Expo 2020 Dubai:വിസ്മയം തീര്‍ത്ത് ആഘോഷരാവ്; ചരിത്രമായി എക്സ്പോ 2020
വിസ്മയങ്ങളുടെ വസന്തം തീർത്ത ദുബായ് എക്സ്പോയ്ക്ക് തിരശീല വീഴുമ്പോൾ വലിയൊരു ചരിത്ര നിമിഷത്തിന് കൂടി അത് വേദിയൊരുക്കി. കലാ-സാംസ്കാരിക-സാങ്കേതിക- അന്താരാഷ്ട്ര ഐക്യ വേദികൂടിയായിരുന്നു ദുബായ് എക്സ്പോ. ലോകത്തിന്റെ ദുരിത കാലത്ത് നിന്ന് പുതിയ കാലത്തിലേക്കുള്ള പുലരിയുടെ പിറവിയായി എക്സ്പോയുടെ സമാപന രാവ്.
ലോക മേളയായിത്തീർന്ന ദുബായ് എക്സ്പോയ്ക്ക് തിരശീല വീണു. ആറ് മാസം നീണ്ട ലോകോത്സവമാണ് സമാപിച്ചിരിക്കുന്നത്. സാംസ്കാരിക-കലാ- സാങ്കേതിക മേഖലകളുടെ വൈവിധ്യ സമന്വയങ്ങൾക്കാണ് ദുബായ് വേദിയായത്. ഭൂഗോളത്തെയാകെ പ്രതിനിധീകരിക്കുകയായിരുന്നു എക്സ്പോയിലൂടെ. എക്സ്പോയുടെ സമാപന ആഘോഷത്തിന്‍റെ രാവ് വിസ്മയങ്ങളുടേത് കൂടിയായി. ഏറ്റവും വലിയ ജനപങ്കാളിത്തത്തിനാണ് ദുബായ് സാക്ഷിയായത്. എക്സ്പോയുടെ അവസാന ദിവസങ്ങളിൽ ജനലക്ഷങ്ങളാണ് എക്സ്പോയിലേക്ക് ഒഴുകിയെത്തിയത്. കോവിഡിന്‍റെ ദുരിതകാലത്തിന്മേലുള്ള ലോക ജനതയുടെ വിജയം കൂടിയായി എക്സ്പോയിലെ ജനപങ്കാളിത്തം.
പുലരിവരെ നീണ്ട ആഘോഷരാവിൽ മൂന്ന് തവണ വർണാഭമായ വെടിക്കെട്ടും ലേസർ ഷോയും നടന്നു. എക്സ്പോ വേദിയിലേക്ക് നൂറുണക്കിന് ബസുകൾ ഇടവേളകളില്ലാതെ സർവീസ് നടത്തി. മെട്രോ ട്രെയിനുകൾ ഇളവേള കുറച്ച് സർവീസ് നടത്തി. എന്നിട്ടും അത്ഭുതപൂർണമായ തിരക്കാണ് എക്സ്പോയിലേക്കുള്ള യാത്രയിലാകെ ഉണ്ടായത്. പ്രധാനവേദിയായ അൽ വാസൽ പ്ലാസയിലും മറ്റ് വേദികളിലും ആദ്യം എത്തുന്നവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. എക്സ്പോയുടെ എല്ലാ സ്ഥലങ്ങളിലും വലിയ എൽഇഡി സ്ക്രീനുകൾ സജീകരിച്ചിരുന്നു. അതിനാല്‍ വേദികളില്‍ എത്താൻ കഴിയാത്തവർക്കും പരിപാടികൾ സുഗമമായി കാണാനായി.
സംഗീത- നൃത്ത വിസ്മയങ്ങൾ തീർക്കാൻ ലോകോത്തര കലാകാരന്മാരാണ് എക്സ്പോയിൽ എത്തിയത്. എആർ റഹ്മാന്‍റെ ഫിർദൗസ് ഗായക സംഘം അവതരിപ്പിച്ച ഏഷ്യൻ അറേബ്യൻ ഫ്യൂഷൻ സംഗീതം എക്സ്പോയുടെ മുഖ്യ ആകർഷണമായി. അമേരിക്കൻ സംഗീതതാരങ്ങളായ ക്രിസ്റ്റീന ആഗ്വലേറ, നോറ ജോൺസ്, യോയോ മാ തുടങ്ങിയവരുടെ സംഗീത- നൃത്ത പരിപാടികൾ എക്സ്പോയെ ആവേശത്തിരകളിൽ ആറാടിച്ചു.
''ഇത് അവസാനമല്ല, പുതിയൊരു തുടക്കമാണെന്ന്'' സമാപന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. സമാപന ചടങ്ങിൽ എക്സ്പോയുടെ തീം ഗാനമായ ''ദിസ് ഈസ് ഔർ ടൈം'' അവതരിപ്പിച്ചു. അടുത്ത എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാനിലെ ഒസാകയിലെ സംഘാടകർക്ക് എക്സ്പോയുടെ പതാക ദുബായ് കൈമാറും. ഒസാകയിലെ എക്സ്പോ 2025 ഏപ്രില്‍ 13 മുതൽ ഒക്ടോബർ 13 വരെ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...