഗത്തിനടിമയായി. ഒരു ശരാശരി മനുഷ്യനെ തളർത്താൻ ഇത്രയൊക്കെത്തന്നെ മതിയായിരുന്നു. എന്നാൽ അവന്‍റെ നിയോഗം മറ്റൊന്നായിരുന്നു. 



ദൂരദർശൻ വഴി ടെലികാസ്റ്റ് ചെയ്ത ചില സീരിയലുകളിൽ അവൻ ആ കാലത്ത് അഭിനയിച്ചു തുടങ്ങിയിരുന്നു. ഫൗജി, സർക്കസ്, ഇഡിയറ്റ്, ദിൽ ദരിയ, ഉമ്മീദ് തുടങ്ങിയ സീരിയലുകൾ വഴി ആ യുവാവ് ഇന്ത്യ മുഴുവനുള്ള കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതനായി. എന്നാൽ സിനിമയെന്ന അവന്‍റെ വിശപ്പിനെ ശമിപ്പിക്കാൻ ഇതിനൊന്നും ആകുമായിരുന്നില്ല. അങ്ങനെ അയാൾ മുബൈയിലേക്ക് വണ്ടി കയറി. ഒരു നല്ല വേഷത്തിനായി അവനങ്ങനെ അധികം അലയേണ്ടി വന്നില്ല. 1992 ൽ ഋഷി കപൂർ നായകനായി അഭിനയിച്ച ദീവാന എന്ന ചിത്രത്തിലെ സെക്കന്‍റ് ഹീറോയായി  അവൻ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറി. അന്ന് സൂപ്പർ താരം ഋഷി കപൂറും ആ യുവ നടനും ചേർന്ന് വില്ലൻമാരെ ഇടിച്ചിടുന്ന രംഗങ്ങൾ തീയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. സിനിമയുടെ ഷോ കഴിഞ്ഞും ആളുകൾ തീയറ്ററിനകത്ത് കാത്തിരുന്നു ആ യുവനടൻ ആരെന്നറിയാൻ. അങ്ങനെ ആ പേര് സ്ക്രീനിൽ തെളിഞ്ഞുവന്നു 'ഷാരൂഖ് ഖാൻ'. 


എന്നാല്‍ സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ, ആമിർ ഖാൻ എന്നീ നെപ്പോ കിഡ്സ് അടക്കിവാഴുന്ന ബോളിവുഡിൽ നിലനിൽക്കുക എന്നത് ആ ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ചില്ലറ കാര്യം ആയിരുന്നില്ല. തുടക്ക കാലത്ത് ഷാരൂഖ് ചെയ്ത വേഷങ്ങളില്‍ പലതും മറ്റ് യുവ നടന്മാർ‍ വേണ്ടെന്നു പറഞ്ഞ് ഉപേക്ഷിച്ച സിനിമകളിലേത് ആയിരുന്നു.


1995 ൽ ആദിത്യ ചോപ്ര ഒരു തിരക്കഥയുമായി ഷാരൂഖ് ഖാനെ സമീപിച്ചു. സെയ്ഫ് അലി ഖാൻ വേണ്ടെന്നുവച്ച ഒരു സ്ക്രിപ്റ്റ് ആയിരുന്നു അത്. പക്ഷെ ഒരു പക്കാ പൈങ്കിളി റൊമാന്‍റിക് കഥയായ ആ ചിത്രം ചെയ്യാൻ ഷാരൂഖിന് ഒട്ടും താൽപ്പര്യമില്ലായിരുന്നു. എന്നാൽ ആദിത്യയുടെ നിർബന്ധത്തിന് വഴങ്ങി ഷാരൂഖ് അത് ചെയ്തു. എന്നാൽ അദ്ദേഹം നിസ്സാരമെന്ന് കരുതിയ ആ സിനിമ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറി. 28 വർഷങ്ങളായിട്ടും ഇന്നും മുംബൈയിലെ മറാഠാ മന്ദിറിൽ പ്രദർശിപ്പിക്കുന്ന ആ ചിത്രത്തിന്‍റെ പേര് ദിൽവാലേ ദുൽഹനിയ ലേ ജായേങ്കേ.. ഈ സിനിമയിലൂടെ ഷാരൂഖ് ഖാൻ ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആയി മാറി. ഒരു ആക്ഷൻ ഹീറോയാകാൻ വന്ന ഷാരൂഖിനെ ഡിഡിഎല്‍ജെ റൊമാന്‍റിക് ഹീറോയാക്കി മാറ്റി. ഇന്ത്യക്ക് പുറന്നും വൻ കളക്ഷൻ നേടിയ ഈ ചിത്രത്തിലൂടെ ഷാരൂഖ് ഖാന്‍റെ കീർത്തി ലോകമെങ്ങും പരന്നു. അതോടെ അദ്ദേഹത്തിന് ഒരു പേരു വീണു. കിങ് ഖാൻ.. രാജാവായുള്ള അയാളുടെ പട്ടാഭിഷേകമായിരുന്നു അന്ന്..


അന്നുമുതൽ ഇന്ത്യൻ പ്രേക്ഷകരെ നിരന്തരം ഹരം കൊള്ളിച്ച ഷാരൂഖ് ഖാൻ ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. കുച്ച് കുച്ച് ഹോതാ ഹേ, കഭി ഖുഷി കഭി ഗം, ദിൽ തോ പാഗൽ ഹേ, ദേവദാസ്, കൽ ഹോ നാ ഹോ, മൊഹബത്തെയ്ൻ, വീർ സാരാ, ചക്ക് ദേ ഇന്ത്യ, ഓം ശാന്തി ഓം, റബ് നേ ബനാദി ജോഡി എന്നിവയെല്ലാം ഷാരൂഖ് ഖാൻ അഭിനയിച്ച് ബോക്സ് ഓഫീസിൽ വിസ്മയം തീർത്ത ചിത്രങ്ങളിൽ ചിലതാണ്. എന്നാല്‍    2013 ൽ റിലീസായ ചെന്നൈ എക്സ്പ്രസിനു ശേഷം ഷാരൂഖ് അഭിനയിച്ച ചിത്രങ്ങൾ ഒന്നും തന്നെ ബോക്സ് ഓഫീസിൽ കാര്യമായ ചലനം ഉണ്ടാക്കിയില്ല.


പല നല്ല ചിത്രങ്ങൾ പോലും കളക്ഷനിൽ മങ്ങിപ്പോയി. ചിലത് എട്ടു നിലയിൽ പൊട്ടി. ഇതോടെ 2018 ൽ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ചെറിയൊരു അവധിയെടുത്തു. കിങ് ഖാന്റെ ബോളിവുഡിലെ ഭരണം അവസാനിച്ചു എന്ന് ജനങ്ങളും മാധ്യമങ്ങളും വിധിയെഴുതി.  2022 വരെ ആ കഷ്ടകാലം തുടർന്നു. എന്നാല്‍ 2023‌ ജനുവരിയിൽ 4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച പഠാൻ തീയറ്ററുകളിലെത്തി. സിദ്ദാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രം യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ആക്ഷൻ ചിത്രമായിരുന്നു. സൽമാൻ ഖാനും പഠാനിൽ അതിഥി വേഷത്തിലെത്തി. റിലീസിനുമുന്നിൽ ബിക്കിനി വിവാദം ഉൾപ്പെടെ സൃഷ്ടിച്ച പഠാൻ തീയറ്ററുകളിൽ റെക്കോർഡ് വിജയം സ്വന്തമാക്കി. ബോക്സ് ഓഫീസിൽ 1000 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം ഇന്‍റസ്ട്രി ഹിറ്റായും മാറി. ആ ഒറ്റ ചിത്രത്തിലൂടെ ബോളിവുഡിന്‍റെ രാജാവ് തിരിച്ചുവന്നു. 


ഈ വർഷത്തെ ഷാരൂഖ് ഖാന്‍റെ രണ്ടാമത്തെ സിനിമയായ ജവാൻ പുറത്തിറങ്ങി. തമിഴ് സംവിധായകൻ ആറ്റ്ലീ ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. മറ്റൊരു ഗിമ്മിക്കുകളുമില്ലാതെ തീയറ്ററുകളിലെത്തിയ ജവാൻ 1100 കോടി ക്ലബ്ബിൽ ഇടം നേടി ഈ വർഷത്തെ ഷാരൂഖ് ഖാന്‍റെ രണ്ടാമത്തെ ഇന്‍റസ്ട്രി ഹിറ്റായി മാറി. ആക്ഷൻ ഹീറോയാകാൻ ആഗ്രഹിച്ചു ബോളിവുഡിൽ എത്തി റൊമാന്‍റിക് ഹീറോ ആകേണ്ടി വന്ന ഷാരൂഖിന്‍റെ സ്വപ്ന സാഫല്യം കൂടിയായിരുന്നു ഇത്.കിങ് ഖാന്‍റെ മടങ്ങി വരവോടെ ഈ വർഷം ബോളിവുഡും പച്ച പിടിച്ചു.


ഗദ്ദർ 2 , റോക്കി ഓർ റാണി കി പ്രേം കഹാനി, ഒഎംജി 2 , സര ഹട്ട്കെ സര ബച്ച്കെ, സത്യപ്രേം കി കഥ, ഡ്രീം ഗേൾ 2 എന്നീ ചിത്രങ്ങൾ‍ ബോളിവുഡിൽ ഈ വർഷം മികച്ച വിജയം നേടിയ സിനിമകളാണ്.  2023 ൽ ബോളിവുഡ് സ്വന്തമാക്കിയ 5000 കോടി ബിസിനസിൽ 2000 കോടിക്ക് മുകളിൽ സമ്മാനിച്ചത് ഷാരൂഖ് ഖാൻ ആണ്. ബോളിവുഡിന്‍റെ രക്ഷകനായ ആ സ്വപ്ന നായകന് ഇന്ന് 58 വയസ് തികയുകയാണ്. ഡിസംബറിൽ ഡങ്കിയെന്ന തന്‍റെ അടുത്ത വിജയത്തിനായി കാത്തിരിക്കുന്ന കിംഗ് ഖാന് സീ മലയാളം ന്യൂസിന്‍റെ പിറന്നാള്‍ ആശംസകൾ.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.