കൊച്ചി : ജോഷിയുടെ പാപ്പൻ,  പിന്നെ ഒറ്റക്കൊമ്പൻ എന്നിങ്ങനെ രണ്ട് ചിത്രങ്ങളായിരുന്നു സുരേഷ് ഗോപിയുടെ ആരാധകർ കാത്തിരുന്ന ചിത്രങ്ങൾ. അതിൽ ജോഷി ചിത്രമെത്തുകയും തിയറ്ററുകളിൽ വൻ വിജയമായി തീരുകയും ചെയ്തു. എന്നാൽ പാപ്പന് മുമ്പ് പ്രഖ്യാപിച്ച ഒറ്റക്കൊമ്പനോ ചിത്രീകരണം പോലും ആരംഭിച്ചില്ല. 2020തിൽ പ്രഖ്യാപിച്ച ചിത്രം ഇപ്പോഴിത രണ്ട് വർഷമാകുന്ന യാതൊരു അപ്ഡേറ്റമില്ലാതെ ഇങ്ങനെ നിൽക്കുന്നു. മറ്റൊരു ചിത്രവുമായി സംബന്ധിച്ചുള്ള കേസും മറ്റ് പ്രശ്നങ്ങളും ഒഴിഞ്ഞപ്പോൾ ഇനി ഒറ്റക്കൊമ്പന്റെ ചിത്രീകരണം എപ്പോൾ ആരംഭിക്കുമെന്നാണ് ആരാധകർ ചോദിക്കുന്നത്. പക്ഷെ ആ ചോദ്യത്തിന് ഉത്തരം സുരേഷ് ഗോപിക്ക് പോലും നൽകാൻ സാധിക്കുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയ്ക്ക വേണ്ടി തയ്യാറെടുത്തതും ഡേറ്റ് കൊടുത്തതുമെല്ലാം കൂടി താൻ 150 ദിവസമാണ് ഒറ്റക്കൊമ്പന് വേണ്ടി വെറുതെ കളഞ്ഞതെന്നാണ് സുരേഷ് ഗോപി റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഇനി അങ്ങനെ ചുമാതെ ഡേറ്റ് നൽകില്ലെന്നും നടൻ തന്റെ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.


"ഒറ്റക്കൊമ്പൻ, 2020 മുതൽ പറയുകയല്ലേ? ഞാൻ രണ്ട് പ്രാവിശ്യം 45 ദിവസം വെച്ച് ഡേറ്റ് കൊടുത്തു. ആ 90 ദിവസം പോയി, കൂടാതെ 60 ദിവസം. 30 ദിവസം വീതം താടി വളർത്താനുമെടുത്തു. അങ്ങനെ എല്ലാം കൂടി 150 ദിവസം എനിക്ക്..... ഒറ്റക്കൊമ്പൻ ഉണ്ടാകുവോ എന്ന് എനിക്കറിയില്ല. അവര് പറയണം.... അല്ല അവര് പറയുകയല്ല അവര് പറഞ്ഞിട്ട് കാര്യവുമില്ല, അവർ പറഞ്ഞതിന്റെ ദുരന്തമാണ് ഞാൻ പേറിയത്. ഇനി അത് ചെയ്യട്ടേ എന്നിട്ട് പറയാം" സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു. 


ALSO READ : Solomante Theneechakal OTT : ജോജു ജോർജിന്റെ സോളമന്റെ തേനീച്ചകൾ ഉടൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?



സുരേഷ് ഗോപിയുടെ 250താമത് ചിത്രമെന്ന പേരിലാണ് ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചിരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ പ്രഖ്യാപനത്തിന് ശേഷം നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജ് നായകനാവുന്ന ഷാജി കൈലാസ് ചിത്രം കടുവ തിരക്കഥാകൃത്ത് കേസ് നൽകിയതിനെ തുടർന്ന് കോടതി ഒറ്റക്കൊമ്പന് വിലക്കേർപ്പെടുത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്  അണിയറ പ്രവർത്തകർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളിയിരുന്നു. കേസിൽ നിലവിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.


കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകര്‍പ്പവകാശ കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  'കടുവാക്കുന്നേൽ കുറുവച്ചൻ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ഒറ്റകൊമ്പനിലും ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് കേസ് നൽകിയത്.  കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്തതിന്‍റെ രേഖകളും ജിനു എബ്രഹാം കോടതിയിൽ ഹാജരാക്കിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.