COMMERCIAL BREAK
SCROLL TO CONTINUE READING

ദുബായ്: UAEയിലെ എല്ലാ എമിറേറ്റുകളിലും രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.


പലയിടങ്ങളിലും ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 


അതേസമയം, കഴിഞ്ഞ 3-4 ദിവസങ്ങളായി UAEയില്‍ കനത്ത മഴയാണ് ഉണ്ടാവുന്നത്. രണ്ടര ദശകത്തിനിടെ UAE കണ്ട ശക്തമായ മഴയാണ് കഴിഞ്ഞദിവസങ്ങളിൽ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ റിപ്പോര്‍ട്ട് ചെയ്തു. ന്യൂന മര്‍ദ്ദത്തിന്‍റെ ഫലമായി ബുധനാഴ്ച വരെ മഴ തുടരുമൊണ് മുന്നറിയിപ്പ്. 


അതേസമയം, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായാണ് മഴ ശക്തമാകുന്നത് എന്നാണ് അനുമാനം. സൗദിയില്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനയാണ്. മഴ പെയ്യിക്കാനായി ക്ലൗഡ് സീഡി൦ഗ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ മാത്രം ഫലമായല്ല മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഥാനി അഹമ്മദ് സയൂദി വ്യക്തമാക്കി.


ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും തണുത്ത കാറ്റ് വീശുന്നത് തുടരുകയാണ്.  
മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റും അനുഭവപ്പെടും. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കും. തിരമാലകള്‍ രണ്ടു മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. മത്സ്യബന്ധന തൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകളെടുക്കാനും ജാഗ്രത പുലര്‍ത്തുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


റോഡിലെ സ്ഥിതിഗതികൾ വിലയിരുത്താനും പ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കാനുമായി 20 സന്നദ്ധ സേനകൾ തയാറായാണെന്ന് അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അറിയിച്ചു. വെള്ളക്കെട്ടുള്ള റോഡുകളിൽ നിന്ന് വെള്ളം ഒഴിവാക്കുക, ചെളിയും അവശിഷ്ടങ്ങളും നീക്കുക, റോഡുകൾ നന്നാക്കുക എന്നിവയാണ് സംഘത്തിന്‍റെ ജോലികളെന്നും അധികൃതർ വ്യക്തമാക്കി. റോഡുകൾ വൃത്തിയാക്കുന്നതിനും മറ്റും 600 എൻജിനിയർമാർ ഉൾപ്പടെ 3100 ജോലിക്കാരെയാണ് ദുബായ് മുനിസിപ്പാലിറ്റി വിന്യസിച്ചിരിക്കുന്നത്.


അതേസമയം, കനത്ത മഴ വ്യോമഗതാഗതത്തെയും സാരമായി ബാധിച്ചു, മോശം കാലാവസ്ഥയും വിമാനത്താവളങ്ങളിലെ വെള്ളക്കെട്ടും മൂലം പല വിമാനങ്ങളും വൈകുകയും ചില റദ്ദാക്കുകയും ചെയ്തു.