She-Hulk Review : തുടക്കം പിഴച്ചു, ഒടുക്കം പൊളിച്ചു; ഷീ ഹൾക്ക് അറ്റോണി അറ്റ് ലോ സീരീസ് റിവ്യൂ
She-Hulk: Attorney at Law Review : ചുരുക്കത്തിൽ നിരാശരായിരുന്ന മാർവൽ ആരാധകർക്ക് ലഭിച്ച വലിയൊരു ആശ്വാസമായിരുന്നു ഈ ഫൈനൽ എപ്പിസോഡ്
ഒരു എസ്സേ എഴുതുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്താണ് ? ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ആദ്യ ഭാഗം പറയുക, അത്രത്തോളം പ്രാധാന്യമല്ലാത്ത കാര്യങ്ങൾ രണ്ടാമത്, അവസാനം ഒരു കിടിലൻ എൻഡിങ്ങും. പക്ഷെ ആദ്യം മുഴുവൻ ബോറഡിപ്പിച്ചിട്ട് അവസാനം കിടിലൻ ആക്കിയിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? അത് പോട്ടെ അവസാനം വരെ വായിക്കാൻ ആരെങ്കിലും ക്ഷമ കാണിക്കുമോ? അതെ അവസ്ഥയായിരുന്നു ഇന്ന് ഫൈനൽ എപ്പിസോഡ് പുറത്തിറങ്ങിയ ഷീ ഹൾക്ക് അറ്റോണി അറ്റ് ലോ സീസൺ ഒന്നിന്റേതും.
ആദ്യത്തെ രണ്ട് എപ്പിസോഡ് ഒഴിച്ച് നിർത്തിയാൽ എട്ടാമത്തെ എപ്പിസോഡ് വരെ കണ്ടിരിക്കാൻ വളരെയധികം പാട് പെട്ട ഒരു സീരീസായിരുന്നു ഷീ ഹൾക്ക് അറ്റോണി അറ്റ് ലോ. അതിന്‍റെ പ്രതിഫലനമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ ഈ സീരീസ് കടുത്ത വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായതും. മാർവൽ ആരാധകർ പോലും ഈ സീരീസിൽ കടുത്ത നിരാശരായിരുന്നു. പ്രേക്ഷകരില്‍ ചിരി ഉണർത്താൻ വേണ്ടി സീരീസിലുടനീളം എന്തൊക്കെയോ കാട്ടിക്കൂട്ടിയിട്ടുണ്ട്. അതൊക്കെ പക്ഷെ പക്കാ ക്രിഞ്ച് ആയാണ് ഫീൽ ചെയ്തത്. അല്ല, വേറൊരു കാര്യമുണ്ട് ഒരു സിറ്റ് കോം എന്ന രീതിയിൽ പുറത്തിറങ്ങിയ ഷീ ഹൾക്ക് അറ്റോണി അറ്റ് ലോ എന്ന സീരീസിൽ നിന്ന് ഫോർത്ത് വാൾ ബ്രേക്കിങ്ങ് സീൻസും കോമഡിയും മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ.
ALSO READ : G Suresh Kumar: 'ആറാം തമ്പുരാൻ നൂതന സാങ്കേതിക വിദ്യയിൽ വീണ്ടും റിലീസ് ചെയ്യും' - ജി സുരേഷ് കുമാർ
നമ്മൾ ലോക്കിയിലോ, മൂൺ നൈറ്റിലോ കണ്ടതിന് സമാനമായ സീരിയസ് മൊമന്‍റ്സ് പ്രതീക്ഷിച്ച് ഷീ ഹൾക്ക് കാണുന്നത് ശെരിക്കും മണ്ടത്തരം ആണ്. എന്നാലും സിറ്റ് കോം എന്ന രീതിയിൽ പരിഗണിച്ചാൽ പോലും പ്രക്ഷകരെ ചിരിപ്പിക്കാനോ രസിപ്പിക്കാനോ ഷീ ഹൾക്കിന് സാധിക്കുന്നില്ല എന്നതാണ് സത്യം. കണ്ട് മടുത്ത ശൈലിയിലുള്ള കുറച്ച് തമാശകൾ വാരി വിതറിയ ശേഷം ശോഭ ചിരിക്കുന്നില്ലേ എന്ന് ചോദിച്ചിട്ട് കാര്യമില്ലല്ലോ..
ഷീ ഹൾക്ക് കുറച്ചെങ്കിലും ഇന്‍ററസ്റ്റിങ്ങ് ആകുന്നത് എട്ടാമത്തെ എപ്പിസോഡിൽ ഡെയര്‍ ഡെവിളിന്‍റെ വരവോടെയാണ്. പഴയ നെറ്റ്ഫ്ലിക്സിന്‍റെ ഐക്കോണിക്ക് ബിജിഎമ്മിലൊക്കെ ഡെഡ്പൂളിനെ സ്ക്രീനിൽ കാണിച്ചത് ആരാധകരെ സംബന്ധിച്ച് കട്ട രോമാഞ്ചിഫിക്കേഷൻ മൊമന്‍റ്സ് ആയിരുന്നു. എട്ടാമത്തെ എപ്പിസോഡിന്‍റെ അവസാനം മാത്രമാണ് ഷീ ഹൾക്ക് ഒരു സീരിയസ് ട്രാക്കിലോട്ട് മാറുന്നത്.
ഇന്ന് പുറത്തിറങ്ങിയ ഒൻപതാമത്തെ എപ്പിസോഡ്, ഒരു മോശം സീരീസിന് കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച ഒരു എൻഡിങ്ങ് ആയിരുന്നു. ഷീ ഹൾക്കിന്‍റെ ഫോർത്ത് വാൾ ബ്രേക്കിങ്ങ് രംഗങ്ങളുടെ ഒരു ആറാട്ട് തന്നെ ഈ എപ്പിസോഡിൽ കാണാൻ സാധിച്ചു. സത്യത്തിൽ മാർവൽ സ്റ്റുഡിയോസ് ഈ രംഗങ്ങളിലൂടെ കുറേ സെൽഫ് ട്രോളുകളും വാരിക്കൂട്ടിയിട്ടുണ്ട്. ഷീ ഹൾക്കിലേ ഇങ്ങനെ ആണെങ്കിൽ ഡെഡ്പൂൾ ഒക്കെ വരുമ്പോൾ എന്താകും അവസ്ഥ എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത കുറേ ട്വിസ്റ്റുകളും ഈ എപ്പിസോഡിലുണ്ട്. എന്നാൽ പ്രമോ വീഡിയോ കണ്ട് പഴയ ഹൾക്ക് വേഴ്സസ് അബോമിനേഷൻ ഫൈറ്റിന്‍റെ റീ ക്രിയേഷൻ ഈ എപ്പിസോഡിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശയായിരിക്കും ഫലം. എന്നാൽ വേൾഡ് വാര്‍ ഹൾക്ക് എന്ന ഭാവിയിലെ അടാർ മാർവൽ ചിത്രത്തിനെപ്പറ്റിയുള്ള ഒരു വലിയ സൂചന ഈ ഫൈനൽ എപ്പിസോഡിൽ കാണാൻ സാധിച്ചു. ചുരുക്കത്തിൽ നിരാശരായിരുന്ന മാർവൽ ആരാധകർക്ക് ലഭിച്ച വലിയൊരു ആശ്വാസമായിരുന്നു ഈ ഫൈനൽ എപ്പിസോഡ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...