അബുദാബി: പ്രളയത്തിൽ തകർന്ന ചേന്ദമംഗലം കൈത്തറിയുടെ പുനർജീവനത്തിന് കൈത്താങ്ങായി  യു.എ.ഇയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപയോഗശൂന്യമായ തുണിത്തരങ്ങളിൽ നിന്ന് ചേക്കുട്ടിയെന്ന പേരിൽ ആരംഭിച്ച പാവ നിർമാണ പദ്ധതിയാണ് യുഎഇയില്‍ സജീവമാകുന്നത്. അബുദാബിയിലെ ഫ്രൻഡ്‌സ് ഓഫ് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകരാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. 


കഴിഞ്ഞ രണ്ടു ദിവസം മുൻപാണ് അബുദാബിയിൽ ഒത്തുകൂടിയ സുഹൃത്തുക്കൾ പാവനിർമാണവും അതിലൂടെ നവകേരള നിർമിതിയും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുന്നത്. 


പ്രവാസ ലോകത്തെ ഓരോ മലയാളികളുടെയും വീടുകളിലും വാഹനങ്ങളിലും ഒരു പാവയെങ്കിലും എത്തിക്കുക വഴിയുണ്ടാവുന്ന സാമ്പത്തികം മാത്രമല്ല ലക്ഷ്യം. 


ചേക്കുട്ടി പാവ ഒരു ഓർമപ്പെടുത്തലാണ്. വലിയ പ്രകൃതിദുരന്തത്തിലും പിടിച്ചുനിന്ന ജനതയാണ് നാമെന്ന ഓർമപ്പെടുത്തൽ. 


അത് നൽകുന്ന ഊർജവും ജാഗ്രതയും കേരളത്തിന്‍റെ മുന്നോട്ടുള്ള ഒരോ ചുവടിലും സൂക്ഷ്മത പുലർത്താൻ മലയാളികൾക്ക് പ്രചോദനമാവുക എന്നതാണ്.


ചേന്ദമംഗലത്തുനിന്ന് തുണിയെത്തിച്ച് പാവകൾ ഇവിടെ നിർമിക്കുന്ന പദ്ധതിയാണിത്. 


നിർമാണം പൂർത്തിയായ പാവകൾക്കുള്ള തുക നൽകിയാണ് സംഘം നാട്ടിൽനിന്ന് തുണിയെത്തിച്ചത്. ആ തുക കൈത്തറിയുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. 


അബുദാബിയിൽ നിർമിക്കുന്ന പാവകൾ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ കേരള പുനർനിർമാണ ഫണ്ടിലേക്കും നൽകും. 


പരിഷത്തിന്‍റെ അബുദാബിയിലെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞ ഷാർജയിലെ ഓട്ടിസം ബാധിതരായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനാ ഭാരവാഹികൾ ബന്ധപ്പെട്ടിരുന്നു. 


പാവനിർമാണത്തിൽ കുട്ടികളെയും ഭാഗമാക്കാൻ താത്പര്യം പ്രകടമാക്കിക്കൊണ്ടായിരുന്നു അത്. തങ്ങളുടെ പ്രവർത്തനങ്ങൾക്കും മുന്നോട്ടുവെച്ച ആശയങ്ങൾക്കും ലഭിച്ച വലിയ അംഗീകാരമായാണ് ഇതിനെ നോക്കിക്കാണുന്നതെന്ന് അബുദാബി ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്യാം തൈക്കാട് പറഞ്ഞു.


കെ.എസ്.സി. കേരളോത്സവത്തിലും പ്രത്യേകമായി സ്റ്റാൾ ആരംഭിച്ച് പാവനിർമാണവും വില്പനയും നടത്താനാണ് പദ്ധതി. ഇതിന്‍റെ ഭാഗമായി ഞായറാഴ്ച മുതൽ വൈകുന്നേരങ്ങളിൽ കെ.എസ്.സിയിൽ ഒത്തുകൂടി പാവനിർമാണം നടത്തും. 


കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് അഞ്ഞൂറോളം പാവകൾ ഇവിടെ നിർമിച്ചു കഴിഞ്ഞു. കുട്ടികളും മുതിർന്നവരുമെല്ലാം ഈ പദ്ധതിയിൽ സജീവമായുണ്ട്. ഒരു ചേക്കുട്ടി പാവയ്ക്ക് പത്ത് ദിർഹമാണ് വില.