Vineeth Sreenivasan: `80കളിലെ ശ്രീനിവാസന്റെ ജീവിതം പ്രചോദനം`; വിനീത് ശ്രീനിവാസൻ ചിത്രത്തിൽ നായകന്മാർ ഇവർ
ശ്രീനിവാസന്റെ 80കളിലെ ചെന്നൈ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കഥ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
മലയാളം സിനിമാ മേഖലയിൽ ഇതിനോടകം തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിനീത് ശ്രീനിവാസൻ. നടൻ, സംവിധായകൻ, ഗായകൻ, രചന തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും വിനീത് കഴിവ് തെളിയിച്ചു കഴിഞ്ഞു. വിനീതിന്റെ സംവിധാനത്തിലെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഹിറ്റ് നേടിയവയായിരുന്നു. ഹൃദയം എന്ന സിനിമയാണ് ഒടുവിലായി വിനീതിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രം. യുവാക്കൾക്കിടയിൽ വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.
ഇപ്പോഴിതാ പുതിയ ചിത്രവുമായി വിനീത് എത്തുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അച്ഛന്റെ ജീവിതമാണ് ഇത്തവണ വിനീത് സിനിമയാക്കുന്നതെന്ന്. ശ്രീനിവാസന്റെ 80കളിലെ ചെന്നൈ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കഥ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിലെ കാസ്റ്റിംഗ് ആണ് മറ്റൊരു പ്രത്യേകത. ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, പ്രണവ് മോഹൻലാൽ എന്നിവരാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നതെന്നാണ് വിവരം. ട്രെൻഡിങ് സിനിമ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രേക്ഷകർ ആവേശത്തിലാണ്.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുക്കൻ. ജൂലൈ 27ന് ചിത്രം തിയേറ്ററുകലിലെത്തും. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ് റാംസിങ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിബു ജേക്കബ്. എഡിറ്റർ: രഞ്ജൻ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്. 'കുറുക്കനി'ല്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...