Thrishanku Movie: `ഇങ്ങനൊരു ഒളിച്ചോട്ടം ചരിത്രത്തിലാദ്യം`; അർജുൻ അശോകന്റെ `ത്രിശങ്കു`വിലെ വീഡിയോ ഗാനം
ഒരു കോമഡി എന്റർടെയ്നറാകും ത്രിശങ്കു എന്നാണ് ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. അർജുൻ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
അർജുൻ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ത്രിശങ്കു'വിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ഡാപ്പർ മാമ എന്ന ഗാനമാണ് അണിയറക്കാർ പുറത്തിറക്കിയത്. ''ചരിത്രത്തിലാദ്യാമായിട്ടായിരിക്കും രണ്ട് അമ്മാവന്മാരെയും കൊണ്ട് ഒരുത്തൻ ഒളിച്ചോടുന്നത്'', എന്ന ഡയലോഗ് പറഞ്ഞു കൊണ്ടാണ് ഗാനം തുടങ്ങുന്നത്. വളരെ രസകരമായ ബീറ്റുള്ള ഗാനം വേഗത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ജയ് ഉണ്ണിത്താൻ ആണ്. ജൊനീറ്റ ഗാന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വളരെ രസകരമായൊരു ചിത്രമായിരിക്കും ത്രിശങ്കു എന്നാണ് ട്രെയിലറിൽ നിന്നും ഇപ്പോൾ പുറത്തുവിട്ട ഗാനത്തിൽ നിന്നും വ്യക്തമാകുന്നത്. നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്. മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക്ടവർ പിക്ചേഴ്സ് & കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, കൃഷ്ണ കുമാർ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.
പ്രശസ്ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും നല്ല കണ്ടെൻ്റ് ഉണ്ടാകുന്നതാണ് മലയാളം സിനിമകളെന്നും 'ജോണി ഗദ്ദാർ', 'അന്താധുൻ', 'മോണിക്ക, ഓ മൈ ഡാർലിംഗ്' തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകൾ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള ബഹുമതി തങ്ങൾക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. ത്രിശങ്കുവിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...