ജിദ്ദ:  തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് വിദേശ കാര്യസഹമന്ത്രി വികെ സിംഗ് ഇന്ന് ജിദ്ദയിലെത്തും. ജിദ്ദയിലെ വിവിധ ലേബര്‍ ക്യാമ്പുകള്‍ വികെ സിംഗ് സന്ദര്‍ശിക്കും.സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ്റജ് അല്‍ ഹഖബാനി ഉള്‍പ്പെടെയുള്ള സൌദി അധികൃതരുമായി ചര്‍ച്ച നടത്തും. അതെസമയം പട്ടിണിയിലായ തൊഴിലാളിക്ക് പത്തുദിവസത്തേക്കുള്ള ഭക്ഷണത്തിന് ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്ന്‍ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദി അറേബ്യയില്‍ വിവിധ നിര്‍മ്മാണ കമ്പനികളിലായി പതിനായിരത്തിലേറെ ഇന്ത്യന്‍ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ കുടുങ്ങികിടക്കുന്നത്. പല ലേബര്‍ ക്യാമ്പുകളിലും മാസങ്ങളായി ഭക്ഷണം പോലും ലഭ്യമല്ല. പ്രതിസന്ധിയിലായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് റിയാദില്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഭക്ഷണം ലഭ്യമാകാത്ത കൂടുതല്‍ ഇടങ്ങളിലേക്ക് ഭക്ഷണം എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.


അതേസമയം ജിദ്ദയില്‍ വിവിധ ലേബര്‍ ക്യാമ്പുകളില്‍ എത്തി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി. അടിയന്തരമായി നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍, സൗദി തുടരാന്‍ താത്പര്യപ്പെടുന്നവര്‍, മറ്റൊരു സ്‌പോണ്‍സറുടെ കീഴിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ തിരിച്ചാണ് പട്ടിക തയ്യാറാക്കുന്നത് സൗദി ബിന്‍ ലാദന്‍,സൗദി ഓജര്‍ തുടങ്ങി കമ്പനികളിലെ തൊഴിലാളികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാതെ പ്രതസിന്ധിയിലായത്.


അതേസമയം, സൗദി അധികാരികളുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുവരവിനും ശമ്പള കുടിശ്ശിക ലഭിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി വി.കെ. സിങ് നേതൃത്വം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ പറഞ്ഞു. പ്രശ്നത്തില്‍ നിരന്തരം പുരോഗതി വിലയിരുത്തുന്നുണ്ട്. ദുരിതത്തിലായവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ നടപടിയായിട്ടുണ്ട്. 


തൊഴില്‍ പ്രശ്നം നിലനില്‍ക്കുന്ന എല്ലാ ലേബര്‍ ക്യാമ്പുകളിലും 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍  എത്തിച്ചിട്ടുണ്ട്.  ഒരു ഇന്ത്യക്കാരന്‍ പോലും സൗദിയില്‍ പട്ടിണി കിടക്കേണ്ടി വരില്ല. ലോക്സഭയിലും രാജ്യസഭയിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.