Bahrain: നൂറിലധികം നർത്തകിമാർ അണിനിരന്ന മെഗാ തിരുവാതിര; വർണാഭമായി ബഹ്റൈൻ കേരളീയ സമാജത്തിന്‍റെ ഓണാഘോഷം
Bahrain: കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് നൂറിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരയ്ക്ക് സമാജത്തിൻ്റെ തിരുമുറ്റം സാക്ഷ്യം വഹിച്ചത്.
മനാമ: ബഹ്റൈൻ കേരളീയ സമാജം ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നൂറിലധികം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വൻ ജനാവലി എത്തിച്ചേർന്നു. കേരളീയ സമാജത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് നൂറിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരയ്ക്ക് സമാജത്തിൻ്റെ തിരുമുറ്റം സാക്ഷ്യം വഹിച്ചത്.
നൃത്താദ്ധ്യാപകരായ ശുഭ അജിത്തും രമ്യബിനോജും ചിട്ടപ്പെടുത്തിയ തിരുവാതിരയുടെ പരിശീലനം രണ്ട് മാസമായി സമാജത്തിൽ നടന്നുവരികയായിരുന്നുവെന്നും മെഗാ തിരുവാതിര വൻ വിജയമാക്കിയ മുഴുവൻ വ്യക്തികളെയും അഭിനന്ദിക്കുന്നതായും പി.വി.രാധാകൃഷ്ണ പിള്ള പറഞ്ഞു. ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗത പ്രസംഗം നടത്തി. ശ്രാവണം ചെയർമാൻ എംപി രഘു, ജനറൽ കൺവീനർ ശങ്കർ പല്ലൂർ, മെഗാ തിരുവാതിര കൺവീനർ ജയ രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.
പൂക്കളങ്ങളാൽ സമൃദ്ധമായി പ്രവാസലോകവും; ദൃശ്യവിരുന്നൊരുക്കി ബഹറിനിൽ അത്തപ്പൂക്കള മത്സരം
മനാമ: ബഹ്റിനിലെ പ്രവാസികൾക്ക് ദൃശ്യവിരുന്നൊരുക്കി അത്തപ്പൂക്കള മത്സരം. കഴിഞ്ഞ രണ്ട് വർഷം വീടുകളിൽ ഒതുങ്ങിയ ഓണാഘോഷം ഇത്തവണ രണ്ട് മാസം നീണ്ട് നിൽക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളാണ് ബഹറിൻ കേരളീയ സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച്ച നടന്ന അത്തപ്പൂക്കള മത്സരത്തിൽ വ്യക്തികളും സമാജം ഉപ വിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം പതിനൊന്ന് ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു. വിധികർത്താക്കൾക്ക് വിജയികളെ കണ്ടെത്താൻ ഏറെ പ്രയസമുണ്ടാക്കുന്ന തരത്തിൽ ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളാണ് ഓരോ മത്സരാർത്ഥികളും ഒരുക്കിയിരുന്നത്. യഥാർത്ഥ പൂക്കൾ തന്നെയാണ് പൂക്കളം തീർക്കാനായി ഉപയോഗിച്ചിട്ടുള്ളത്.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന അത്തപ്പൂക്കള മത്സരത്തിലും ഓണാഘോഷ പരിപാടികളിലും ഏറെ ആവേശത്തോടെയാണ് മലയാളികൾ പങ്കാളികളാകുന്നതെന്ന് ബഹ്റിൻ കേരളീയ സമാജം പ്രസിഡന്‍റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. വരുന്ന രണ്ട് മാസത്തോളം എല്ലാ ദിവസങ്ങളിലും കേരളീയ സമാജത്തിൽ ഓണാഘോഷ പരിപാടികൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് ചാലിശ്ശേരി, അജിത രാജേഷ് എന്നിവരാണ് പൂക്കള മത്സരത്തിൻ്റെ കൺവീനർമാർ. വരും ദിവസങ്ങളിൾ ഓണാഘോഷ പരിപാടികൾക്ക് മിഴിവേകാൻ കേരളത്തിൽ നിന്നും പ്രശസ്ത കലാകാരൻമ്മാരുടെയും പ്രമുഖ വ്യക്തികളുടെയും ഒരു നീണ്ട നിര തന്നെ ബഹ്റിനിലെത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...