ന്യൂഡല്‍ഹി: ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ദ കേരള സ്‌റ്റോറി എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ സമര്‍പ്പിച്ചത്. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ കോടതിയിലാണ് കേസ്  പരിഗണനയ്ക്ക് എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. ചീഫ് ജസ്റ്റിന്റെ മുമ്പാകെ ഉന്നയിക്കാന്‍ ജസ്റ്റിസ് കെ.എം ജോസഫ് ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. അഭിഭാഷകനായ നിഷാം പാഷയാണ് ആവശ്യം ഉന്നയിച്ചത്. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും നിഷാം പാഷയ്ക്കായി കോടതിയില്‍ ഹാജരായിരുന്നു. 


ALSO READ: ശരദ് പവാർ NCP അധ്യക്ഷസ്ഥാനം രാജിവച്ചു, ചോദ്യചിഹ്നമായി MVA യുടെ ഭാവി


ദ കേരള സ്റ്റോറി വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായുള്ള സിനിമയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയ്ക്ക് മുമ്പാകെ അപേക്ഷ എത്തിയത്. എന്നാല്‍, വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. 


നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ വിശദമായ ഹര്‍ജി നല്‍കാമെന്ന് പറഞ്ഞ കപില്‍ സിബല്‍ ചിത്രത്തിന്റെ ട്രെയിലര്‍ കോടതി കാണണമെന്ന് ആവശ്യപ്പെട്ടു. ടിവിയില്‍ റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടെന്ന് ജസ്റ്റിസ് കെ എം ജോസഫ് മറുപടി നല്‍കി. ഇതോടെ ചിത്രത്തിന്റെ റിലീസ് 5-ാം തീയതിയാണെന്ന് ഓര്‍മ്മിപ്പിച്ച കപില്‍ ചിത്രത്തിന്റെ റിലീസ് തടയാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് വ്യക്തമാക്കി. 


അതേസമയം, ചിത്രത്തിന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സംഭാഷണത്തില്‍ ഉള്‍പ്പെടെ പത്ത് മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. സുദീപ്‌തോ സെന്‍ ആണ് ദ കേരള സ്‌റ്റോറി സംവിധാനം ചെയ്യുന്നത്. കേരളത്തില്‍ നിന്ന് പെണ്‍കുട്ടികളെ മതം മാറ്റി തീവ്രവാദത്തിന് ഉപയോഗിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനുമെതിരെ സംസ്ഥാന വ്യാപകമായി വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.