Turbo Movie : ടർബോ സീൻ മാറ്റുമോ? കൈ കൂപ്പി മിഥുൻ മാനുവൽ; വീഡിയോ
Turbo Movie Updates : മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ രചന നിർവഹിച്ചിരിക്കുന്നത്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. താരത്തിന്റെ തന്നെ നിർമാണ കമ്പനിയായ മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ടർബോയുടെ സക്കൻഡ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇത് ആരാധകരിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാള സിനിമയുടെ സീൻ വീണ്ടും മാറുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ ചോദ്യത്തിന് സിനിമയുടെ രചയിതാവായ മിഥുൻ മാനുവൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ടർബോയുടെ അപ്ഡേറ്റിനായി പേജ് ത്രീ മാധ്യമങ്ങൾ മിഥുൻ മാനുവലിനെ സമീപിക്കുകയായിരുന്നു. കൂടെ സംവിധായകൻ വൈശാഖുമുണ്ട്. ടർബോ സീൻ മാറ്റുമോ എന്ന് ചോദ്യം ഓൺലൈൻ മാധ്യമപ്രവർത്തകർ മിഥുനോട് ചോദിക്കുകയായിരുന്നു. അപ്പോൾ ചിത്രത്തിന്റെ തിരക്കഥകൃത്തുമായ മിഥുൻ അവരോട് കൈകൂപ്പി കാണിക്കുന്നതാണ്. മറ്റ് പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നുമില്ല. ചിത്രത്തിന്റെ സക്കൻഡ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടതാണ് അപ്ഡേറ്റെന്ന് മിഥുൻ മാനുവൽ അവർക്ക് മറുപടി നൽകി.
ടർബോ സക്കൻഡ് ലുക്ക്
ഇന്നലെ ഫെബ്രുവരി 23-ാം തീയതി രാത്രിയിലാണ് ടർബോയുടെ സക്കൻഡ് ലുക്ക് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. പോലീസ് സ്റ്റേഷനിൽ മറ്റ് പ്രതികൾക്കൊപ്പം ഇരിക്കുന്ന മമ്മൂട്ടിയെയാണ് സക്കൻഡ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ മമ്മൂട്ടിക്ക് മാസ് പരിവേഷമായിരുന്നു. എന്നാൽ സക്കൻഡ് ലുക്കിലേക്ക് വരുമ്പോൾ താരം ചിത്രത്തിൽ കോമഡി വേഷവും കൈകാര്യം ചെയ്യുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. എന്നിരുന്നാലും ടർബോ ഒരു മാസ് ആക്ഷൻ കോമഡി ചിത്രമാണെന്ന് മിഥുൻ മാനുവൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മമ്മൂട്ടികമ്പനിയുടെ അഞ്ചാമത്തെ ചിത്രമാണ് ടർബോ. മമ്മൂട്ടികമ്പിനിയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ടർബോ. 70 കോടിയോളം രൂപയാണ് ചിത്രത്തിനായി ചിലവഴിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഇടങ്ങളിലായി 104 ദിവസങ്ങൾ കൊണ്ടാണ് ടർബോ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം വിഷു-പെരുന്നാൾ റിലീസായി തിയറ്ററുകളിൽ എത്താനാകും സാധ്യത.
ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. തെലുങ്ക് താരം സുനിലും പ്രധാന വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്. കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. അച്ചായൻ വേഷങ്ങളിൽ ശ്രദ്ധേയനായ മമ്മൂട്ടിയുടെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ടർബോ എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒരു മറവത്തൂർ കനവ് സിനിമയിലെ പോലെ തന്നെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. വിഷ്ണു ശർമയാണ് ടർബോയുടെ ഛായഗ്രാഹകൻ. സമീർ മുഹമ്മജദാണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഷാജി പാടൂർ ചിത്രത്തിന്റെ കോ-ഡയറക്ടറായി അണിയറയിൽ പങ്ക് ചേരും. ഫീനിക്സ് പ്രഭുവമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ.
മമ്മൂട്ടി കമ്പനിയുടെ റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം ബോക്ഓഫീസിലും നിരൂപക പ്രശംസയും നേടിയെടുത്തവയായിരുന്നു. നിലവിൽ താരത്തിന്റേതായി തിയറ്ററുകളിൽ അടക്കി വാഴുകയാണ് ഭ്രമയുഗം. ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇതിനോടകം 40 കോടിയിൽ അധികമാണ് ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ഭൂതകാലത്തിന്റെ സംവിധായകൻ രാഹുൽ സദാശിവനാണ് ഭ്രമയുഗം ഒരുക്കിയിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ഭ്രമയുഗം ചിത്രീകരിച്ചിരിക്കുന്നത്. ഭ്രമയുഗത്തിന് പുറമെ ബസൂക്ക എന്ന ചിത്രവുമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.