നെടുമ്പാശേരി: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സലാലയില്‍ നിന്ന് രാത്രി മസ്കറ്റിലെത്തിച്ച മൃതദേഹം രാവിലെ ഏഴു മണിയോടെ ഒമാന്‍ എയര്‍ വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്. മൃതദേഹം എംബാം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പത്തു മണിയോടെ ചുക്കുവിന്റെ അങ്കമാലി കറുകുറ്റിയിലുള്ള വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാല് മണിയോടെ കറുകുറ്റി ക്രിസ്തുരാജ ആശ്രമം പളളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കൊലപാതകത്തിൽ ചിക്കു റോബർട്ടിന്‍റെ ഭർത്താവ് ലിന്‍സന് പങ്കില്ലെന്ന് ഉമ്മൻചാണ്ടി മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി വിവരങ്ങൾ സ്ഥിരീകരിക്കാൻ ലിന്‍സന്‍റെ സാന്നിധ്യം സലാലയിൽ ആവശ്യമായതിനാൽ  നാട്ടിലേക്ക് വരാൻ ഒമാൻ പൊലീസ് അനുമതി നൽകിയിട്ടില്ല  സമാന രീതിയിലുള്ള കൊലപാതകങ്ങൾ വിദേശ രാജ്യങ്ങളിൽ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഇടപെടലുകളെ തുടര്‍ന്നാണ് മൃതദേഹം വിട്ടു കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലായത്.


സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്സായിരുന്ന ചിക്കു റോബർട്ടിനെ ഏപ്രിൽ 20നാണ് വീട്ടിലെ മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സലാലയിലെ  ബദര്‍ അല്‍ സമ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ചിക്കു രാവിലെ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ റിസപ്ഷനിലിസ്റ്റ് ആയ ഭര്‍ത്താവ് ലിന്‍സണ്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ചിക്കുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിലും കഴുത്തിന്റെ പിന്‍ഭാഗത്തും ആഴത്തില്‍ മുറിവേറ്റിരുന്നു. കാതുകള്‍ അറുത്തെടുത്ത നിലയിലായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു ചിക്കു.