കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി നഴ്സുമര്‍ക്ക് ജോലി നഷ്ടമായി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ ആംബുലന്‍സ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന33 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. ഇതില്‍ 30 പേര്‍ മലയാളികളാണ്. കരാര്‍ വ്യവസ്ഥയില്‍ ജോലിയില്‍ പ്രവേശിച്ചവരായിരുന്നു ഇവര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചു വര്‍ഷത്തേക്ക് നിയമനം ലഭിക്കുമെന്ന് നാട്ടിലെ ഏജന്റിന്റെ വാക്ക് വിശ്വസിച്ച് ആറും ഏഴും ലക്ഷം നല്‍കി കുവൈത്തില്‍ എത്തിയവരാണ് പിരിച്ചുവിടപ്പെട്ടത്. നാട്ടിലെ ബാധ്യത തീര്‍ക്കാന്‍ കുവൈത്തിലെ ബാങ്കില്‍ നിന്നെടുത്ത വായ്പാ തിരിച്ചടവ് പൂര്‍ത്തിയാകും മുമ്പാണ് പിരിച്ചു വിടല്‍. 


ജോലി നഷ്ടപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചുപോകണമെങ്കില്‍ ബാങ്കുമായുള്ള ബാധ്യത തീര്‍ക്കേണ്ടതുണ്ട്. കൂടുതല്‍ പേരും പണം തിരിച്ചടക്കാന്‍ കഴിയാത്തവരുമാണ്. നിയമപ്രകാരമുള്ള രേഖകളും വ്യവസ്ഥകളും പൂര്‍ത്തീകരിച്ചാണ് നടപടി എന്നതിനാല്‍ മന്ത്രാലയത്തെ പിഴവുണ്ടായിരുന്നില്ല. മന്ത്രാലയം കരാര്‍ നല്‍കിയ കുവൈത്തിലെ ഏജന്‍സികളും കൃത്യമായി നടപടികള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ നാട്ടിലെ ഏജന്റുമാരെ വിശ്വസിച്ചതാണ് ഇവര്‍ക്ക് വിനയായത്.