മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍.കരുണിന്. ഇക്കാര്യം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ പുരസ്കാരം.


COMMERCIAL BREAK
SCROLL TO CONTINUE READING

2022ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി ചന്ദ്രന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗായിക കെ.എസ് ചിത്ര, നടന്‍ വിജയരാഘവന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരും പുരസ്കാര നിർണയ സമിതിയിൽ അം​ഗങ്ങളായിരുന്നു.


ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍ കരുണ്‍ എന്ന് ജൂറി നിരീക്ഷിച്ചു. നാൽപ്പതോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി, ജി.അരവിന്ദന്റെ ക്യാമറാമാന്‍ എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.


ALSO READ: ആസിഫ് അലിയും അനശ്വരയും പത്രക്കുറിപ്പുകൾക്ക് നടുവിൽ; 'രേഖാചിത്രം' സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവിട്ടു


എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത 'പിറവി', കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെട്ട 'സ്വം', കാനില്‍ ഔദ്യോഗിക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വാനപ്രസ്ഥം' തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിത്തന്ന ഷാജി എന്‍. കരുണ്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.


1952ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974ല്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപീകരണവേളയില്‍ അതിന്റെ ആസൂത്രണത്തില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.


1976ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.


ALSO READ: മലയാളത്തിലെ ഏറ്റവും വലിയ വയലൻസ് ചിത്രം എത്തുന്നു! 'മാർക്കോയ്ക്ക് എ സർട്ടിഫിക്കറ്റ്‌


1988ല്‍ സംവിധാനം ചെയ്ത 'പിറവി'യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിൽ ഒരാളായി.


കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങൾ. ഇതിനകം ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാനപുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ  അന്താരാഷ്ട്ര അംഗീകാരമായ 'ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സ്', പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 


1998ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു ഷാജി എൻ കരുൺ. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാ​ഗം ആരംഭിച്ചതും മേളയ്ക്ക് ഫിയാഫിന്റെ അംഗീകാരം ലഭിച്ചതും. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.