Tiger Nageswara Rao: രവി തേജയും വംശിയും ഒന്നിക്കുന്നു; `ടൈഗർ നാഗേശ്വര റാവു`വിൻറെ ഫസ്റ്റ് ലുക്ക് പുറത്ത്
Tiger Nagesara Rao first look: ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗർജ്ജിക്കുന്ന രവി തേജയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.
കശ്മീർ ഫയൽസ്, കാർത്തികേയ 2, ഇപ്പോഴിതാ ടൈഗർ നാഗേശ്വര റാവുവും. തുടരെത്തുടരെ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ അഭിഷേക് അഗർവാൾ ആർട്ട്‌സ് വടക്കേ ഇന്ത്യക്കാർക്കും തെക്കേ ഇന്ത്യക്കാർക്കും ഒരേപോലെ സുപരിചിതനായ രവി തേജയെ നായകനാക്കി നിർമ്മിക്കുന്ന ടൈഗർ നാഗേശ്വര റാവുവിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തു.
അഭിഷേക് അഗർവാൾ ആർട്ട്‌സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ നിർമ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഈവന്റുകൾ നാളിതുവരെ കാണാത്ത വിധത്തിലാണ് ആരംഭിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ രാജമുൻധ്രിയിലെ ഗോദാവരി നദിയ്ക്ക് കുറുകെയുള്ള ഹാവലോക്ക് പാലത്തിന് മുകളിൽ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉത്തേജിപ്പിക്കുന്ന കൺസെപ്റ്റ് വീഡിയോയും റിലീസ് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് ലുക്ക് റിലീസിനായി ഒരു ട്രെയിനും അവർ വാടകയ്ക്കെടുത്തിരുന്നു.
ALSO READ: ഉണ്ണിമുകുന്ദന് കുരുക്ക് മുറുകുന്നുവോ? പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കോടതി
ശൗര്യമേറിയ ഒരു കടുവയെപ്പോലെ ഗർജ്ജിക്കുന്ന, ഇടതൂർന്ന താടിയുള്ള പരുക്കനായ രവി തേജയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുക. തടങ്കലിൽ അടയ്ക്കപ്പെട്ട നിലയിലാണ് രവി തേജയെ പോസ്റ്ററിൽ കാണുന്നത്. ടൈഗർ നാഗേശ്വര റാവുവിന്റെ ലോകത്തെ പ്രേക്ഷകന് പരിചയപ്പെടുത്താനായാണ് കൺസെപ്റ്റ് വീഡിയോ ഒരുക്കിയിരിക്കുന്നത്. അഞ്ച് ഭാഷകളിൽ നിന്നുള്ള അഞ്ച് സൂപ്പർസ്റ്റാർസിന്റെ വോയ്സ് ഓവറോട് കൂടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും, തെലുങ്കിൽ നിന്ന് വെങ്കടേഷും, ഹിന്ദിയിൽ നിന്ന് ജോൺ എബ്രഹാമും, കന്നഡയിൽ നിന്ന് ശിവ രാജ്കുമാറും, തമിഴിൽ നിന്ന് കാർത്തിയുമാണ് വോയ്സ് ഓവറുകൾ നൽകിയിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ പറയുന്നത് പോലെ യഥാർത്ഥ കേട്ടുകേൾവികളിൽ നിന്ന് സ്വാധീനമുൾക്കൊണ്ടാണ് ടൈഗറിന്റെ കഥ രചിച്ചിരിക്കുന്നത്. "പണ്ട്, എഴുപതുകളിലാണ്. ബംഗാൾ കടൽത്തീരത്തുള്ള ഒരു ചെറിയ ഗ്രാമം. ഈ പ്രകൃതിയെ ഭയപ്പെടുത്തുന്ന ഇരുൾകൂടി അവിടെയുള്ള ജനങ്ങളെക്കണ്ട് പേടിക്കും. പടപടാ ഓടുന്ന ട്രെയിൻ ആ സ്ഥലത്തിനരികിൽ എത്താനാകുമ്പോൾ കിടുകിടാ വിറയ്ക്കും. ആ നാടിന്റെ നാഴികക്കല്ലുകൾ കണ്ടാൽ ജനങ്ങളുടെ പാദങ്ങൾ അടിതെറ്റും. തെന്നിന്ത്യയിലെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം, സ്റ്റുവർട്ട്പുരം. ആ സ്ഥലത്തിന് വേറൊരു പേര് കൂടിയുണ്ട്. ടൈഗർ സോൺ. ടൈഗർ നാഗേശ്വര റാവുവിന്റെ സോൺ" വോയ്സ് ഓവറിൽ പറയുന്നു.
"മാനുകളെ വേട്ടയാടുന്ന പുലികളെ കണ്ടുകാണും, പുലിയെ വേട്ടയാടുന്ന പുലിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?" എന്ന രവി തേജയുടെ ഡയലോഗ് ടൈഗർ എന്ന കഥാപാത്രത്തിന്റെ കാർക്കശ്യമേറിയ സ്വഭാവം വെളിപ്പെടുത്തുന്നതാണ്. മികച്ചൊരു തിരക്കഥ തെരഞ്ഞെടുത്ത് പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ അതിനെ അവതരിപ്പിച്ചിരിക്കുകയാണ് വംശി. മികവുറ്റ ടെക്നീഷ്യൻസാണ് ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.
ആർ മതി ഐ.എസ്.സിയുടെ ദൃശ്യങ്ങളും, വംശിയുടെ അവതരണവും, അഭിഷേക് അഗർവാൾ ആർട്ട്‌സിന്റെ ഗംഭീര അവതരണ ശൈലിയും, ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ക്രിമിനലുകളുടെ ക്രൂരമായ ലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകാൻ ഉതകുന്നവയാണ്. രവി തേജയുടെ ശരീരഭാഷയും സംസാരശൈലിയും ലുക്കുമൊക്കെ തികച്ചും വ്യത്യസ്തമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കൺസെപ്റ്റ് വീഡിയോയും രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്.
നൂപുർ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തിൽ രവി തേജയുടെ നായികമാരായി എത്തുന്നത്. ചിത്രത്തിൻറെ പ്രൊഡക്ഷൻ ഡിസൈനർ അവിനാശ് കൊല്ലയാണ്. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസർ മായങ്ക് സിൻഘാനിയയുമാണ്. ദസറയോട് കൂടിയാണ് ടൈഗർ നാഗേശ്വര റാവുവിൻറെ ബോക്സോഫീസ് വേട്ട ആരംഭിക്കുന്നത്. ഒക്ടോബർ 20നാണ് ചിത്രം ലോകമെമ്പാടും റിലീസാവുക.
അഭിനേതാക്കൾ: രവി തേജ, നൂപുർ സനോൺ, ഗായത്രി ഭരദ്വാജ് തുടങ്ങിയവർ. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസർ: അഭിഷേക് അഗർവാൾ. പ്രൊഡക്ഷൻ ബാനർ: അഭിഷേക് അഗർവാൾ ആർട്ട്‌സ്. പ്രെസൻറർ: തേജ് നാരായൺ അഗർവാൾ. കോ-പ്രൊഡ്യൂസർ: മായങ്ക് സിൻഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാർ. ഛായാഗ്രഹണം: ആർ മതി. പ്രൊഡക്ഷൻ ഡിസൈനർ: അവിനാശ് കൊല്ല. പി.ആർ.ഒ: ആതിരാ ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...