മനാമ: ബഹ്‌റിനിലെ മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക സംഘടനയായ ബഹ്‌റിന്‍ കേരളീയ സമാജത്തിന് പുതിയ അമരക്കാര്‍. 73ാം വാര്‍ഷിക പൊതുയോഗത്തിലാണ് പിവി രാധാകൃഷ്ണ പിള്ള പ്രസിഡന്റായും വര്‍ഗീസ് കാരക്കല്‍ ജനറല്‍ സെക്രട്ടറിയായുമുള്ള പതിനൊന്നംഗ ഭരണസമിതിയെ തിരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസര്‍ ലോഹിതദാസ് പാലിശേരിയാണ് പുതിയ ഭാരവാഹികളെയും കമ്മറ്റിയെയും പ്രഖ്യാപിച്ചത്. മത്സരം ഇല്ലാതെ ഏകകണ്ഠമായാണ് കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടത്. പോയ കാലത്തെ മികച്ച പ്രവര്‍ത്തനഫലമാണ് മത്സരമില്ലാതെ ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ ഇടയാക്കിയതെന്ന് സമാജം വിലയിരുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസിഡന്റ്- പി.വി. രാധാകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ്- ദേവദാസ് കെ, ജനറല്‍ സെക്രട്ടറി- വര്‍ഗീസ് കാരക്കല്‍, അസിസ്റ്റന്റ് സെക്രട്ടറി- വര്‍ഗീസ് ജോര്‍ജ്, ട്രഷറര്‍- ആഷ്ലി കുര്യന്‍, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി- ശ്രീജിത്ത് ഫറോക്ക്, ലൈബ്രേറിയന്‍-വിനൂപ് കുമാര്‍ വി, മെമ്പര്‍ഷിപ്പ് സെക്രട്ടറി- ദിലീഷ് കുമാര്‍, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി- പോള്‍സണ്‍ കെ. ലോനപ്പന്‍, സാഹിത്യ വിഭാഗം സെക്രട്ടറി- ഫിറോസ് തിരുവത്ര, ഇന്റേണല്‍ ഓഡിറ്റര്‍- മഹേഷ് ഗോപാലകൃഷ്ണ പിള്ള എന്നിവരാണ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.


 രണ്ട് വര്‍ഷത്തേക്കാണ് ഭരണസമിതിയെ തിരഞ്ഞെടുക്കുന്നത്. 2022- 24 വര്‍ഷത്തേക്കുള്ള കമ്മറ്റിയാണ് ചുമതലയേറ്റത്. ഏകകണ്ഠമായി കമ്മറ്റിയെ തിരഞ്ഞെടുത്തതിന് എല്ലാ സമാജം അംഗങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി സമാജം പ്രസിഡന്റും സെക്രട്ടറിയും പത്രക്കുറിപ്പില്‍ പറഞ്ഞു. 


പുതുതായി ചുമതലയേറ്റ ഭരണസമിതിയുടെ ഔദ്യോഗിക സ്ഥാനമേല്‍ക്കല്‍ മാര്‍ച്ച് 31ന് നടത്തുമെന്ന് സമാജം പത്രക്കുറിപ്പില്‍ പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കലാ സാസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. പ്രശസ്ത സംഗീതജ്ഞ ലക്ഷ്മി ജയന്‍ ഉള്‍പ്പെടെയുള്ള സംഗീത പ്രതിഭകള്‍ നയിക്കുന്ന ഗാനമേളയും ചടങ്ങിന്റെ ഭാഗമായുണ്ടാകും. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമാകും.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.