ഒമാൻ: സൗദി അറേബ്യയ്ക്കു പിന്നാലെ  തൊഴിൽ പ്രതിസന്ധി ഒമാനിലും രൂക്ഷമാകുന്നു. സർക്കാർ ആശുപത്രികളിലെ സ്വദേശികളല്ലാത്ത 48 മലയാളികൾ ഉൾപ്പെടെ 76  നഴ്സുമാര്‍ക്കാണ് പിരിച്ചുവിടാനുള്ള നോട്ടിസ് നൽകിയത്. ഇന്നു മുതൽ ഇവരോട് ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് നിർദേശം. സ്വദേശിവത്കരണത്തിന്‍റെ   ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

 നഴ്സുമാർക്ക് 90 ദിവസത്തെ സാവകാശമായിരുന്നു നോട്ടിസിൽ നൽകിയിരുന്നത്. അത് ഇന്ന് അവസാനിക്കുന്നതോടെ അടുത്ത എട്ടു ദിവസത്തിനുള്ളിൽ ഇവിടെനിന്നു നാട്ടിലേക്ക് മടങ്ങണമെന്നാണ്  ഇവര്‍ക്ക് നൽകിയ നിർദേശം.


നിതാഖാത്ത് നടപ്പാക്കുന്നതിന്‍റെ ഭാഗമായി പതിനായിരത്തിലധികം ഇന്ത്യക്കാർക്കാണ് സൗദി അറേബ്യയിൽ ജോലി നഷ്ടമായത്. ഇക്കാമ പോലും കൈവശമില്ലാത്തതിനാൽ ഇവർക്കു നാട്ടിലേക്കു മടങ്ങാൻ സാധിക്കുന്നില്ല. കെട്ടിട നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരെയാണ് പ്രധാനമായും പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നത്. പലർക്കും നിരവധി മാസത്തെ ശമ്പളം ലഭിക്കാനുണ്ട്.


സൗദിയിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്. ഭക്ഷണം പോലുമില്ലാതെ കുടുങ്ങിയവർക്ക് ഭക്ഷണമെത്തിക്കുന്ന നടപടി ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനു നേതൃത്വം നല്‍കാന്‍ വിദേശകാര്യമന്ത്രി വി.കെ.സിങ് സൗദിയിലെത്തും.