ഉഡ്ത പഞ്ചാബ് വിവാദം: ബോർഡിനെതിരെ ബോളിവുഡിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളും രംഗത്ത്
ഉഡ്ത പഞ്ചാബ്’ എന്ന ഹിന്ദി ചിത്രത്തിലെ 89 രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സെൻസർ ബോർഡിന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ പാർട്ടികളും രംഗത്ത്. ബോർഡ് റിവ്യൂ കമ്മിറ്റി പാസാക്കിയ ഉത്തരവിന്‍റെ പകർപ്പ് ആവശ്യപ്പെട്ടു നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
ബോർഡിനെതിരെ ബോളിവുഡിനു പിന്നാലെ രാഷ്ട്രീയ പാർട്ടികളും രംഗത്തെ വന്നതോടെയാണ് ആരോപണങ്ങൾ ചൂടുപിടിക്കുന്നത്. സെൻസർ ബോർഡ് ചെയർമാൻ പഹ്‌ലജ് നിഹലാനിക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്.
പഞ്ചാബിലെ ലഹരി മാഫിയയെക്കുറിച്ചു പറയുന്ന ചിത്രം റിലീസ് ചെയ്യണമെങ്കിൽ പേരിലെ ‘പഞ്ചാബ്’ നീക്കണം, മാത്രമല്ല, നഗരങ്ങളുടെ പേരുകളും എംഎൽഎമാരെക്കുറിച്ചും തിരഞ്ഞെടുപ്പിനെക്കുറിച്ചും പറയുന്ന ഭാഗങ്ങളും ഒഴിവാക്കണം തുടങ്ങിയവയാണു നിർദേശങ്ങൾ.
അകാലിദൾ-ബിജെപി സഖ്യം ഭരിക്കുന്ന പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയുള്ള രാഷ്ട്രീയ തന്ത്രമാണിതെന്നും അണിയറപ്രവർത്തകർ ആഞ്ഞടിച്ചു.പഹ്‌ലജ് നിഹലാനി ബിജെപിക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു.
അതേസമയം, പഞ്ചാബ് സർക്കാരിനെതിരെ എഎപിയും കോൺഗ്രസും രംഗത്തെത്തി. ഒരു ചിത്രം സെന്‍സര്‍ ചെയ്തത് കൊണ്ടുമാത്രം പഞ്ചാബിലെ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ബോര്‍ഡിനെതിരെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തി. പഞ്ചാബിലെ യഥാര്‍ഥ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചിത്രമാണ് ഉട്താ പഞ്ചാബെന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്.
സെര്‍സര്‍ ബോര്‍ഡിനെ പരിഹസിച്ചുള്ള ട്രോളുകളും സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ചിത്രത്തില്‍ മയക്കുമരുന്നിനടിമയായ ഗായകനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്. കരീന കപൂറും ആലിയ ഭട്ടുമാണ് ഉട്താ പഞ്ചാബില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. അഭിഷേക് ചൌബേ ആണ് ചിത്രത്തിന്റെ സംവിധായകന്‍.