The Quarrel Movie: ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് `വഴക്ക്`; ഒഫീഷ്യൽ സെലക്ഷൻ നേടിയതായി ടൊവിനോ
സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, വിശ്വജിത്ത്, ബൈജു നെറ്റോ, ദേവകി രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ടൊവീനോ തോമസ്, കനി കുസൃതി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വഴക്ക് എന്ന ചിത്രം വഴക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ 2023ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സനൽ കുമാർ ശശിധരൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എത്ര അടുപ്പമുള്ളവരായാലും ചിലപ്പോള്‍ പരസ്പരം മനസ്സിലാക്കാൻ സാധിച്ചെന്നു വരില്ല. മനസ്സിലാക്കാൻ ശ്രമിക്കാറില്ല എന്നതാകും കൂടുതൽ ശരി. മനുഷ്യർക്കിടയിലെ ഈ പ്രശ്നങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'വഴക്ക്'.
ടൊവീനോ, കനി കുസൃതി എന്നിവരെ കൂടാതെ സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, വിശ്വജിത്ത്, ബൈജു നെറ്റോ, ദേവകി രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. അനന്തമായ മഹാപ്രപഞ്ചത്തിന്‍റെ വലിപ്പം പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ട് ആരംഭിക്കുന്ന ചിത്രം, ഭൂമിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എത്രമാത്രം ചെറുതാണെന്ന് ഓർമ്മിപ്പിക്കുന്നു. സിദ്ധാർത്ഥ് എന്ന യുവ അഭിഭാഷകനാണ് വഴക്കിലെ കേന്ദ്ര കഥാപാത്രം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഇയാൾ വിവാഹ മോചനത്തിന്‍റെ വക്കിലാണ്. ഇതുമൂലം തന്‍റെ മകൾ പോലും സിദ്ധാർത്ഥിന് എതിരാകുന്നു. ഒരിക്കൽ തീർത്തും അവിചാരിതമായി സിദ്ധാർത്ഥ് ഒരു കുടുംബത്തെ കണ്ടുമുട്ടുന്നു. തുടർന്ന് അയാൾക്ക് കടന്നുപോകേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.
സിദ്ധാർത്ഥ് കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും അയാളുടെ തന്നെ പ്രതിഫലനം കാണാം. അയാൾക്കുള്ളിലെ നന്മയും, ക്രൂരതയും, ഭയവും, അരക്ഷിതാവസ്ഥയുമെല്ലാമാണ് മറ്റു കഥാപാത്രങ്ങളിലൂടെയും സംവിധായകൻ സ്ക്രീനിലെത്തിച്ചിരിക്കുന്നത്. സംവിധായകൻ്റെ കാഴ്ചപ്പാട് പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കുക എന്ന വ്യവസ്ഥാപിത സങ്കൽപ്പത്തിന് വിരുദ്ധമായി പ്രേക്ഷകർക്ക് തങ്ങളുടേതായ രീതിയിൽ കഥയെ വ്യാഖ്യാനിക്കാനുള്ള അവസരം നൽകുന്നു.
ചന്ദ്രു സെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും പാരറ്റ് മൗണ്ട് പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്. ടൊവിനോ, ഗിരീഷ് നായർ, ഫൈസൽ ഷജിൻ ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പൃഥ്വി ചന്ദ്രശേഖർ ആണ് സംഗീതം സംവിധാനം നിർവഹിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...