ആലപ്പുഴ: ​ഗാനമേളയെ ജനപ്രിയമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച കലാകാരനായിരുന്നു ഇടവ ബഷീർ. സിനിമയിൽ കൂടുതൽ അവസരങ്ങൾ വന്നെങ്കിലും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ഗാനമേളകളിൽ നിന്നും വിട്ടുനിൽക്കാനാകാത്തതിനാൽ അതൊക്കെ നിരസിച്ചയാളായിരുന്നു ഇടവ ബഷീർ എന്ന കലാകാരൻ. ഇന്നലെ (മെയ് 28) രാത്രിയാണ് ​ഗാനമേളയ്ക്കിടെ ഇടവ ബഷീർ കുഴഞ്ഞ് വീണ്ട് മരിച്ചത്. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കിടെ ആലപ്പുഴ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു അന്ത്യം. പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ജില്ലയിലെ ഇടവയിലാണ് ഇടവ ബഷീർ ജനിച്ചത്. പിതാവ് അബ്ദുൽ അസീസ്. തിരുവനന്തപുരത്തും കൊല്ലത്തുമായി സ്കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് കോളേജിൽ ചേരാൻ എല്ലാവരും നിർബന്ധിച്ചെങ്കിലും ബഷീറിന് താൽപര്യം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ ചേർന്നു സംഗീതം പഠിക്കാനായിരുന്നു. 1972ൽ അദ്ദേഹം ഗാനഭൂഷണം പാസായി. ‌സം​ഗീതം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ അദ്ദേഹം ​ഗാനമേളകളിൽ പങ്കെടുത്തിരുന്നു. കേരളം കൂടാതെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദേശത്തുമായി നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.  അമേരിക്ക, കാനഡ, സൗദി, യുഎഇ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഗാനമേളകള്‍ അവതരിപ്പിച്ചു.



 


Also Read: Kaduva New Poster: കലിപ്പ് ലുക്കിൽ പൃഥ്വിരാജ്, ഒപ്പം വിവേക് ഒബ്രോയും, കടുവയുടെ പുതിയ പോസ്റ്റർ


കോടമ്പള്ളി ഗോപാലപിള്ള എന്ന സംഗീതഞ്ജനിൽ നിന്നാണ് ശാസ്ത്രീയ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ ബഷീര്‍ അഭ്യസിച്ചത്. മ്യൂസിക് കോളേജിൽ നിന്ന് ഗാനഭൂഷണം പൂര്‍ത്തിയാക്കിയ ശേഷം ബഷീറിന്റെ നേതൃത്വത്തിൽ സംഗീതാലായ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. എസ്.ജാനകിക്കൊപ്പം പാടിയ 'വീണവായിക്കുമെന്‍ വിരല്‍ത്തുമ്പിലെ..' എന്ന് തുടങ്ങുന്ന ഗാനമാണ് ബഷീറിന്റെ ആദ്യ ചലച്ചിത്ര ഗാനം.


മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന ചിത്രത്തിലെ 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍..' എന്ന ​ഗാനം ഹിറ്റായി മാറി. കെജെ ജോയിയുടെ സംഗീത സംവിധാനത്തില്‍ എത്തിയ ​ഗാനം വാണി ജയറാമുമൊത്താണ് ബഷീർ പാടിയത്. ഓള്‍ കേരള മ്യുസീഷ്യന്‍സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഇടവ ബഷീർ. ലൈലയും റഷീദയുമാണ് ബഷീറിന്റെ ഭാര്യമാര്‍. മക്കള്‍: ഭീമ, ഉല്ലാസ്, ഉഷസ്, സ്വീറ്റാ, ഉന്‍മേഷ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.