തിരുവനന്തപുരം: ചലച്ചിത്ര താരസംഘടനയായ എഎംഎംഎയുടെ നിലപാടുകള്‍ക്കെതിരെ താന്‍ സംസാരിച്ചത് തുല്യതയ്ക്ക് വേണ്ടിയാണെന്ന് നടി രമ്യാ നമ്പീശന്‍. ശബ്ദമുയര്‍ത്തിയത് മലയാള സിനിമയിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും രമ്യ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരികെയെടുത്തതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെയാണ് രമ്യാ നമ്പീശന്‍ വീണ്ടും പ്രതികാരണവുമായെത്തിയത്‌. ദിലീപിനെ തിരികെ പ്രവേശിപ്പിച്ച നടപടിയെ ആദ്യം മുതല്‍ക്കേ എതിര്‍ത്തവരുടെ കൂട്ടത്തിലായിരുന്നു രമ്യയും. 


എഎംഎംഎയില്‍ നിന്ന് കൂടുതല്‍ പേര്‍ രാജിവെയ്ക്കുമെന്നും രമ്യാ നമ്പീശന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അമ്മയില്‍ നിന്ന് പോരാടിയതുകൊണ്ട് കാര്യമില്ല എന്നതിനാലാണ് താന്‍ ഉള്‍പ്പടെയുള്ളവര്‍ രാജിവെച്ചതെന്നും രമ്യാ വ്യക്തമാക്കിയിരുന്നു.


ദിലീപിനെതിരെ ആദ്യം മുതല്‍ക്കേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച സിനിമയിലെ വനിതാ കൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗവുമാണ് രമ്യാ നമ്പീശന്‍. 


ദിലീപിനെ തിരിച്ചെടുത്ത നടപടി എഎംഎംഎയില്‍ ചര്‍ച്ച ചെയ്തശേഷം ആകാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം നടന്‍ കമല്‍ഹാസനും രംഗത്തെത്തിയിരുന്നു. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.