Achani Ravi Passed Away: മലയാള ചലച്ചിത്ര നിർമ്മാതാവ് അച്ചാണി രവി അന്തരിച്ചു
Achani Ravi Passed Away: കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം തൻറെ നവതി ആഘോഷിച്ചത്, നിരവിധി ക്ലാസിക്കുകൾ മലയാളത്തിന് നൽകിയ നിർമ്മാതാവ്
കൊല്ലം: മലയാള സിനിമക്ക് ഒരു പിടി ക്ലാസിക് ചിത്രങ്ങൾ സമ്മാനിച്ച നിർമ്മാതാവ് അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം തൻറെ നവതി ആഘോഷിച്ചത്. ജനറൽ പിക്‌ചേഴ്‌സ് രവി എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.
കാഞ്ചന സീത , തമ്പ് , കുമ്മാട്ടി , എസ്തപ്പൻ , പോക്കുവെയിൽ , തുടങ്ങിയ നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ പിറവിക്ക് അദ്ദേഹം കാരണമായി. എലിപ്പത്തായം , മഞ്ജു , മുഖാമുഖം , അനന്തരം , വിധേയൻ തുടങ്ങി എഴുപതുകൾ മുതൽ തൊണ്ണൂറുകൾ വരെയുള്ള കാലഘട്ടത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ മലയാള സിനിമയിൽ വളർത്തിയെടുത്തതിന് പിന്നിൽ അച്ചാണി രവിയുടെ സിനിമകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
നിരവധി തവണ ദേശീയ - സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ മലയള സിനിമക്ക് നൽകിയ സംഭാവനകൾക്ക് കണക്കിലെടുത്ത് 2008-ൽ കേരള സർക്കാർ ജെ.സി. ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.
കശുവണ്ടി ഉത്പാദനവും കയറ്റുമതിയും കൈകാര്യം ചെയ്യുന്ന സമ്പന്ന കുടുംബത്തിലാണ് കെ.രവീന്ദ്രൻ നായർ ജനിച്ചത്. 1967-ൽ അദ്ദേഹം ജനറൽ പിക്‌ചേഴ്‌സ് സ്ഥാപിച്ചു , പി. ഭാസ്‌കരൻ സംവിധാനം ചെയ്ത അന്വേഷിച്ചു കണ്ടേതിയില്ല എന്ന തന്റെ ആദ്യ സിനിമ അങ്ങനെയാണ് അദ്ദേഹം നിർമ്മിച്ചത് .കാട്ടുകുരങ്ങ് , ലക്ഷപ്രഭു തുടങ്ങി രണ്ട് ചിത്രങ്ങൾ അടുത്ത വർഷം വന്നു.
1973-ൽ പുറത്തിറങ്ങിയ അച്ചാണി എന്ന ചിത്രം അദ്ദേഹത്തിന് അച്ചാണി രവി എന്ന പേരു നേടിക്കൊടുത്തു . ഈ സിനിമയും വാണിജ്യവിജയം നേടി. ചിത്രങ്ങളിൽ നിന്നുള്ള വരുമാനം അദ്ദേഹം കൊല്ലത്ത് പബ്ലിക് ലൈബ്രറി നിർമ്മിക്കുന്നതിനായി നൽകുകയാണുണ്ടായത്.
1977 - ൽ അദ്ദേഹത്തിൻറെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമായി ജി. അരവിന്ദനൊപ്പം ചേർന്ന് കാഞ്ചന സീത ആ വർഷം പുറത്തിറങ്ങി. ഇതിന് പിന്നാലെ തമ്പ് (1978), കുമ്മട്ടി (1979), എസ്തപ്പൻ (1979), പോക്കുവെയിൽ (1981) എന്നീ നാല് അരവിന്ദൻ ചിത്രങ്ങൾ കൂടി. അദ്ദേഹം നിർമ്മിച്ച അടുത്ത ചിത്രമായ എലിപ്പത്തായം (1981) സംവിധാനം ചെയ്തത് അടൂർ ഗോപാലകൃഷ്ണനായിരുന്നു . മുഖാമുഖം (1984), അനന്തരം (1987), വിധേയൻ എന്നീ മൂന്ന് ചിത്രങ്ങൾ കൂടി പിന്നീട് എത്തി. അതിനിടയിൽ എം ടി വാസുദേവൻ നായർക്കും വേണ്ടി അദ്ദേഹം മഞ്ജു (1982) എന്ന സിനിമയും നിർമ്മിച്ചു .
ദേശീയ ചലച്ചിത്ര പുരസ്കാര ജൂറി അംഗം, സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ആകെ 14 ചിത്രങ്ങളാണ് അദ്ദേഹം നിർമ്മിച്ചത്. അദ്ദേഹത്തിന് 18 അവാർഡുകളും ലഭിച്ചു. [തമ്പ്, ആമ്പൽ പൂവ്, ഡിറ്റക്ടീവ് 909 തുടങ്ങിയ സിനിമകളിൽ പാടിയിട്ടുള്ള ഒരു പിന്നണി ഗായികയായിരുന്നു രവീന്ദ്രൻ നായരുടെ ഭാര്യ ഉഷാ രവി 2013-ൽ അന്തരിച്ചു. മക്കൾ: പ്രതാപ്, പ്രീത,പ്രകാശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...