മലയാള൦  സിനിമകളിൽവച്ച് ബോക്സോഫീസ് കളക്ഷനില്‍ ഏറ്റവും  മുന്‍പിലുള്ള ചിത്രമാണ് മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ  'ലൂസിഫര്‍'. ചിത്രത്തിന്‍റെ ബോക്സോഫീസ് കളക്ഷൻ 200 കോടിയോളമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് നടൻ ചിരഞ്ജീവിയാണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നതും ചിരഞ്ജീവി തന്നെയാണ്. സാഹോ സിനിമയൊരുക്കിയ സുജീത്താണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. 


എന്നാല്‍ ഇപ്പോള്‍  ചിത്രത്തിന്‍റെ മറ്റൊരു വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. മലയാളത്തില്‍ വിവേക് ഒബ്‌റോയ് അവിസ്മരണീയമാക്കിയ "ബോബി" എന്ന പ്രതിനായക കഥാപാത്രമായി എത്താനൊരുങ്ങുന്ന താരത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 


തെലുങ്ക് പതിപ്പിലും  വില്ലനായി വിവേക് ഒബ്‌റോയിയെ തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നത്. പക്ഷേ  അദ്ദേഹം വിസമ്മതം അറിയിച്ചതായാണ്  സൂചന.   ഇതോടെയാണ്  മറ്റൊരു കഥാപാത്രത്തെ ഈ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യാൻ നിര്‍ബന്ധിതരായിരിക്കുന്നത്.


അതേസമയം, ബോബി ആകാൻ നറുക്ക് വീണിരിക്കുന്നത് നടൻ റഹ്മാനാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  ഇത് സംബന്ധിച്ചുള്ള  ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റില്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു.


ഇത് സംബന്ധിച്ച് റഹ്മാനെ സമീപിച്ചപ്പോള്‍ അദ്ദേഹം ആ കഥാപാത്രത്തെ  അവതരിപ്പിക്കാന്‍  സമ്മതം അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.  
മലയാളത്തില്‍ മഞ്ജുവാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുക സുഹാസിനിയാണെന്ന തരത്തിൽ മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലും  ഔദ്യോഗിക സ്ഥിരീകരണം  ഇതുവരെ അണിയറപ്രവർ‍ത്തകർ‍ അറിയിച്ചിട്ടില്ല.