ഒഴുകുന്ന ടൈംബോബ് നിർവീര്യമാക്കാനാകുമോ? ലോകം മുൾമുനയിൽ
ടാങ്കർ തുരുമ്പെടുത്ത് നശിക്കുന്നതിനാൽ ഏത് നിമിഷവും കപ്പൽ പൊട്ടിത്തെറിക്കുകയോ അതിന്റെ എണ്ണ ചരക്ക് ഒഴുകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്
ബെയ്റൂട്ട്/ ലെബനൻ : യെമൻ തീരത്ത് ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഉപേക്ഷിക്കപ്പെട്ട ' എഫ് എസ് ഒ സേഫർ' എന്ന കപ്പലിലെ എണ്ണ ശേഖരം അപകട ഭീഷണിയുയർത്തുന്നു. കപ്പലിൽ 1.1 ദശലക്ഷം ബാരൽ (140,000 ടണ്ണിലധികം) എണ്ണശേഖരമാണുള്ളത്. ടാങ്കർ തുരുമ്പെടുത്ത് നശിക്കുന്നതിനാൽ ഏത് നിമിഷവും കപ്പൽ പൊട്ടിത്തെറിക്കുകയോ അതിന്റെ എണ്ണ ചരക്ക് ഒഴുകുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
യെമൻ തീരത്തുനിന്ന് 6 കിലോമീറ്റർ (4 മൈൽ) അകലെ നങ്കൂരമട്ടിരിക്കുന്ന ഈ കപ്പലിനെ ഒഴുകുന്ന ടൈംബോബെന്നാണ് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചിരിക്കുന്നത്. യെമനിലെ ആഭ്യന്തര യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടതാണ് ഈ കപ്പൽ. കഴിഞ്ഞ ഏഴു വർഷമായി അറ്റകുറ്റപ്പണികൾ നടത്താതെ കിടക്കുന്ന ചരക്കും കപ്പലും എങ്ങനെ സുരക്ഷിതമാക്കുമെന്ന ചർച്ചകൾ തുടരെ പരാജയപ്പെട്ടിരുന്നു. അഗ്നിശമന, പ്രതിരോധ ഉപകരണങ്ങളും കപ്പലിലെ ജനറേറ്ററുകളും പ്രവർത്തിക്കുന്നില്ല.
വേഗത്തിലുള്ള ഒരു പരിഹാരമുണ്ടായില്ലെങ്കിൽ ,ഒരു പൊട്ടിത്തെറിയോ ചോർച്ചയോ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോർച്ച ദുരന്തത്തിന് കാരണമായേക്കാം. യെമനെ മാത്രമല്ല അയൽരാജ്യങ്ങളെ ബാധിക്കുകയും ചെയ്യും. ചോർച്ചയോ പൊട്ടിത്തെറിയോ ഗുരുതരമായ പാരിസ്ഥിതിക നാശവും സൃഷ്ടിക്കുമെന്ന് ഗ്രീൻപീസ് റിസർച്ച് ലബോറട്ടറീസിന്റെ പഠനം വ്യക്തമാക്കുന്നു.
എണ്ണ ചോർച്ചയുണ്ടായാൽ....
അസംസ്‌കൃത എണ്ണയിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വിഷവും അർബുദവുമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഒരു സ്ഫോടനമോ ചോർച്ചയോ ഉണ്ടായാൽ വളരെ ഉയർന്ന അന്തരീക്ഷ മലിനീകരണം ഉണ്ടാകാം. കൂടാതെ ആഭ്യന്തര പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന യെമനിലെ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കും. യെമനിലേക്കുള്ള 68 ശതമാനം സഹായമെത്തുന്ന പ്രധാന തുറമുഖങ്ങളായ ഹൊദൈദ, സാലിഫ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നിലയ്ക്കും. ഇത് 8.4 ദശലക്ഷം പേർക്കുള്ള ഭക്ഷ്യസഹായ വിതരണത്തെ ഗുതുരതമായി ബാധിക്കും. കൂടാതെ യെമൻ തീരത്തുള്ള ഹൊദൈദ, സാലിഫ്, ഏഡൻ എന്നിവിടങ്ങളിലെ ഡീസലൈനേഷൻ പ്ലാന്റുകളെ ബാധിക്കുകയും ഏകദേശം 10 ദശലക്ഷം ആളുകൾക്ക് കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്യും. ചെങ്കടൽ പ്രദേശത്തെ മുഴുവൻ കുടിവെള്ള വിതരണവും വെറും മൂന്നാഴ്ചയ്ക്കുള്ളിൽ എണ്ണയാൽ മലിനമായേക്കാം.
മത്സ്യബന്ധനം നിലയ്ക്കും, ടൂറിസം തകരും...
യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് യെമനിലെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതി മത്സ്യബന്ധനമായിരുന്നു. ക്ഷാമത്തിന്റെ വക്കിലുള്ള ഒരു രാജ്യത്ത് വരുമാനവും ഭക്ഷ്യസുരക്ഷയും നൽകുന്ന മാർഗമാണിത്. എണ്ണ ചോർച്ച ഉണ്ടായാൽ, 1.7 ദശലക്ഷം ആളുകളെ പിന്തുണയ്ക്കുന്ന യെമനി മത്സ്യബന്ധനം മിക്കവാറും അടച്ചിടേണ്ടിവരും. യെമന്റെ അയൽരാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ, സൗദി അറേബ്യ എന്നിവയുടെ തീരപ്രദേശത്തേക്ക് എണ്ണ ഒഴുകിപ്പോകും, ഇത് സൂയസ് കനാലിൽ നിന്നുമുള്ള കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ചെങ്കടൽ റിസോർട്ടുകളിലേക്കും അനുബന്ധ പ്രാദേശിക സമ്പദ്‌വ്യവസ്ഥകളിലേക്കും ടൂറിസത്തെ ബാധിക്കുകയും ചെയ്യുമെന്നാണ് ഗ്രീൻപീസിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉയർന്ന ജൈവവൈവിധ്യമുള്ള ആവാസവ്യവസ്ഥയും കടൽപ്പുല്ലുകൾ, കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ എന്നിവയാൽ സമ്പന്നമായ ആവാസ വ്യവസ്ഥയാണ് ചെങ്കടലിന്റേത്. എണ്ണ ചോർച്ചയുണ്ടായാൽ ലോകത്തിലെ ഒരു പ്രധാന ജൈവവൈവിധ്യ മേഖലയെ ബാധിക്കും.
മുൻഗണന എണ്ണ നീക്കത്തിന് .....
ഒരു വലിയ ചോർച്ചയുടെ ആഘാതം വിനാശകരമായിരിക്കും. ചോർച്ചയുണ്ടെങ്കിൽ എണ്ണയുടെ വ്യാപനം തടയുന്നതിനുള്ള ആദ്യപടിയായി സേഫറിന് ചുറ്റും ഒരു ഓയിൽ കണ്ടെയ്‌ൻമെന്റ് ബൂം വിന്യസിക്കണം. സേഫർ കപ്പലിൽ നിന്ന് എണ്ണ നീക്കം ചെയ്താൽ മാത്രമേ ലഘൂകരിക്കാൻ കഴിയൂ- ഗ്രീൻപീസിന്റെ മെനയിലെ കാമ്പെയ്‌ൻസ് മാനേജർ അഹമ്മദ് എൽ ദ്രൗബി അഭിപ്രായപ്പെട്ടു. സാമ്പത്തികവും രാഷ്ട്രീയവുമായ ബുദ്ധിമുട്ടുകൾക്കിടയിലും ഈ ശ്രമത്തിന് മുൻഗണന നൽകാൻ ഐക്യരാഷ്ട്രസഭയോടും മേഖലയിലെയും മറ്റിടങ്ങളിലെയും എല്ലാ പാർട്ടികളോടും സർക്കാരുകളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. വിഷലിപ്തമായ ക്രൂഡ് ഓയിൽ ഒഴുകിയ പരന്നാൽ ചെങ്കടലിലെ സമൂഹങ്ങൾക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാകും. ഒരു വലിയ ദുരന്തം തടയുന്നതിനോ അല്ലെങ്കിൽ അതിന്റെ ആഘാതം ലഘൂകരിക്കുന്നതിനോ ഉള്ള പ്രവർത്തനത്തിന് ഇനി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധാർമ്മിക ബാധ്യത നിറവേറ്റണം...
“സേഫറിൽ നിന്ന് സുരക്ഷിതമായി എണ്ണ നീക്കം ചെയ്യുന്നതിൽ വലിയ വെല്ലുവിളിയാണ്. എന്നാൽ ഇത് ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ സാങ്കേതികമല്ല, രാഷ്ട്രീയമാണ്. മറ്റ് ടാങ്കറുകളിലേക്ക് എണ്ണ കൈമാറുന്നതിനുള്ള സാങ്കേതികവിദ്യയും വൈദഗ്ധ്യവും നിലവിലുണ്ട്, എന്നാൽ മാസങ്ങൾ നീണ്ട ചർച്ചകൾക്കിടയിലും എല്ലാം സ്തംഭനാവസ്ഥയിലാണ്. സേഫർ അതിന്റെ എക്കാലത്തെയും മോശമായ അവസ്ഥയിലാണ്. കാലാവസ്ഥയെ തകർക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ തുടർച്ചയായ ആശ്രിതത്വത്തിനുവേണ്ടി ജനങ്ങളെയും ചെങ്കടൽ പോലെയുള്ള പ്രാകൃത ആവാസവ്യവസ്ഥകളെയും അപകടത്തിലാക്കുന്നത് നിർത്താനും അതിമോഹമായ നടപടിയെടുക്കാനും സർക്കാരുകൾക്കും എണ്ണ വ്യവസായത്തിനും ധാർമ്മിക ബാധ്യതയുണ്ട്- ഗ്രീൻപീസ് ഇന്റർനാഷണലിലെ പ്രോജക്ട് ലീഡ് സേഫർ റെസ്‌പോൺസ് ടീം പോൾ ഹോഴ്‌സ്‌മാൻ പറഞ്ഞു.
നോർവേ, നെതർലാൻഡ്‌സ്, യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ബഹ്‌റൈൻ പോലുള്ള മേഖലയിലുള്ള രാജ്യങ്ങളും എണ്ണ ചോർച്ച പ്രതികരണ ഹാർഡ്‌വെയറിന്റെ ശേഖരം തയ്യാറാണ്, കൂടാതെ ഐക്യരാഷ്ട്രസഭയുടെ കീഴിൽ സ്റ്റാൻഡ്-ബൈ ആയിരിക്കാൻ ഈ മേഖലയിലേക്ക് ഉപകരണങ്ങൾ അയയ്ക്കാനും കഴിയും. ഏകോപനമാണ് ഇതിൽ പ്രധാനം. യെമനിലെ രാഷ്ട്രീയ പശ്ചാത്തലവും സംഘർഷാവസ്ഥയും കണക്കിലെടുത്ത്, പാരിസ്ഥിതികവും മാനുഷികവുമായ ദുരന്തം തടയുന്നതിനും ചർച്ചകളിൽ വിഷയം മുൻഗണനയാണെന്ന് ഉറപ്പാക്കുന്നതിനും യുഎന്നിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നടപടി നിർണായകമാണ്.
പ്രതീക്ഷ...
ആഭ്യന്തരയുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയും പ്രഹരവുമേറ്റ് യെമൻ തകർന്നു. അതിനിടെയാണ് കൂനിൻമേൽ കുരുവായി ഈ എണ്ണടാങ്കർ ദുരന്തഭൂഷണി സൃഷ്ടിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് അടുത്ത ആറാഴ്ചയ്ക്കകം 600 കോടി രൂപ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് യെമനിലെ യുഎൻ ഹ്യുമാനിറ്റേറിയൻ കോ–ഓർഡിനേറ്റർ ഡേവിഡ് ഗ്രെസ്‌ലി വ്യക്തമാക്കുന്നു. പണം ലഭ്യമാക്കി ക്രൂഡ് ഓയിൽ ചോർച്ച തടയാനുള്ള നടപടികൾക്ക് തുടക്കം കുറിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. നാലുമാസക്കാലം നീണ്ട ചർച്ചയ്ക്കൊടുവിൽ മാർച്ചിലാണ് എണ്ണ മാറ്റാനുള്ള ധാരണാപത്രം ഒപ്പിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA