Sholay Actor Amjad Khan : `അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പോലും അച്ഛന്‍റെ കയ്യിൽ പണമുണ്ടായിരുന്നില്ല` ; അംജദ് ഖാൻ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് മകൻ
Sholay Gabbar Singh ഷോലെയിൽ അംജദ് ഖാൻ ഒപ്പിട്ട അതേ ദിവസമാണ് ഷദാബ് ഖാൻ ജനിക്കുന്നത്.
മുംബൈ : ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമയിലൊന്നായി വിലയിരുത്തുന്ന ചിത്രമാണ് ഷോലെ. 1975ല്‍ റിലീസ് ചെയ്ത ചിത്രത്തിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഹേമമാലിനി, സഞ്ജീവ് കുമാർ, ജയ ബച്ചൻ തുടങ്ങി വൻ താരനിരയാണ് അണിനിരന്നത്. ഈ കൾട്ട് ക്ലാസിക് ചിത്രത്തിലെ ഗബ്ബർ സിംഗ് എന്ന വില്ലൻ വേഷത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് അംജദ് ഖാൻ.
ഇന്ന് അദ്ദേഹം ജീവിച്ചിരിക്കുന്നില്ലെങ്കിൽ പോലും അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളിലൂടെ അംജദ് ഖാൻ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നുണ്ട്. അച്ഛനേപ്പോലെ സിനിമാ മേഖലയിൽ തന്‍റേതായ ഇടം കണ്ടെത്തിയ നടനാണ് അംജദ് ഖാന്‍റെ മകൻ ഷദാബ് ഖാൻ.
ഇപ്പോൾ അച്ഛനെ കുറിച്ച് ഷദാബ് തുറന്നു പറഞ്ഞ ചില വാക്കുകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'തന്‍റെ പിതാവിന്‍റെ ഭാഗ്യചിഹ്നം' എന്ന് വിളിക്കാമോ എന്ന ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിനിടെയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷദാബ് ഖാൻ. ഷോലെയിൽ അംജദ് ഖാൻ ഒപ്പിട്ട അതേ ദിവസമാണ് ഷദാബ് ഖാൻ ജനിക്കുന്നത്.
'ഞാൻ ജനിച്ച സമയത്ത് അമ്മയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പോലും അച്ഛന്‍റെ കൈയിൽ പണമുണ്ടായിരുന്നില്ല. നാണക്കേടുകൊണ്ട് അച്ഛൻ ആശുപത്രിയിൽ പോലും എത്തിയിരുന്നില്ല. ആ സമയത്ത് ഷോലെയുടെ നിർമ്മാതാവായ ചേതൻ ആനന്ദാണ് 400 രൂപ നൽകി അച്ഛനെ സഹായിച്ചത്. ആ പണം ഉപയോഗിച്ചാണ് അച്ഛൻ അമ്മയെ ഡിസ്ചാർജ് ചെയ്യിച്ചത്" ഷദാബ് പറഞ്ഞു.
ALSO READ : S Sreesanth : ഗായകനായി ശ്രീശാന്ത്; ആലാപനം സണ്ണി ലിയോൺ ചിത്രത്തിൽ
ഷോലെ എന്ന ചിത്രത്തിലെ ഗബ്ബർ സിംഗ് എന്ന കഥാപാത്രം അംജദ് ഖാന്‍റെ ജീവിതത്തിലെ ഒരു അവിസ്മരണീയ കഥാപാത്രമായി മാറി. അതുകൊണ്ട്തന്നെ തീർച്ചയായും അച്ഛന്‍റെ ഭാഗ്യചിഹ്നം തന്നെയാണ് താനെന്ന് ഷദാബ് ഖാൻ പ്രതികരിച്ചു. 1992 ജൂലൈയിൽ ഹൃദയാഘാതത്തെത്തുടർന്നാണ് അംജദ് ഖാൻ മരണമടയുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.