പ്രതിബന്ധങ്ങൾ കടന്ന് `അയങ്കരൻ` പ്രേക്ഷകരിലേക്ക്; നാളെ റിലീസ് ചെയ്യും
കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മൂന്ന് കൊല്ലമായി പ്രദർശനത്തിന് എത്താൻ കഴിയാതെ പോയ അയങ്കരൻ പ്രതിബന്ധങ്ങളിൽ നിന്നും മുക്തി നേടിയാണ് എത്തുന്നത്.
ജി.വി. പ്രകാശ് കുമാർ നായകനായെത്തുന്ന അയങ്കരൻ എന്ന ചിത്രം നാളെ (മെയ് 12) തിയേറ്ററിൽ എത്തും. മാധ്യമങ്ങൾക്കും സെലിബ്രിറ്റികൾക്കുമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടത്തിയ പ്രീമിയർ ഷോയിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. തിയറ്റർ റിലീസിന് മുൻപ് തന്നെ നിരൂപകരുടെയും, നടന്മാരായ ധനുഷ്, വിശാൽ ഉൾപ്പെടെയുളളവരുടെയും പ്രശംസ നേടിയിരിക്കുകയാണ് അയങ്കരൻ.
തൻ്റെ അഭിനയ ജീവിതത്തിൽ ഈ ചിത്രം വലിയൊരു നാഴികക്കല്ലായി തീരും എന്ന ആത്മവിശ്വാസമാണ് ജി.വി.പ്രകാശിന്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കഴിഞ്ഞ മൂന്ന് കൊല്ലമായി പ്രദർശനത്തിന് എത്താൻ കഴിയാതെ പോയ അയങ്കരൻ പ്രതിബന്ധങ്ങളിൽ നിന്നും മുക്തി നേടിയാണ് എത്തുന്നത്. ഈ കാലതാമസവും അയങ്കരൻ എന്ന ചിത്രത്തിന് അനുഗ്രഹമായിരിക്കുകയാണ്. കാരണം കഴിഞ്ഞ കുറെ കാലമായി ജി.വി.പ്രകാശിൻ്റെ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ കോവിഡാനന്തരം പുറത്തിറങ്ങിയ സെൽഫി, ബാച്ച്‌ലർ എന്നീ സിനിമകളുടെ വിജയം ജി.വി.പ്രകാശിന് പുതിയ ജീവൻ നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അയങ്കരൻ പ്രേക്ഷരിലേക്ക് എത്തുന്നത്.
Also Read: Her Movie : ഹേർ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു; തിരി തെളിയിച്ച് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ
'ഈട്ടി ' എന്ന ഹിറ്റ് സിനിമ ഒരുക്കിയ രവി അരസുവാണ് അയങ്കരൻ്റെ രചയിതാവും സംവിധായകനും. സമകാലീന രാഷ്ട്രീയ സംഭവങ്ങൾ കോർത്തിണക്കിയിട്ടുള്ള ഒരു സയൻസ് പശ്ചാത്തലത്തിലുള്ള ആക്ഷൻ ത്രില്ലർ ചിത്രമാണ് അയങ്കരൻ. മലയാളിയായ മഹിമാ നമ്പ്യാരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഹരീഷ് പേരടി, രവീണാ രവി, സിദ്ധാർഥ് ശങ്കർ, യോഗി ബാബു, കാളി വെങ്കട്ട്, ആടുകളം നരേൻ, മയിൽസാമി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമൺ മാൻ ഫിലിം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. "അയങ്കരൻ " സിൽവർ സ്ക്രീൻ പിക്ചേഴ്സ് മുരളി കേരളത്തിൽ റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...