തിരുവനന്തപുരം: തീവണ്ടി എന്ന ടോവിനോ ചിത്രത്തിലെ 'ജീവാംശമായി' എന്ന ഒരൊറ്റ ഗാനം കൊണ്ട് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ യുവഗായകനാണ് കെഎസ് ഹരിശങ്കര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ പ്രമുഖരടക്കമുല്ല പലരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുള്ള ഹരിശങ്കറിന് 82,950 ലധികം ഫോളോവേഴ്സാണ് ഫേസ്ബുക്ക്‌ പേജിലുള്ളത്.


താരത്തിന്‍റെ 'കെഎസ്. ഹരിശങ്കര്‍' എന്ന പേജിന്‍റെ പേര് മാറ്റമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കെ.എസ്. ഹരിശങ്കര്‍ എന്ന പേരിന്റെ സ്ഥാനത്ത് കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്നാണ് ഇപ്പോഴുള്ളത്. 


ഇതോടെ ഹരിശങ്കര്‍ മതം മാറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. കൂടാതെ, ഗൂഗിളിലും 'ഹരിശങ്കര്‍ യൂസഫ് യിഗിത്' എന്ന പേര് പലരും സേര്‍ച്ച്‌ ചെയ്യാന്‍ ആരംഭിച്ചു. 


താരത്തിന്‍റെ ഇന്‍സ്റ്റഗ്രാമിലും  ഫേസ്ബുക്കിലും വാട്സ്ആപ്പിലുമെല്ലാം ഇതേ ചോദ്യങ്ങള്‍ പ്രത്യക്ഷപെടാന്‍ തുടങ്ങി. 


വാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം വ്യക്തമാക്കി ഹരിശങ്കര്‍ രംഗത്തെത്തുകയായിരുന്നു.  


താന്‍ മതം മാറിയിട്ടില്ലെന്നും ആരോ പേജ് ഹാക്ക് ചെയ്തതാണ് എന്നുമാണ് ഹരിശങ്കര്‍ വ്യക്തമാക്കിയിരിക്കുന്നത്. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സന്ദേശങ്ങളിലൂടെയാണ് താന്‍ സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.


പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത കർണാടക സംഗീതജ്ഞ കെ. ഓമനക്കുട്ടിയുടെ കൊച്ചുമകനാണ് ഹരിശങ്കര്‍.