ദുബായ്: ചരിത്രത്തിലാദ്യമായി യുഎഇ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ മലയാളത്തിലുള്ള പ്രാര്‍ത്ഥനയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് മണിക്കൂര്‍ നീളുന്ന കുര്‍ബാനയില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകളിലൊന്നാണ് മലയാളത്തില്‍ മുഴങ്ങുന്നത്. യുഎഇയോടുള്ള ആദര സൂചകമായി ആദ്യ വായന അറബിയിലാണ്. മാര്‍പാപ്പയുടെ കുര്‍ബാനയും പ്രസംഗവും ഇംഗ്ലീഷിലാണ്. 


കേരളത്തില്‍ നിന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്ക ബാവ എന്നിവരും കുര്‍ബാനയില്‍ പങ്കെടുക്കും. 


കൂടാതെ, അള്‍ത്താര വൈദീക സംഘത്തിലും ബാലന്മാരിലും ഗായകസംഘത്തിലും മലയാളി സ്പര്‍ശം ഉണ്ടാകും. കൊട്ടാരത്തില്‍ മാര്‍പാപ്പയെ സ്വീകരിക്കുന്ന വൈദീകരില്‍ അഞ്ച് പേര്‍ മലയാളികളാണ്. 


ഫെബ്രുവരി അഞ്ചിന് അബുദാബി ഷെയ്ക് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് കുര്‍ബാന നടക്കുന്നത്. 


കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന മതാന്തര സംവാദത്തില്‍ അമൃതാനന്ദമയി മഠത്തില്‍ നിന്ന് സ്വാമി അമൃതസ്വരൂപാനന്ദ, കേരളാ മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി  സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരും പങ്കെടുക്കും.