Suresh Gopi : വീണ്ടും വാക്ക് പാലിച്ച് സുരേഷ് ഗോപി; അടുത്ത ചിത്രത്തിന്റെ അഡ്വാൻസും മിമിക്രിക്കാരുടെ അസോസിയേഷൻ നൽകി
SG 255 മാജിക് ഫ്രേയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫിൻ നിർമിക്കുന്ന എസ്ജി 255 ന് (താൽക്കാലിക പേര്) ലഭിച്ച രണ്ട് ലക്ഷം രൂപ അഡ്വാൻസ് തുകയാണ് സുരേഷ് ഗോപി മാ-യുടെ അസോസിയേഷൻ ഭാരവാഹിയായ നാദിർഷായെ ഏൽപ്പിച്ചത്.
കൊച്ചി: വാക്ക് അതൊരിക്കലും വെറും വാക്കാകില്ല അത് പാലിക്കാനുള്ളതാണെന്ന് വീണ്ടും തെളിയിച്ച് നടൻ സുരേഷ് ഗോപി. താൻ ഇനി ഏത് സിനിമയുമായി കരാറിൽ ഏർപ്പെട്ടാലും അതിന് ലഭിക്കുന്ന അഡ്വാൻസ് തുക മലയാളത്തിലെ മിമിക്രി കലാകാരന്മാരുടെ അസോസിയേഷൻ മാ-യ്ക്ക് നൽകമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്ക്. അത് നടൻ വീണ്ടും പാലിച്ചിരിക്കുകയാണ്. തന്റെ അടുത്ത ചിത്രത്തിനുള്ള അഡ്വാൻസ് തുക സുരേഷ് ഗോപി മാ-യുടെ ഭാരവാഹികൾക്ക് ഏൽപ്പിച്ചതായി നടൻ തന്നെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
മാജിക് ഫ്രേയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫിൻ നിർമിക്കുന്ന എസ്ജി 255 ന് (താൽക്കാലിക പേര്) ലഭിച്ച രണ്ട് ലക്ഷം രൂപ അഡ്വാൻസ് തുകയാണ് സുരേഷ് ഗോപി മാ-യുടെ അസോസിയേഷൻ ഭാരവാഹിയായ നാദിർഷായെ ഏൽപ്പിച്ചത്. അരുൺ വർമയാണ് എസ്ജി 255ന്റെ സംവിധായകൻ.
2021ൽ ഓണത്തിനോട് അനുബന്ധിച്ച് ഒരു ടിവി പരിപാടിക്കിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടുന്ന മിമിക്രി കലാകാരന്മാർക്കായി സുരേഷ് ഗോപി സഹായ വാഗ്ദാനം പ്രഖ്യാപിക്കുന്നത്. താൻ പുതുതായി കരാറിൽ ഏർപ്പെടുന്ന ചിത്രങ്ങളുടെ അഡ്വാൻസ് തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ധനസഹയായം നൽകുമെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. ആ വാക്കാണ് നടൻ വീണ്ടും ഇന്ന് പാലിച്ചിരിക്കുന്നത്.
നേരത്തെ ഏപ്രിലിൽ ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ അഡ്വാൻസ് തുകയിൽ നിന്നാണ് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ മാ സംഘടനയ്ക്ക് നൽകിയത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് ഒരുക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.